തിരുവനന്തപുരം: മയക്കുമരുന്നുകേസിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണത്തിനായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ ബിനീഷ് കോടിയേരിയുടെ വീട്ടിലെത്തി. മരുതംകുഴി കൂട്ടാന്‍വിളയിലുള്ള വീട്ടിലാണ് പരിശോധനയ്ക്കായി ഉദ്യോഗസ്ഥർ എത്തിയിരിക്കുന്നത്. സംഘത്തിൽ ആദായ നികുതി വകുപ്പിലെ ഉദ്യോഗസ്ഥരും ഉണ്ടെന്നാണ് മാതൃഭൂമി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറിയും ബിനീഷിന്‍റെ പിതാവുമായ കോടിയേരി ബാലകൃഷ്ണൻ താമസിച്ചിരുന്ന വീട്ടിലാണ് എട്ടംഗ സംഘം പരിശോധനയ്ക്ക് എത്തിയിരിക്കുന്നത്. കര്‍ണാടക പോലീസും സിആര്‍പിഎഫും ഇഡി സംഘത്തിനൊപ്പമുണ്ട്. രാവിലെ 9 മണിയോടെയാണ് ഉദ്യോഗസ്ഥർ വീട്ടിലെത്തിയത്.
എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് പുറമെ ബിനീഷ് കോടിയേരിയുടെ സാമ്പത്തിക ഇടപാടുകൾ ആദായനികുതി വകുപ്പും അന്വേഷിക്കുന്നുണ്ട്. ഇവരും ബിനീഷിനെതിരെ കേസ് രജിസ്റ്റർ ചെയ്തേക്കുമെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്. ഇഡി കണ്ടെത്തിയ ആദായ നികുതി റിട്ടേണും ബാങ്ക് നിക്ഷേപവും തമ്മിലുള്ള വ്യത്യാസമാണ് ആദായ നികുതി വകുപ്പ് നടപടിക്ക് പിന്നിൽ.
കേരളത്തിലെ ബിനീഷിന്‍റെ കമ്പനികളെക്കുറിച്ചും ബന്ധപ്പെട്ടും ഇഡി അന്വേഷണം നടക്കുന്നുണ്ട്. നിലവിൽ ആറ് ഇടങ്ങളിലാണ് ഇഡി പരിശോധന നടക്കുന്നത്. ബിനീഷ് കോടിയേരിയുടെ തിരുവനന്തപുരത്തെ വീടിന് പുറമെ ആനന്ദ് പദ്മനാഭന്‍, അരുൺ വർഗീസ്, അബ്ദുൾ ജബ്ബാർ, അബ്ദുൾ ലത്തീഫ് എന്നിവരുടെ വീടുകളിലും, ഒരു സ്ഥാപനത്തിന്‍റെ ഓഫീസിലുമാണ് ബംഗളൂരുവില്‍ നിന്നുള്ള ഇഡി സംഘം പരിശോധന നടത്തുന്നത്. അബ്ദുൾ ലത്തീഫ് എന്നയാൾ ബിനീഷ് കോടിയേരിയുടെ ബിനാമിയാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നതെന്ന് ഏഷ്യാനെറ്റ് റിപ്പോർട്ട് ചെയ്യുന്നു.