ഡോ. മോഹന്‍ തോമസിന് പ്രവാസി ഭാരതീയ സമ്മാന്‍ പുരസ്കാരം സമ്മാനിച്ചു
Dr. Mohan Thomas received the Pravasi Bharatiya Samman Award
ദോഹ: ഖത്തറിലെ പ്രമുഖ ഇഎന്‍ടി വിദഗ്ദ്ധനും സാമൂഹ്യപ്രവര്‍ത്തകനും ഇന്ത്യന്‍ സ്പോര്‍ട്സ് സെന്‍റര്‍ പ്രസിഡന്‍റുമായ ഡോ. മോഹന്‍ തോമസിന് പ്രവാസി ഭാരതീയ സമ്മാന്‍ പുരസ്കാരം സമ്മാനിച്ചു. ദോഹ അബൂഹമൂര്‍ ഐസിസി ഹാളില്‍ വെച്ച് നടന്ന പ്രൌഢമായ ചടങ്ങില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് വേണ്ടി ഖത്തര്‍ ഇന്ത്യന്‍ സ്ഥാനപതി ഡോ ദീപക് മിത്തല്‍ പ്രശസ്തി ഫലകം കൈമാറി. ഖത്തര്‍ മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് അബ്ദുള്ള ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍ഥാനി മെഡല്‍ സമ്മാനിച്ചു. ഭാരതം നല്‍കിയ വലിയ അംഗീകാരം ഖത്തറിലെ ഇന്ത്യന്‍ പ്രവാസി സമൂഹത്തിന് സമര്‍പ്പിക്കുന്നതായി മറുപടി പ്രസംഗത്തില്‍ ഡോ.മോഹന്‍ തോമസ് പറഞ്ഞു. ഖത്തറിന്‍റെ മണ്ണില്‍ ഇന്ത്യയുടെ യശസ്സ് ഉയര്‍ത്തുന്നതില്‍ നിര്‍ണായക പങ്കാണ് ഡോ മോഹന്‍ തോമസ് വഹിച്ചതെന്ന് ഇന്ത്യന്‍ അംബാസഡര്‍ ഡോ ദീപക് മിത്തല്‍ അഭിപ്രായപ്പെട്ടു.
ഖത്തര്‍ മുന്‍ മുനിസിപ്പാലിറ്റി വകുപ്പ് മന്ത്രി മുഹമ്മദ് ബിന്‍ അബ്ദുള്ള അല്‍ റുമൈഹി, അമീരി ദിവാനി ഉപദേശകനും ഹമദ് ബിന്‍ ഖലീഫ യൂണിവേഴ്സിറ്റി പ്രസിഡന്‍റുമായ ഷെയ്ഖ് അബ്ദുള്ള ബിന്‍ അലി അല്‍ ഥാനി, ഖത്തര്‍ ആരോഗ്യമന്ത്രാലയം പബ്ലിക് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്മെന്‍റ് ഡയറക്ടര്‍ ഡോ മുഹമ്മദ് ബിന്‍ ഹമദ് അല്‍ത്താനി, ട്രാഫിക് ഡിപ്പാര്‍ട്ട്മെന്‍റ് മേജര്‍ ഷെയ്ഖ് നാസര്‍ ബിന്‍ അബ്ദുള്ള അല്‍ ഥാനി, ദക്ഷിണാഫ്രിക്കന്‍ മുന്‍ സ്ഥാനപതി സലീം അല്‍ ജാബിര്‍, ദോഹ ബാങ്ക് സിഇഒ ആര്‍ സീതാരാമന്‍ തുടങ്ങിയവര്‍ വേദിയില്‍ സന്നിഹിതരായി.
ഖത്തര്‍ മുന്‍ ഉപപ്രധാനമന്ത്രിയും ഊര്‍ജ്ജ വകുപ്പ് മന്ത്രിയുമായ ഹമദ് ബിന്‍ അബ്ദുള്ള അല്‍ അഥിയ്യ, ഖത്തര്‍ എയര്‍വേയ്സ് സിഇഒ അക്ബര്‍ അല്‍ ബേകിര്‍, ആഭ്യന്തര മന്ത്രാലയം മെഡിക്കല്‍ വിഭാഗം മുന്‍ ഡയറക്ടര്‍ ഡോ അബ്ദുള്ള സെയ്ഫ് അല്‍ അബ്ദുള്ള എന്നിവര്‍ വീഡിയോ സന്ദേശം വഴിയും ആശംസകള്‍ നേര്‍ന്നു. ഖത്തര്‍ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍, വിവിധ അപെക്സ് ബോഡി ഭാരവാഹികള്‍, പ്രവാസി സാമൂഹ്യ സംഘടനാ സാരഥികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഇന്ത്യന്‍ പ്രവാസി കലാകാരന്മാര്‍ അവതരിപ്പിച്ച ഗസല്‍, വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച നൃത്ത പരിപാടികള്‍ തുടങ്ങിയവയും ചടങ്ങിന് മിഴിവേകി. ഐസിസി പ്രസിഡന്‍റ് പിഎന്‍ ബാബുരാജന്‍ നന്ദിയര്‍പ്പിച്ചു.
ഷഫീഖ് അറക്കൽ