വാട്‌സാപ്പ് ചാറ്റുകള്‍ സുരക്ഷിതമാക്കി വെക്കുന്നതെങ്ങിനെയെന്നറിയാണോ?
Do you know how to keep WhatsApp chats safe?
ഏറ്റവും ജനപ്രിയമായ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്ലിക്കേഷനുകളില്‍ ഒന്നാണ് വാട്‌സാപ്പ്. ചാറ്റുകള്‍ക്ക് എന്റ് റ്റു എന്റ് എന്‍ക്രിപ്റ്റഡ് ആണെന്നും പൂര്‍ണ സുരക്ഷിതമാണെന്നും വാട്‌സാപ്പ് ഉറപ്പുനല്‍കുന്നു. എന്നാല്‍ ശരിക്കും അങ്ങനെയാണോ?
അടുത്തിടെ ദീപികാ പദുകോണ്‍ നിയമക്കുരുക്കിലാകാന്‍ ഇടയാക്കിയത് അവരുടെ പഴയ വാട്‌സാപ്പ് ചാറ്റുകള്‍ ചോര്‍ന്നതോടെയാണ് എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്റ് റ്റു എന്റ് എന്‍ക്രിപ്റ്റഡ് ആയ വാട്‌സാപ്പ് ചാറ്റുകള്‍ എങ്ങനെയാണ് പുറത്താവുന്നത്.
പരിശോധിക്കേണ്ടത് എന്റ് റ്റു എന്റ് എന്‍ക്രിപ്ഷന്‍ എന്ന പ്രയോഗം തന്നെയാണ്. വാട്‌സാപ്പ് ചാറ്റില്‍ എന്റ് റ്റു എന്റ് എന്നാല്‍ ഒരു ചാറ്റിന്റെ രണ്ടറ്റം എന്നാണ് അര്‍ത്ഥം. അതായത് സന്ദേശം കൈമാറുന്ന രണ്ടുപേര്‍. ഒരാള്‍ വാട്‌സാപ്പില്‍ സന്ദേശം അയക്കുമ്പോള്‍ അത് മറ്റേയാള്‍ക്ക് കിട്ടുന്നതുവരെയുള്ള ആ സന്ദേശം സുരക്ഷിതമായിരിക്കും എന്നാണ് വാട്‌സാപ്പ് പറയുന്നത്. രണ്ട് പേര്‍ തമ്മിലുള്ള ചാറ്റിനിടയില്‍ മറ്റാര്‍ക്കും നുഴഞ്ഞു കയറാന്‍ സാധിക്കില്ല എന്നര്‍ത്ഥം. അത് എന്‍ക്രിപ്റ്റഡ് ആയാണ് വാട്‌സാപ്പ് നെറ്റ്‌വര്‍ക്കിലൂടെ കൈമാറ്റം ചെയ്യപ്പെടുന്നത്.
എന്നാല്‍ ഈ സന്ദേശങ്ങള്‍ വാട്‌സാപ്പില്‍ എത്തിക്കഴിഞ്ഞാല്‍ പിന്നെ എന്‍ക്രിപ്ഷന്റെ സംരക്ഷണം ലഭിക്കില്ല. നിങ്ങളുടെ ഫോണ്‍ ആരെങ്കിലും തുറന്ന് വാട്‌സാപ്പ് പരിശോധിച്ചാല്‍ എല്ലാ സന്ദേശങ്ങളും പുറത്താവാന്‍ എളുപ്പമാണ്.
അതായത് ഫോണില്‍ ഒരു സന്ദേശം എത്തിക്കഴിഞ്ഞാല്‍ പിന്നെ സന്ദേശത്തിന്റെ സുരക്ഷും സ്വകാര്യതയും എല്ലാം ശ്രദ്ധിക്കേണ്ടത് നിങ്ങളുടെ തന്നെ ഉത്തരവാദിത്വമാണ്.
അത് എങ്ങനെയെല്ലാം പാലിക്കാം എന്ന് നോക്കാം.
ബാക്ക് അപ്പ് ഓഫ് ആക്കി വെക്കുക : ചാറ്റുകള്‍ക്ക് എന്റ് റ്റു എന്റ് എന്‍ക്രിപ്ഷന്‍ നല്‍കുന്നുണ്ടെങ്കിലും വാട്‌സാപ്പില്‍ നിന്ന് ഗൂഗിള്‍ ഡ്രൈവിലേക്കോ ഐക്ലൗഡിലേക്കോ നേരിട്ട് ബാക്ക് അപ്പ് ചെയ്യപ്പെടുന്ന ചാറ്റുകളുടെ സുരക്ഷിതത്വം വാട്‌സാപ്പ് ഉറപ്പുനല്‍കുന്നില്ല. അതായത് നിങ്ങളുടെ ഇമെയില്‍ ഐടി ഉപയോഗിച്ച് ഡ്രൈവില്‍ പ്രവേശിക്കാന്‍ സാധിക്കുന്ന ഒരാള്‍ക്ക് ചാറ്റുകള്‍ ചോര്‍ത്താന്‍ സാധിക്കും.
അതുകൊണ്ട് സുരക്ഷിതത്വത്തെ കുറിച്ച് ആശങ്കപ്പെടുന്നവര്‍ തീര്‍ച്ചയായും വാട്‌സാപ്പിലെ ക്ലൗഡ് ബാക്ക് അപ്പ് ഓഫ് ആക്കിവെക്കുക. ഇതുവഴി ചാറ്റുകള്‍ ഫോണിന് പുറത്തുപോവാതെ സൂക്ഷിക്കാനാവും.
ബാക്ക് അപ്പ് ഓഫ് ആക്കിവെക്കാന്‍
വാട്‌സാപ്പ് തുറക്കുക – വലത് ഭാഗത്ത് മുകളിലുള്ള ത്രീ ഡോട്ട് മെനു തുറക്കുക – സെറ്റിങ്‌സ് ക്ലിക്ക് ചെയ്യുക – ചാറ്റ്‌സ് തുറക്കുക- ചാറ്റ് ബാക്ക് അപ്പ് – ബാക്ക് അപ്പ് റ്റു ഗൂഗിള്‍ ഡ്രൈവ് തിരഞ്ഞെടുക്കുക- നെവര്‍ എന്നത് തിരഞ്ഞെടുക്കുക.
ഇങ്ങനെ ചെയ്യുമ്പോള്‍ ഉള്ളൊരു പ്രശ്‌നമെന്തെന്നാല്‍ നിങ്ങള്‍ ഒരു ഫോണില്‍ നിന്ന് മറ്റൊരു ഫോണിലേക്ക് വാട്‌സാപ്പ് മാറ്റുമ്പോഴോ, വീണ്ടും ലോഗിന്‍ ചെയ്യുമ്പോഴോ പഴയ ചാറ്റുകള്‍ തിരിച്ചെടുക്കാന്‍ സാധിക്കാതെ വരും.
അതുകൊണ്ട് ഫോണില്‍ ബാക്ക് അപ്പ് ചെയ്യപ്പെടുന്ന ചാറ്റുകള്‍ കോപ്പി ചെയ്ത് സുരക്ഷിതമായ മറ്റൊരിടത്ത് എന്‍ക്രിപ്റ്റ് ചെയ്ത് സൂക്ഷിക്കാന്‍ ശ്രമിക്കുക.
സ്‌ക്രീന്‍ ഷോട്ടുകള്‍- വാട്‌സാപ്പ് ചാറ്റുകളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ പകര്‍ത്താതിരിക്കുക.
അപ്‌ഡേറ്റുകള്‍- വാട്‌സാപ്പ് ഉള്‍പ്പടെയുള്ള മൊബൈല്‍ ആപ്ലിക്കേഷനുകള്‍ നിരന്തരം അപ്‌ഡേറ്റ് ചെയ്ത് ഏറ്റവും പുതിയ സുരക്ഷാ സംവിധാനങ്ങള്‍ എത്തിക്കുക. ഫോണ്‍ സോഫ്റ്റ് വെയര്‍ അപ്‌ഡേറ്റ് വന്നാലും ഉടന്‍ അപ്‌ഡേറ്റ് ചെയ്യുക.
പെര്‍മിഷന്‍- ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്ന എല്ലാ ആപ്ലിക്കേഷനുകള്‍ക്കും സ്റ്റോറേജിലേക്ക് പ്രവേശിക്കാന്‍ അനുവാദം നല്‍കരുത്. ഇത് ആപ്പ് സെറ്റിങ്‌സില്‍ പോയി കൃത്യമായി പരിശോധിച്ചുറപ്പ് വരുത്തുക. ആപ്പുകള്‍ അനാവശ്യമായി ചോദിക്കുന്ന അനുവാദങ്ങള്‍ നല്‍കാതിരിക്കുക.
വാട്‌സാപ്പ് ലോക്ക്- ഫോണിന്റെ ബയോമെട്രിക്ക് സുരക്ഷാ സംവിധാനങ്ങള്‍ ഉപയോഗിച്ച് വാട്‌സാപ്പ് ലോക്ക് ചെയ്യാനുള്ള സൗകര്യമുണ്ട്. ഇതുവഴി വാട്‌സാപ്പ് ലോക്ക് ചെയ്ത് വെക്കുക.
അതിനായി ത്രീ ഡോട്ട് മെനു തുറക്കുക- സെറ്റിങ്‌സ് എടുക്കുക-അക്കൗണ്ട് തിരഞ്ഞെടുക്കുക-പ്രൈവസി- ഏറ്റവും താഴെ ഫിംഗര്‍പ്രിന്റ് എന്ന് കാണാം അത് തിരഞ്ഞെടുത്ത് ആക്റ്റിവേറ്റ് ചെയ്യുക.
ടു ഫാക്ടര്‍ ഒതന്റിക്കേഷന്‍- വാട്‌സാപ്പില്‍ ടു ഫാക്ടര്‍ ഒതന്റിക്കേഷന്‍ ആക്റ്റിവേറ്റ് ചെയ്തുവെക്കുന്നത് ആപ്ലിക്കേഷന് അധിക സംരക്ഷണം നല്‍കും. നിങ്ങളുടെ ഫോണ്‍ നമ്പറിന്റെ പകര്‍പ്പെടുത്ത് വാട്‌സാപ്പ് ഹാക്ക് ചെയ്യാന്‍ മറ്റൊരാള്‍ ശ്രമിച്ചാല്‍ ഇതുവഴി തടയാനാവും.
അതിനായി ത്രീ ഡോട്ട് മെനു തുറക്കുക- സെറ്റിങ്‌സ് എടുക്കുക-അക്കൗണ്ട് തിരഞ്ഞെടുക്കുക-ടു സെറ്റെപ്പ് വെരിഫിക്കേഷന്‍ തിരഞ്ഞെടുക്കുക- എനേബിള്‍ ക്ലിക്ക് ചെയ്യുക- ആറക്ക പിന്‍നമ്പര്‍ നല്‍കുക- അത് ആവര്‍ത്തിക്കുക- പാസ് വേഡ് മറന്നുപോയാല്‍ തിരികെ എടുക്കുന്നതിനായി ഇമെയില്‍ ഐഡി നല്‍കുക സേവ് ചെയ്യുക.
ഇതെല്ലാം വാട്‌സാപ്പിലെ സുരക്ഷിതത്വം ഉറപ്പുവരുത്താനുള്ള ചില മാര്‍ഗങ്ങളാണ്. ഇതോടൊപ്പം ഫോണും ലോക്ക് ചെയ്ത് വെക്കുക.