ഡ്രോണ്‍ ഡെലിവറി; ആമസോണ്‍ പ്രൈം എയറിന് വ്യോമയാന അതോറിറ്റിയുടെ അനുമതി
Drone delivery; Amazon Prime Air is licensed by the Civil Aviation Authority
ഏറെ നാളുകളായി ഡ്രോണുകള്‍ വഴിയുള്ള ഉല്‍പ്പന്ന വിതരണം സാധ്യമാക്കാനുള്ള ആമസോണ്‍ ശ്രമത്തിന് ഫലം കിട്ടിയിരിക്കുന്നു. ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ (എഫ്എഎ ) ഒരു ‘എയര്‍ കാരിയര്‍’ ആയി ആമസോണ്‍ പ്രൈം എയറിനെ അംഗീകരിച്ചിരിക്കുന്നു.
ഇതോടെ ആമസോണിന് അമേരിക്കയില്‍ വാണിജ്യാടിസ്ഥാനത്തിലുള്ള ഉല്‍പ്പന്ന വിതരണം പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിക്കാനാവും.
‘ഈ സര്‍ട്ടിഫിക്കേഷന്‍ പ്രൈം എയറിനെ സംബന്ധിച്ചിടത്തോളം ഒരു സുപ്രധാന ചുവടുവെപ്പാണ്, കൂടാതെ ഒരു ഓട്ടോണമസ് ഡ്രോണ്‍ ഡെലിവറി സേവനത്തിനായുള്ള ആമസോണിന്റെ പ്രവര്‍ത്തനത്തിലും, സുരക്ഷാ നടപടിക്രമങ്ങളിലും എഫ്എഎയുടെ വിശ്വാസം ഇത് വ്യക്തമാക്കുന്നു. ഒരിക്കല്‍ ലോകമെമ്പാടുമുള്ള ഞങ്ങളുടെ ഉപഭോക്താക്കള്‍ക്ക് അത് പാക്കേജുകള്‍ എത്തിക്കും,” പ്രൈം എയറിന്റെ ചുമതലയുള്ള ആമസോണ്‍ വൈസ് പ്രസിഡന്റ് ഡേവിഡ് കാര്‍ബണ്‍ പ്രസ്താവനയില്‍ പറഞ്ഞു.
ഉപകരണങ്ങള്‍ സുരക്ഷിതമായി പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പാക്കിക്കൊണ്ട് വളര്‍ന്നുകൊണ്ടിരിക്കുന്ന ഡ്രോണ്‍ രംഗത്തെ നവീന ആശയങ്ങള്‍ക്ക് പിന്തുണ നല്‍കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് ആമസോണിന് അംഗീകാരം നല്‍കിയ വിവരം സ്ഥിരീകരിച്ചുകൊണ്ട് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ പറഞ്ഞു.
എയര്‍ കാരിയര്‍ അനുമതി ലഭിച്ചതോടെ ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്കുംം, ചെറുകിട എയര്‍ലൈനുകള്‍ക്കും ബാധകമായ വ്യോമയാന നിയമങ്ങള്‍ ആമസോണ്‍ പ്രൈം എയറിനും ബാധകമാവും. ആല്‍ഫബെറ്റിന്റെ സഹസ്ഥാപനമായ വിങ്, യുണൈറ്റഡ് പാര്‍സല്‍ സര്‍വീസ് എന്നിവയ്ക്കും എയര്‍ കാരിയര്‍ അനുമതി ലഭിച്ചിട്ടുണ്ട്.
വാള്‍ഗ്രീന്‍സ്, ഫെഡ് എക്‌സ് എന്നിവരുമായി ചേര്‍ന്ന് വിങ് കഴിഞ്ഞവര്‍ഷം മുതല്‍ വിര്‍ജീനിയയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഡ്രോണ്‍ ഡെലിവറി നടത്തുന്നുണ്ട്. നോര്‍ത്ത കരോലിനയിലെ റാലേയിലുള്ള ഒരു ആശുപത്രി കാമ്പസില്‍ യുണൈറ്റഡ് പാര്‍സല്‍ സര്‍വീസ് ഡ്രോണ്‍ ഡെലിവറി നടത്തുന്നുണ്ട്. ഇവരെ കൂടാതെ ചില ചെറുകിട കമ്പനികളും സ്റ്റാര്‍ട്ടപ്പുകളും ഡ്രോണ്‍ ഡെലിവറി പരീക്ഷണത്തിനായി എഫ്എഎ അംഗീകാരം നേടാനുള്ള ശ്രമത്തിലാണ്.