Qatar

സംഗീതം രോഗം മാറ്റുമോ; ഗവേഷണവുമായി ഖത്തര്‍ സംഘം

Does music change disease; Qatar team with research

സംഗീതത്തിന് രോഗങ്ങള്‍ ശമിപ്പിക്കാനുള്ള ശേഷിയുണ്ടെന്ന് ഇതിനകം തെളിയിക്കപ്പെട്ടതാണെങ്കിലും അറബ് സംഗീതത്തിലൂടെ ഇത് സാധ്യമാണോ എന്ന പഠനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഖത്തറിലെ ഗവേഷകര്‍. ഖത്തറിലെ വെയില്‍ കോര്‍ണല്‍ മെഡിസിലെ ന്യൂറോസയന്‍സ് ഗവേഷകനായ ഡോ. ഗിസ്‌ലെയിന്‍ ബെന്‍ദ്രിസ് ആണ് പഠനത്തിന് നേതൃത്വം നല്‍കുന്നത്. ന്യൂറോശാസ്ത്രജ്ഞരും മെഡിക്കല്‍ വിദ്യാര്‍ഥികളും ആര്‍ട്ട് തെറാപ്പിസ്റ്റുകളും അടങ്ങിയവരും ഗവേഷണ സംഘത്തിലുണ്ട്.

അറബ് സംഗീതം ഉണ്ടാക്കുന്ന മാറ്റങ്ങള്‍

മധ്യപൗരസ്ത്യ ദേശത്തെ സംഗീത ശാഖകള്‍ ഏതൊക്കെ രീതിയിലുള്ള മാറ്റങ്ങളാണ് മനുഷ്യ മസ്തിഷ്‌ക്കത്തില്‍ സൃഷ്ടിക്കുന്നതെന്ന് കണ്ടെത്തുകയാണ് തന്റെ ശ്രമമെന്ന് ഡോ. ഗിസ്‌ലെയിന്‍ ബെന്‍ദ്രിസ് പറയുന്നു. രോഗങ്ങള്‍ ഭേദമാക്കാനുള്ള സംഗീതത്തിന്റെ കഴിവിനെ കുറിച്ച് ഒട്ടേറെ ഗവേഷണ പഠനങ്ങള്‍ ഇതിനകം നടന്നിട്ടുണ്ട്. എന്നാല്‍ അവയെല്ലാം പടിഞ്ഞാറന്‍ സംഗീതത്തെ അടിസ്ഥാനമാക്കിയുള്ളവയായിരുന്നു- അദ്ദേഹം വ്യക്തമാക്കി.

അറബ് സംഗീതം വ്യത്യസ്തം

Photo Credit: pixabay

എന്നാല്‍ പടിഞ്ഞാറന്‍ സംഗീതത്തില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ് അറബ് സംഗീതം. അതിന്റെ ആലാപന രീതി, ശബ്ദവിന്യാസം, ഉച്ചാരണം, താളഭംഗി തുടങ്ങിയവയെല്ലാം മറ്റുള്ളവയില്‍ നിന്ന് വ്യത്യസ്തമാണ്. എന്നു മാത്രമല്ല, ഉപയോഗിക്കപ്പെടുന്ന സംഗീതോപകരണങ്ങളും ഏറെക്കുറെ വിഭിന്നങ്ങളാണ്. ഇതേക്കുറിച്ചുള്ള പഠനത്തില്‍ വലിയൊരു ശൂന്യത നിലനില്‍ക്കുന്നുണ്ടെന്നും അത് നികത്തുകയാണ് ഗവേഷണത്തിലൂടൈ തങ്ങള്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രചോദനം അവിസെന്നയില്‍ നിന്ന്

Photo Credit: pixabay

ഇസ്ലാമിക തത്വശാസ്ത്രത്തിന്റെ സുവര്‍ണകാലഘട്ടമായി അറിയപ്പെടുന്ന പത്താം നൂറ്റാണ്ടില്‍ അവിസെന്നയെയും അല്‍ ഫാറാബിയെയും പോലുള്ളവര്‍ നടത്തിയ മാനസികാരോഗ്യ പഠനത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ഇത്തരമൊരു ഗവേഷണത്തിന് തങ്ങള്‍ മുതിരുന്നതെന്നും ഡോക്ടര്‍ അറിയിച്ചു. പരീക്ഷണത്തിനായി തെരഞ്ഞെടുക്കുന്ന വ്യക്തികളുടെ ഇലക്ട്രോഎന്‍സെഫലോഗ്രാം (ഇഇജി) പഠന വിധേയമാക്കിയാണ് അറബ് സംഗീതം എന്തൊക്കെ മാറ്റങ്ങളാണ് തലച്ചോറില്‍ വരുത്തുന്നതെന്ന് കണ്ടെത്തുക.

ഒരു മിനുട്ട് സംഗീത ഓഡിയോ

Photo Credit: pixabay

ഈ രീതിയില്‍ പഠനം നടത്തുന്നതിനായി വിവിധ ശ്രുതിയിലും താളത്തിലും ശബ്ദവിന്യാസത്തിലുമുള്ള അറബ് സംഗീതത്തിന്റെ ഒരു മിനുട്ട് വീതമുള്ള ഓഡിയോ റെക്കോര്‍ഡ് ചെയ്യാനാണ് പദ്ധതി. അറബ് മഖാം എന്നറിയപ്പെടുന്ന ഈ വ്യത്യസ്ത സംഗീത ധാരകള്‍ എങ്ങിനെയാണ് തലച്ചോറിനെ സ്വാധീനിക്കുന്നതെന്ന് കണ്ടെത്താന്‍ ഇതുവഴി കഴിയും. സംഗീത തെറാപ്പിന് മുമ്പും ശേഷവുമുള്ള ഇവരുടെ ശാരീരികവും വൈകാരികവുമായി അവസ്ഥ മനസ്സിലാക്കാന്‍ പ്രത്യേക പരിശോധനകളും അവലോകനങ്ങളും നടത്തും.

പഠനത്തിന് അംഗീകാരം

Photo Credit: pixabay

അറബ് സംഗീതത്തിന്റെ രോഗശമന ശേഷിയെക്കുറിച്ചുള്ള ഗവേഷണത്തിന് യുഎസ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ക്ലിനിക്കല്‍ ട്രയല്‍സ് രജിസ്ട്രിയുടെ അംഗീകാരം ഇതിനകം ലഭിച്ചുകഴിഞ്ഞു. വ്യക്തികളുടെ പ്രായം, ലിംഗം, വംശം, സംഗീത ശാഖ, സാമൂഹിക പശ്ചാത്തലം തുടങ്ങിയവയുടെ അടിസ്ഥാനത്തില്‍ നടത്തുന്ന പഠനം ചികില്‍സാ രംഗത്ത് വലിയ മാറ്റങ്ങള്‍ക്ക് വഴിവയ്ക്കുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ.

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button