Gulf News

എമിറേറ്റ്‌സ് ഐഡിയും പാസ്‌പോര്‍ട്ടും പുതിയ ഡിസൈനില്‍

Emirates ID and passport in new design

അബുദാബി: യുഎഇയുടെ തിരിച്ചറിയല്‍ കാര്‍ഡായ എമിറേറ്റ്‌സ് ഐഡിയും പാസ്‌പോര്‍ട്ടും ഇനി പുതിയ ഡിസൈനില്‍. കൂടുതല്‍ ഡിജിറ്റല്‍ കോഡുകള്‍ ഉള്‍പ്പെടുത്തി രണ്ടിന്റെയും സുരക്ഷ ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തോടെയാണിത്. ഡിസൈന്‍ മാറ്റത്തിന് ദുബായ് ഭരണാധികാരിയും യുഎഇ വൈസ് പ്രസിഡന്റും പ്രധാമന്ത്രിയുമായ ശെയ്ഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യുഎഇ കാബിനറ്റ് അംഗീകാരം നല്‍കിക്കഴഞ്ഞു.

​മികച്ച സുരക്ഷാ കോഡുകള്‍

ഏറ്റവും മികച്ച അന്താരാഷ്ട്ര സുരക്ഷാ മാനദണ്ഡങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പാസ്‌പോര്‍ട്ടും എമിറേറ്റ്‌സ് ഐഡിയും പുതിയ ഡിസൈനിലേക്ക് മാറുന്നത്. പാസ്‌പോര്‍ട്ടുകള്‍ വിമാനത്താവളങ്ങളില്‍ വച്ച് പെട്ടെന്ന് തിരിച്ചറിയാന്‍ പാകത്തിലുള്ള ഡിജിറ്റല്‍ സുരക്ഷാ കോഡുകള്‍ പുതുതായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ രീതിയില്‍ പാസ്‌പോര്‍ട്ടിന്റെ സുരക്ഷ ഉറപ്പാക്കുന്ന ആദ്യ അറബ് രാജ്യമായി ഇതോടെ യുഎഇ മാറും.

സൈബര്‍ സുരക്ഷാ കൗണ്‍സില്‍

ഇതോടൊപ്പം രാജ്യത്ത് സൈബര്‍ സുരക്ഷ ഉറപ്പാക്കുന്നതിനായി ഒരു സൈബര്‍ സെക്യൂരിറ്റി കൗണ്‍സില്‍ രൂപീകരിക്കാനും കാബിനറ്റ് തീരുമാനിച്ചു. രാജ്യത്തെ എല്ലാ മേഖലകളില്‍ സൈബര്‍ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നയരൂപീകരണവും നിയമനിര്‍മാണവുമാണ് ഒരു സൈബര്‍ സെക്യൂരിറ്റി കൗണ്‍സിലിന്റെ ചുമതല.

പ്രകൃതി സംരക്ഷണത്തിന് ഊന്നല്‍

രാജ്യത്ത് പ്രകൃതി സംരക്ഷണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഒരു പൊതു നയത്തിനും യുഎഇ മന്ത്രിസഭ രൂപം നല്‍കിയിട്ടുണ്ട്. രാജ്യത്തെ അന്തരീക്ഷ വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുക, കാര്‍ഷിക ഉല്‍പ്പാദനം വര്‍ധിപ്പിക്കുക, മാലിന്യ സംസ്‌ക്കരണം കാര്യക്ഷമമാക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ് ഈ പബ്ലിക് പോളിസി.

ദേശീയ മാധ്യമ സംഘം

യുഎഇയില്‍ പുതുതായി ദേശീയ മീഡിയ ടീം രൂപീകരിക്കുവാനും കാബിനറ്റ് യോഗം തീരുമാനിച്ചു. രാജ്യത്തെ മാധ്യമ രംഗത്തെ പ്രമുഖര്‍ ഉള്‍പ്പെടുന്നതാണ് മീഡിയ ടീം. യുഎഇ മാധ്യമ രംഗം മെച്ചപ്പെടുത്തുന്നതിനുള്ള നയങ്ങള്‍ രൂപീകരിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

കാലാവസ്ഥാ വ്യതിയാനത്തിന് പ്രതിനിധി

വ്യവസായ മന്ത്രി ഡോ. സുല്‍ത്താന്‍ അല്‍ ജാബിറിനെ കാലാവസ്ഥാ വ്യതിയാനം നേരിടുന്നതിനായുള്ള യുഎഇയുടെ പ്രത്യേക പ്രതിനിധിയായി നിയമിച്ചതാണ് കാബിനറ്റ് എടുത്ത മറ്റൊരു തീരുമാനം. ക്ലൈമറ്റ് ചെയ്ഞ്ചുമായി ബന്ധപ്പെട്ട ആഗോള ചര്‍ച്ചകളിലും ഫോറങ്ങളിലും ഇദ്ദേഹമാണ് ഇനി മുതല്‍ യുഎഇയെ പ്രതിനിധീകരിച്ച് പങ്കെടുക്കുക.

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button