വാക്‌സിന്‍ എടുത്തവര്‍ ഖത്തറിന് പുറത്തുപോയി മടങ്ങിയെത്തിയാല്‍ ക്വാറന്റീന്‍ വേണോ?
Do I need a quarantine when those who have been vaccinated leave Qatar and return?
ദോഹ: കൊവിഡ് വാക്‌സിനേഷന്‍ എടുത്തവര്‍ ഖത്തറിന് പുറത്തുപോയി തിരിച്ചുവരുമ്പോള്‍ ക്വാറന്റീനില്‍ കഴിയണോയെന്ന കാര്യത്തില്‍ ഔദ്യോഗിക തീരുമാനം ആയിട്ടില്ലെന്ന് അധികൃതര്‍. ഇക്കാര്യത്തില്‍ ദേശീയ സ്ട്രറ്റജിക് കമ്മിറ്റിയുടെ തീരുമാനം ഇതുവരെ ഉണ്ടായിട്ടില്ലെന്ന് ഹമദ് ജനറല്‍ ആശുപത്രി മെഡിക്കല്‍ ഡയറക്ടര്‍ ഡോ. യൂസഫ് അല്‍ മസലമണി പറഞ്ഞു. ഖത്തര്‍ ടെലിവിഷന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
കൊവിഡ് വാക്‌സിന്‍ കുത്തിവെയ്പ് സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കിലും രാജ്യങ്ങളില്‍ പ്രവേശിക്കുമ്പോള്‍ കൊവിഡ് പരിശോധന നടത്തേണ്ടി വരും. വാക്‌സിനേഷന്‍ എടുത്തവര്‍ വിദേശയാത്രയ്ക്ക് ശേഷം മടങ്ങിയെത്തുമ്പോള്‍ ഖത്തറിലും കൊവിഡ് പരിശോധന നടത്തും.
വാക്‌സിനേഷന്റെ ഫലപ്രാപ്തി ഉറപ്പാക്കുന്നതിനാണ് ഈ പരിശോധനയെന്നും ഡോ. മസലമണി പറഞ്ഞു. ഖത്തറിലെ മുഴുവന്‍ ജനങ്ങള്‍ക്കും ഈ വര്‍ഷം തന്നെ വാക്‌സിന്‍ ലഭിക്കും. നിലവില്‍ മുന്‍ഗണനാ പട്ടിക പ്രകാരമാണ് വാക്‌സിന്‍ നല്‍കുന്നത്.
ഖത്തറില്‍ ഫൈസര്‍- ബയോടെക്കിന്റെ രണ്ടാമത്തെ ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കും ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളില്ലെന്ന് വാക്‌സിനേഷന്‍ വകുപ്പ് മേധാവി ഡോ. സോഹ അല്‍ ബയാത് വ്യക്തമാക്കി. പ്രധാനമായും നേരിയ ശരീര വേദന, പനി എന്നിവ മാത്രമാണ് മിക്കവര്‍ക്കും ഉണ്ടായ ആരോഗ്യ പ്രശ്‌നങ്ങള്‍.