മന്ത്രി കെടി ജലീലിന് സ്വര്‍ണക്കടത്തുമായി ബന്ധമില്ലെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്
Enforcement Directorate says Minister KT Jaleel has nothing to do with gold smuggling
സ്വര്‍ണക്കടത്ത് കേസുമായി കെടി ജലീലിന് ഒരു ബന്ധവും ഇല്ലെന്നാണ് ഇതോടെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കിയിരിക്കുന്നത് എന്നാണ് വിവരം. യുഎഇയില്‍ നിന്നെത്തിയ ഖുറാന്‍ സര്‍ക്കാര്‍ വാഹനത്തില്‍ കൊണ്ടുപോയി എന്നത് സംബന്ധിച്ചായിരുന്നു ആക്ഷേപം. യുഎഇ കോണ്‍സുല്‍ ജനറലിന്റെ അഭ്യര്‍ത്ഥന പ്രകാരം ആണ് സഹായിച്ചത് എന്ന് ജലീല്‍ നേരത്തേ വ്യക്തമാക്കിയിരുന്നു.
കെടി ജലീലിനെ എന്‍ഫോഴ്‌സ്‌മെന്റ് വീണ്ടും ചോദ്യം ചെയ്‌തേക്കും എന്ന മട്ടിലായിരുന്നു വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നത്. എന്നാല്‍ തുടര്‍ ചോദ്യം ചെയ്യല്‍ ഉണ്ടാവില്ലെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വിവരം. അതീവ രഹസ്യമായി ജലീല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസില്‍ എത്തിയതിനെതിരെ വലിയതോതില്‍ മാധ്യമങ്ങള്‍ വിമര്‍ശനം ഉയര്‍ത്തിയിരുന്നു.
കെടി ജലീല്‍ നല്‍കിയ മൊഴിയില്‍ വൈരുദ്ധ്യങ്ങളില്ലെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കിയിട്ടുണ്ട് എന്നാണ് ന്യൂസ്18 കേരളം റിപ്പോര്‍ട്ട് ചെയ്യുന്നത്. സ്വത്ത് വിവരങ്ങളും ബാങ്ക് അക്കൗണ്ടുകള്‍ സംബന്ധിച്ച രേഖകളും കെടി ജലീല്‍ ഹാജരാക്കിയിരുന്നു.
കെടി ജലീലിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്ത സാഹചര്യത്തില്‍ അദ്ദേഹം മന്ത്രി സ്ഥാനം രാജിവയ്ക്കണം എന്നായിരുന്നു കോണ്‍ഗ്രസിന്റേയും മുസ്ലീം ലീഗിന്റേയും ബിജെപിയുടേയും ആവശ്യം. കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനമൊട്ടാകെ ഇക്കാര്യം ഉന്നയിച്ച് ശക്തമായ സമരവും നടത്തിവരികയായിരുന്നു ഇവര്‍.