കൊവിഡ് മുക്തര്‍ക്കും വാക്സിന്‍ എടുക്കാമെന്ന് ഖത്തര്‍ ആരോഗ്യമന്ത്രാലയം
Every one can take vaccine; Qatar Health Ministry
ദോഹ: കൊവിഡ് ബാധിച്ച് രോഗമുക്തി നേടിയവര്‍ക്കും കൊവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിക്കാമെന്ന് ഖത്തര്‍ ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. കൊവിഡ് മുക്തി നേടിയവര്‍ക്ക് മൂന്ന് മാസത്തേക്ക് കൊവിഡ് പ്രതിരോധശേഷി ഉണ്ടാവുമെന്നാണ് ആരോഗ്യ മേഖലയിലെ വിലയിരുത്തല്‍. ചുരുങ്ങിയത് ഇത്രയും കാലമെങ്കിലും വൈറസിനെ പ്രതിരോധിക്കുന്ന ആന്റിബോഡി ശരീരത്തില്‍ ഉണ്ടാകും. എന്നിരുന്നാലും ഈ കാലാവധി കഴിയുന്നതു വരെ വാക്സിനെടുക്കാന്‍ കാത്തിരിക്കണമന്നില്ല.
പ്ലാസ്മ ചികില്‍സ എടുത്തവര്‍ കാത്തിരിക്കണം
ശരീരത്തില്‍ പ്രതിരോധ ശേഷിയുണ്ടെങ്കിലും വാക്സിന്‍ എടുക്കുന്നതു കൊണ്ട് പ്രശ്നങ്ങളൊന്നുമില്ലെന്നും പൊതുജനാരോഗ്യ മന്ത്രാലയത്തിലെ ഡയറക്ടര്‍മാരില്‍ ഒരാളായ ഡോ. ഹമദ് അല്‍ റുമൈഹി പറഞ്ഞു. അതേസമയം, കൊവിഡ് ബാധിച്ച സമയത്ത് രോഗിക്ക് പ്ലാസ്മ ചികിത്സ ലഭിച്ചിട്ടുണ്ടെങ്കില്‍ ഉടനെ വാക്സിന്‍ എടുക്കരുതെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. അവര്‍ വാക്‌സിനേഷന്‍ ലഭിക്കുന്നതിന് മൂന്നു മാസം കാത്തിരിക്കണം. എന്നാല്‍ പ്ലാസ്മ ചികിത്സ ലഭിക്കാത്തവരാണെങ്കില്‍ അസുഖം ഭേദമായതിനു ശേഷം ക്വാറന്റൈന്‍ കാലാവധി കഴിഞ്ഞാലുടന്‍ വാക്‌സിനേഷന്‍ എടുക്കാവുന്നതാണ്. കൊവിഡ് മുക്തരായ ആളുകള്‍ക്ക് ഒരു ഡോസ് മാത്രമേ നല്‍കേണ്ടതുള്ളൂവെന്ന് ചില പഠനങ്ങള്‍ നിര്‍ദ്ദേശിക്കുന്നുണ്ടെങ്കിലും ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ നിലവിലെ പ്രോട്ടോക്കോള്‍ അനുസരിച്ച് കൊവിഡ് മുക്തി നേടിയ വ്യക്തിക്ക് രണ്ട് ഡോസ് വാക്‌സിന്‍ നല്‍കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
ക്വാറന്റൈന്‍ ഇളവ് രണ്ട് ഡോസ് എടുത്തവര്‍ക്ക്
സ്വന്തം രാജ്യത്തു നിന്നും വാക്‌സിനേഷന്റെ ഒരു ഡോസ് മാത്രമെടുത്ത് ഖത്തറിലെത്തുന്ന ആളുകള്‍ക്ക് ക്വാറന്റൈന്‍ അനിവാര്യമാണെന്ന് ഡോ. ഹമദ് അല്‍ റുമൈഹി നിര്‍ദേശിച്ചു. അതുകൊണ്ട് ക്വാറന്റൈന്‍ ഒഴിവാക്കാന്‍ രണ്ട് ഡോസ് സ്വീകരിച്ച് രണ്ടാഴ്ച കഴിയണമെന്നാണ് കണക്ക്. മറ്റു രാജ്യങ്ങളില്‍ നിന്ന് ഒരു ഡോസ് വാക്‌സിന്‍ മാത്രം എടുത്ത് വരുന്നവര്‍ ഖത്തറില്‍ താമസ വിസക്കാരാണെങ്കില്‍ രണ്ടാമത്തെ ഡോസ് ഇവിടെ നിന്നും ലഭിക്കുന്നതാണ്. എന്നാല്‍ സന്ദര്‍ശക വിസയിലുള്ളവരാണെങ്കില്‍ രണ്ടാം ഡോസ് ഖത്തറില്‍ വച്ച് ലഭിക്കുകയെന്നത് പ്രയാസകരമാണ്. വാക്സിനേഷന്റെ കാര്യത്തില്‍ മുന്‍ഗണന രാജ്യത്തെ പൗരന്മാര്‍ക്കും പ്രവാസികളായ താമസക്കാര്‍ക്കാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൊവാക്സിന്‍ എടുത്തവര്‍ക്ക് ഇളവില്ല
ഇന്ത്യയില്‍ നല്‍കുന്ന കൊവിഷീല്‍ഡ് വാക്‌സിന് ഖത്തറില്‍ ക്വാറന്റീന്‍ ഇളവ് ലഭിക്കുമെന്ന് ഇന്ത്യന്‍ എംബസി സ്ഥിരീകരിച്ചു. വാക്‌സിന്റെ രണ്ടാം ഡോസ് സ്വീകരിച്ച് 14 ദിവസം പൂര്‍ത്തിയാക്കിയവര്‍ക്കു മാത്രമാണ് ഇളവ് ലഭിക്കുക. യാത്ര ചെയ്യുമ്പോള്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് കയ്യില്‍ കരുതണമെന്നും എംബസി വ്യക്തമാക്കി. എന്നാല്‍ ഇന്ത്യയില്‍ വ്യാപകമായി നല്‍കിവരുന്ന കൊവാക്‌സിന്‍ എടുത്തവര്‍ ക്വാറന്റൈന്‍ ഇളവിന് പരിഗണിക്കപ്പെടില്ല. ഖത്തര്‍ നേരത്തേ അംഗീകാരം നല്‍കിയ ആസ്ട്രസെനക്ക വാക്‌സിന് സമാനമാണ് പൂനയിലെ സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഉല്‍പ്പാദിപ്പിക്കുന്ന കൊവിഷീല്‍ഡ് വാക്‌സിന്‍. എന്നാല്‍, ഭാരത് ബയോടെക് ഐസിഎംആറുമായി ചേര്‍ന്നു വികസിപ്പിച്ച ഇന്ത്യയുടെ സ്വന്തം വാക്‌സിനായ കൊവാക്‌സിന്‍ ഒട്ടുമിക്ക വിദേശരാജ്യങ്ങളും ഇതുവരെ ഔദ്യോഗിക അംഗീകാരം നല്‍കിയിട്ടില്ല.