Gulf News

ഇ ടോയ്‌ലെറ്റ്, ഡി ടോയ്‌ലെറ്റ്, ഷീ ടോയ്‌ലെറ്റ്; പുരസ്‌കാര നിറവില്‍ മലയാളി പ്രവാസി വ്യവസായി

E Toilet, D Toilet, She Toilet; Malayalee expatriate businessman with award

സൗദി അറേബ്യയിലെ പ്രമുഖ വ്യവസായിയും ഇറാം ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. സിദ്ദീഖ് അഹമ്മദിനെ പറ്റി അറിയാത്ത മലയാളികള്‍ വിരളമായിരിക്കും. ഈ വര്‍ഷത്തെ പ്രവാസി ഭാരതീയ സമ്മാന്‍ പുരസ്‌കാരത്തിന് അര്‍ഹരായവരില്‍ ഒരാള്‍ കൂടിയാണ് അദ്ദേഹം. എന്നാല്‍ ഇന്ത്യയില്‍ തുടങ്ങി മിഡിലീസ്റ്റിലെയും വടക്കന്‍ ആഫ്രിക്കയിലെയും നഗരങ്ങളിലേക്ക് വ്യാപിച്ച ഇ-ടോയ്‌ലെറ്റുകളുടെ ശില്‍പ്പി ഈ പാലക്കാട് സ്വദേശിയാണെന്ന് അറിയുന്നവര്‍ ചിലപ്പോള്‍ കുറവായിരിക്കും.

​വിപ്ലവം സൃഷ്ടിച്ച് ടോയ്‌ലെറ്റ് രാജാവ്

ഇന്ത്യന്‍ നഗരങ്ങളിലും പട്ടണങ്ങളിലും എത്തുന്ന സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഉപയോഗിക്കാന്‍ വൃത്തിയുള്ള ടോയ്‌ലെറ്റ് സംവിധാനമില്ലെന്നു മനസ്സിലാക്കിയ സിദ്ദീഖ് അഹമ്മദ്, ഇതിനു പരിഹാരമായി ഇ-ടോയ്‌ലെറ്റ് സംവിധാനം കൊണ്ടുവരുന്നത് 2009ലായിരുന്നു. സാങ്കേതികവിദ്യയുടെ കുതിച്ചുചാട്ടത്തിനിടയിലും ജനങ്ങളുടെ പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കാനുള്ള സൗകര്യമില്ലെന്നത് ഇന്ത്യന്‍ നഗരങ്ങളുടെ വലിയ പോരായ്മയായാണ് അദ്ദേഹം കണ്ടത്. നിലവിലെ ടോയ്‌ലെറ്റുകള്‍ വൃത്തിയായി സൂക്ഷിക്കാനുള്ള സംവിധാനമില്ലാത്തതാണ് ഇതിന്റെ പ്രധാന കാരണമെന്ന് മനസ്സിലാക്കിയ അദ്ദേഹം, ഉപയോഗശേഷം സ്വയം വൃത്തിയാക്കുന്ന ഇലക്ട്രോണിക് ടോയ്‌ലെറ്റ് സംവിധാനവുമായി രംഗത്തുവരികയായിരുന്നു.

​4000 ഇ-ടോയ്‌ലെറ്റുകള്‍, 15 ദശലക്ഷം ഉപയോക്താക്കള്‍

4000-15-

2009ല്‍ ഇന്ത്യയില്‍ ആരംഭിച്ച ഇലക്ട്രോണിക് ടോയ്‌ലെറ്റുകളുടെ എണ്ണം രാജ്യത്ത് ഇതിനകം 4000 കവിഞ്ഞു. രാജ്യത്തെ വെളിയിടങ്ങളില്‍ മലമൂത്ര വിസര്‍ജ്ജനത്തിന് നിര്‍ബന്ധിതരായ 60 കോടിയിലേറെ ജനങ്ങളെ ലക്ഷ്യമിട്ടായിരുന്നു ഈ നൂതന പദ്ധതി. ഇവരില്‍ 15 ദശലക്ഷം പേര്‍ ഇപ്പോള്‍ ഇ ടോയ്‌ലെറ്റ് ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്ക്. ഇന്ത്യയ്ക്കു പുറത്ത് മിഡിലീസ്റ്റ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ വന്‍ സ്വീകാര്യതയാണ് തന്റെ സ്വപ്‌ന പദ്ധതിക്ക് ലഭിച്ചതെന്ന് ഡോ. സിദ്ദീഖ് അഹമ്മദ് പറയുന്നു. മറ്റു നേട്ടങ്ങള്‍ക്കൊപ്പം സ്വച്ഛ് ഭാരത് കാംപയിന്‍ ലക്ഷ്യത്തോട് ചേര്‍ന്നു നില്‍ക്കുന്ന തന്റെ ഇ-ടോയ്‌ലെറ്റ് പദ്ധതിയാണ് തന്നെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയതെന്നാണ് അദ്ദേഹത്തിന്റെ പക്ഷം.

​ഷീ ടോയ്‌ലെറ്റുകളും ഡി ടോയ്‌ലെറ്റുകളും

ഇലക്ട്രോണിക് ടോയ്‌ലെറ്റ് അധവാ ഇ-ടോയ്‌ലെറ്റിനു പുറമെ, സ്മാര്‍ട്ട് ഷീ ടോയ്‌ലെറ്റുകളും ഡി ടോയ്‌ലെറ്റുകളും ഇന്ന് നിലവിലുണ്ട്. സ്ത്രീകള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ആയാസരഹിതമായി ഉപയോക്കാനാവുന്നതാണ് ഷീ ടോയ്‌ലെറ്റുകള്‍. അതോടൊപ്പം വിദ്യാര്‍ഥികള്‍ക്ക് എളുപ്പത്തില്‍ ഉപയോഗിക്കാനാവുന്ന ഡി ടോയ്‌ലെറ്റുകളും വിദ്യാലയങ്ങളില്‍ വ്യാപകമാണ്. ടോയ്‌ലെറ്റിനൊപ്പം ഒരു വിശ്രമമുറി കൂടി ഉള്‍പ്പെടുത്തിയിട്ടുള്ള പുതിയ വേര്‍ഷന്‍ ഇ ടോയ്‌ലെറ്റുകളും പുതുതായി രൂപകല്‍പ്പന ചെയ്തിട്ടുണ്ട്. നാപ്കിന്‍ വെന്‍ഡിംഗ് മെഷീന്‍, ഇന്‍സിനറേറ്റര്‍, മുലയൂട്ടാനുള്ള സൗകര്യം, ഡയപ്പര്‍ മാറ്റാനുള്ള സൗകര്യം, ഫാന്‍, ബെഞ്ച്, കണ്ണാടി തുടങ്ങിയ സംവിധാനങ്ങള്‍ ഇതിലുണ്ടാകും.

​സാമൂഹിക പ്രതിബദ്ധതയുടെ ഭാഗം

കോയിന്‍ ഓപ്പറേറ്റര്‍ വാതിലാണ് ഇ ടോയ്‌ലെറ്റിന്റെ പ്രധാന പ്രത്യേകത. ഒരു രൂപ കോയിന്‍ വാതിലനടുത്തുള്ള ബോക്സില്‍ നിക്ഷേപിച്ചാല്‍ വാതില്‍ തുറക്കും. പുറത്തുള്ള പച്ച ലൈറ്റ് അകത്തേക്ക് പ്രവേശിക്കാനുള്ള അനുമതിയാണ്. ഉള്ളില്‍ ഉപയോക്താവ് എത്തിയാല്‍ പുറമെയുള്ള ചുവപ്പ് ലൈറ്റ് കത്തും. ഉപയോഗത്തിനു മുന്‍പും ശേഷവും ടോയ്ലെറ്റ് സ്വയം ഫ്‌ളഷ് ചെയ്ത് വൃത്തിയാക്കും. ആവശ്യമെങ്കില്‍ സ്വിച്ച് ഉപയോഗിച്ചും വൃത്തിയാക്കാം. സാമൂഹിക പ്രതിബദ്ധതയിലൂന്നി നടപ്പാക്കിയ അതിനൂതന പദ്ധതിയാണ് ഇ-ടോയ്ലെറ്റെന്ന് അദ്ദേഹം പറഞ്ഞു. ശുചിത്വവും ജലോപയോഗത്തിന്റെ കുറവുമാണ് ഈ പദ്ധതിയെ വേറിട്ടതാക്കുന്നത്. ഏറ്റവും കുറഞ്ഞ ജലോപയോഗമാണ് ഇതിന്റെ പ്രധാന പ്രത്യേകത. ഇത് വഴി ജലോപയോഗം ഏഴിലൊന്നായി കുറയ്ക്കാനാകുമെന്നും ഡോ. സിദ്ദീഖ് അഹമ്മദ് പറഞ്ഞു.

​ടോയ്‌ലെറ്റിനെ കുറിച്ച് പറയുന്നത് മോശം!

11 വര്‍ഷം മുമ്പ് ഇലക്ട്രോണിക് ടോയ്ലെറ്റ് എന്ന ആശയവുമായി മുന്നോട്ട് വന്നപ്പോള്‍ പലരും കളിയാക്കിയിരുന്നതായി റിയാദില്‍ നടന്ന ഒരു ചടങ്ങില്‍ അദ്ദേഹം പറഞ്ഞു. ടോയ്ലെറ്റിനെ കുറിച്ച് പറയുന്നത് മോശമാണെന്ന കാഴ്ചപ്പാടാണ് നാട്ടിലെ ജനങ്ങള്‍ക്ക്. എന്നാല്‍ അതിനെയെല്ലാം അവഗണിച്ച് ശുഭാപ്തി വിശ്വാസത്തോടെയാണ് പദ്ധതിയുമായി മുന്നോട്ടുപോയത്. പൊതുവെ ശുചിത്വത്തിന്റെ കാര്യത്തില്‍ നാം അവഗണിക്കുന്ന രണ്ടിടങ്ങളാണ് ടോയ്ലെറ്റും അടുക്കളയും. ഈ രണ്ടിടങ്ങളിലും ശുചിത്വം ഉറപ്പുവരുത്തിയാലേ നമ്മുടെ ആരോഗ്യ പരിരക്ഷ സാധ്യമാവൂ. ഇ-ടോയ്ലറ്റിന്റെ ഘടനയും ഉപയോഗവും ശുചിത്വ പരിപാലനത്തിന് ഏറ്റവും അനുയോജ്യമാണെന്നും ഈയൊരു സാങ്കേതിക വിദ്യ ഫലപ്രദമാക്കി നടപ്പിലാക്കാനായത് മൂലമാണ് തന്നെ അവാര്‍ഡിനായി കേന്ദ്ര സര്‍ക്കാര്‍ പരിഗണിച്ചതെന്നും അദ്ദേഹം പറഞ്ഞു.

​ഇ ടോയ്‌ലെറ്റുകള്‍ പരിഷ്‌ക്കരിക്കും

വിവിധ രാജ്യങ്ങളിലായി ബിസിനസ് ശൃംഖലയുള്ള ഗ്രൂപ്പിന് കീഴില്‍ ഒട്ടേറെ പദ്ധതികള്‍ നടന്നു വരുന്നുണ്ടെങ്കിലും ഇ-ടോയ്ലെറ്റ് പദ്ധതി കൂടുതല്‍ വിപുലപ്പെടുത്താനാണ് കമ്പനിയുടെ തീരുമാനം. നവീകരണത്തിന്റെ ഭാഗമായി അമേരിക്കയിലെ കാല്‍ടെക്ക് യൂണിവേവ്‌സിറ്റി, ബില്‍ ആന്റ് മിലിന്റ ഗേറ്റ്‌സ് ഫൗണ്ടേഷന്‍ എന്നിവയുമായി സഹകരിച്ച് ഇറാം സയന്റിഫിക് സൊല്യൂഷന്‍ ഇ-ടോയ്‌ലെറ്റിനോടനുബന്ധിച്ച് നിര്‍മിക്കുന്ന പുതിയ അണ്ടര്‍ഗ്രൗണ്ട് സീവേജ് ട്രീറ്റ്‌മെന്റ് സാങ്കേതിക വിദ്യ പരക്ഷണ ഘട്ടത്തിലാണ്. ഇത് വഴി ടോയ്‌ലെറ്റിലെ വെള്ളം പുനരുപയോഗം സാധ്യമാകുന്ന രീതിയില്‍ സംസ്‌ക്കരിക്കാനാണ് ലക്ഷ്യമിടുന്നത്.

​16 രാജ്യങ്ങള്‍, 40ലേറെ കമ്പനികള്‍

16-40-

16 രാജ്യങ്ങളിലായി പ്രവര്‍ത്തിക്കുന്ന 40ലധികം കമ്പനികളാണ് ഡോ. സിദ്ദീഖ് അഹമ്മദിന്റെ ബിസിനസ് സാമ്രാജ്യം. എണ്ണ, പ്രകൃതി വാതകം, ഊര്‍ജം, നിര്‍മാണം, ഉല്‍പ്പാദനം, ട്രാവല്‍ ആന്റ് ടൂറിസം, ആരോഗ്യം, വിവര സാങ്കേതികവിദ്യ, മാധ്യമം, ലോജിസ്റ്റിക്സ്, ഓട്ടോമോട്ടീവ്, വിദ്യാഭ്യാസം തുടങ്ങിയ വിവിധ മേഖലകളില്‍ വ്യാപിച്ചു കിടക്കുന്നതാണ് അദ്ദേഹത്തിന്റെ സ്ഥാപനങ്ങള്‍. ബിസിനസ് രംഗത്ത് നേട്ടങ്ങള്‍ കൊയ്ത് മുന്നേറുമ്പോഴും സമൂഹത്തില്‍ ഗുണപരമായ മാറ്റങ്ങളുണ്ടാക്കുന്നതിലും അദ്ദേഹം ശ്രദ്ധ ചെലുത്തി. സൗദി അറേബ്യ പ്രഖ്യാപിച്ച പൊതുമാപ്പ് കാലഘട്ടത്തില്‍ ജയിലിലുള്ള പ്രവാസികളെ നാട്ടിലെത്തിക്കാന്‍ അദ്ദേഹം പ്രത്യേക പദ്ധതി തന്നെ പ്രഖ്യാപിച്ചിരുന്നു. കായിക രംഗത്തും നിരവധി ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം നേതൃത്വം വഹിച്ചു. തന്റെ വളര്‍ച്ചയില്‍ സുപ്രധാന പങ്കുവഹിച്ച പ്രവാസി സമൂഹത്തിന് തനിക്ക് ലഭിച്ച ഭാരതീയ പ്രവാസി സമ്മാന്‍ സമര്‍പ്പിച്ചിരിക്കുകാണ് അദ്ദേഹം.

Source link

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button