Gulf News

യുഎഇ-തിരുവനന്തപുരം റൂട്ടില്‍ അവധിക്കാല ഓഫറുമായി എമിറേറ്റ്‌സ് എയര്‍ലൈന്‍സ്

Emirates Airlines launches holiday offer on UAE-Thiruvananthapuram route

ദുബായ്: സ്‌കൂളുകളുടെ ഇടക്കാല അവധി ആരംഭിക്കാനിരിക്കെ ഇന്ത്യ, പാകിസ്താന്‍, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങളേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് വിവിധ ഓഫറുകളുമായി എമിറേറ്റ്‌സ് എയര്‍ലൈന്‍. അവധിക്കാലമാവുന്നതോടെ രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യുന്നവരെ ആകര്‍ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കുറഞ്ഞ ടിക്കറ്റ് നിരക്ക് ഉള്‍പ്പെടെയുള്ള ഓഫറുകള്‍ എമിറേറ്റ്‌സ് എയര്‍ലൈന്‍സ് പ്രഖ്യാപിച്ചിരിക്കുന്നത്. ഡിസംബര്‍ 19നു മുമ്പ് വാങ്ങുന്ന ടിക്കറ്റുകള്‍ക്കായിരിക്കും ഓഫര്‍ ബാധകം. മെയ് 31നു മുമ്പുള്ള യാത്രകള്‍ക്കു മാത്രമേ ഓഫറുകള്‍ ലഭിക്കൂ എന്നും അധികൃതര്‍ അറിയിച്ചു.

തിരുവനന്തപുരത്തേക്ക് 1145 ദിര്‍ഹം

അവധിക്കാല ഓഫര്‍ പ്രകാരം തിരുവനന്തപുരത്തേക്ക് 1145 ദിര്‍ഹമാണ് ടിക്കറ്റ് നിരക്ക്. കറാച്ചിയിലേക്ക് 1045ഉം ലണ്ടനിലേക്ക് 2365ഉം ദിര്‍ഹമാണ് ഓഫര്‍ പ്രൈസ്. അയല്‍ രാജ്യങ്ങളിലെ ജിദ്ദ, മദീന, ബെയ്‌റൂത്ത്, കെയ്‌റോ, അമ്മാന്‍ തുടങ്ങിയ സ്ഥലങ്ങളിലേക്ക് 1425 ദിര്‍ഹമിനും 1995 ദിര്‍ഹമിനും ഇടയില്‍ ടിക്കറ്റ് നിരക്കുള്ളപ്പോഴാണ് തിരുവനന്തപുരത്തേക്കും കറാച്ചിയിലേക്കുമൊക്കെ ചെറിയ നിരക്ക് മാത്രം ഈടാക്കുന്നത്. ഓഫര്‍ സ്വീകരിച്ച് കുടുംബങ്ങളെയും സുഹൃത്തുക്കളെയും കാണാന്‍ നാടുകളിലേക്ക് പറക്കൂ, അല്ലെങ്കില്‍ ലോകത്തിലെ പുതിയ സ്ഥലങ്ങള്‍ കണ്ടെത്തൂ- എമിറേറ്റ്‌സ് പ്രസ്താവനയില്‍ അറിയിച്ചു.

ട്രാവല്‍ ഇന്‍ഷൂറന്‍സ് സൗജന്യം

കൊവിഡിന്റെ പശ്ചാത്തലത്തില്‍ ആളുകള്‍ യാത്രകള്‍ ചെയ്യാന്‍ മടിച്ചുനില്‍ക്കുന്ന സാഹചര്യത്തില്‍ അവര്‍ക്ക് കൂടുതല്‍ യാത്രകള്‍ ചെയ്യാന്‍ പ്രോല്‍സാഹനം നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ ഓഫറുകള്‍ പ്രഖ്യാപിച്ചിരുക്കുന്നതെന്നും എയര്‍ലൈന്‍ അഭിപ്രായപ്പെട്ടു. ഡിസംബര്‍ ഒന്നു മുതല്‍ വാങ്ങുന്ന എമിറേറ്റ്‌സിന്റെ എല്ലാ ടിക്കറ്റുകള്‍ക്കും വിവിധോദ്ദേശ്യ ട്രാവല്‍ ഇന്‍ഷൂറന്‍സും കൊവിഡ് കവറേജും സൗജന്യമായി നല്‍കും. യാത്രക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തി എല്ലാവര്‍ക്കും മാസ്‌ക്കും കൈയുറകളും സാനിറ്റൈസറും ഉള്‍പ്പെടെയുള്ള സേഫ്റ്റി കിറ്റ് വിതരണം ചെയ്യുമെന്നും എയര്‍ലൈന്‍സ് അറിയിച്ചു.

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button