രണ്ട് വർഷത്തിനിടെ ഡിപ്ലോമാറ്റിക് ബാഗേജെത്തിയത് 11 തവണ; പ്രോട്ടോക്കോൾ ഓഫീസർ
Diplomatic baggage 11 times in two years; Protocol Officer
തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിന്റെ അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തിലാണ് സംസ്ഥാന പ്രോട്ടോക്കോൾ ഓഫീസർ യുഎഇ കോൺസുലേറ്റിലേക്ക് ഡിപ്ലോമാറ്റിക് ബാഗേജ് എത്തിയതിന്റെ രേഖകൾ എൻഐഎയ്ക്ക് മുമ്പാകെ സമർപ്പിച്ചിട്ടുള്ളത്. ഈ രേഖകൾ അനുസരിച്ച് 2016 മുതൽ 2018 വരെയുള്ള കാലയളവിനുള്ളിൽ 11 തവണ ഡിപ്ലോമാറ്റിക് ബാഗേജ് എത്തിയെന്നാണ് വ്യക്തമാകുന്നത്.
ലോക്ക്ഡൌൺ കാലത്ത് മാത്രം 23 തവണ യുഎഇയിൽ നിന്ന് ഡിപ്ലോമാറ്റിക് ബാഗേജ് എത്തിയിട്ടുണ്ടെന്നാണ് കസ്റ്റംസിന്റെ രേഖകളിൽ പറയുന്നത്. എന്നാൽ ഈ ബാഗേജുകൾ സംബന്ധിച്ച വിവരങ്ങൾ ഒന്നും തന്നെ യുഎഇ കോൺസുലേറ്റ് പ്രോട്ടോക്കോൾ ഓഫീസിൽ അറിയിച്ചിട്ടില്ലെന്നും ഇതോടെ വ്യക്തമായിട്ടുണ്ട്. ലോക്ക്ഡൌൺ കാലത്ത് കൂടുതൽ സ്വർണ്ണം കടത്താനായിരുന്നു പദ്ധതിയിട്ടിരുന്നതെന്ന് കേസിൽ അറസ്റ്റിലായ പ്രതികളിൽ പലരും അന്വേഷണ സംഘത്തിന് മൊഴി നൽകിയിട്ടുണ്ട്. കേസിൽ സ്വപ്ന സുരേഷിനൊപ്പം അറസ്റ്റിലായ സന്ദീപ് നായരായിരുന്നു ലോക്ക്ഡൌൺ കാലത്ത് സ്വർണ്ണം കടത്താമെന്ന ആശയം മുന്നോട്ടുവെച്ചതെന്നും നേരത്തെ തന്നെ അന്വേഷണ ഏജൻസി കണ്ടെത്തിയിട്ടുണ്ട്.
ഡിപ്ലോമാറ്റിക് ബാഗേജ് വഴിയുള്ള സ്വർണ്ണക്കടത്ത് കേസിന്റെ അന്വേഷണം ഏറ്റെടുത്തതിന് പിന്നാലെ യുഎഇ കോൺസുലേറ്റുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ട് വർഷത്തിനിടെ നടന്നിട്ടുള്ള എല്ലാത്തരം കത്ത് ഇടപാടുകളുടെ വിവരങ്ങളും ഹാജരാക്കാനും സംസ്ഥാന പ്രോട്ടോക്കോൾ ഓഫീസർക്ക് എൻഐഎ നിർദേശം നൽകിയിരുന്നു. ഇതോടെ ഇക്കഴിഞ്ഞ രണ്ട് വർഷങ്ങൾക്കിടെ ഡിപ്ലോമാറ്റിക് ബാഗേജ് എത്തിയതായി യുഎഇ കോൺസുലേറ്റ് അറിയിച്ചിട്ടില്ലെന്നാണ് അസിസ്റ്റന്റ് പ്രോട്ടോക്കോൾ ഓഫീസർ എൻഐഎ ഉദ്യോഗസ്ഥർക്ക് മുമ്പാകെ ഹാജരായപ്പോൾ അറിയിച്ചിരുന്നത്. ഇതിന് ശേഷമാണ് കഴിഞ്ഞ നാല് വർഷത്തെയും രേഖകൾ ഹാജരാക്കാൻ എൻഐഎ സംഘം പ്രോട്ടോക്കോൾ ഓഫീസറോട് നിർദേശിക്കുന്നത്.
ഓരോ തവണയും വിദേശത്ത് നിന്നും ഡിപ്ലോമാറ്റിക് ബാഗേജ് എത്തുമ്പോൾ ഫോം 7ൽ പ്രോട്ടോക്കോൾ ഓഫീസറെ അറിയിച്ച ശേഷം ബാഗേജ് വിട്ടുകിട്ടുന്നതിനായി അനുമതി വാങ്ങണമെന്നാണ് വ്യവസ്ഥ. ബാഗേജ് വരുമ്പോൾ പ്രോട്ടോക്കോൾ ഓഫീസറെ അറിയിച്ചില്ല എങ്കിൽ കസ്റ്റംസിൽ വ്യാജ രേഖ സമർപ്പിച്ചുകൊണ്ടാണോ ഡിപ്ലോമാറ്റിക് ബാഗേജ് സ്വീകരിക്കുന്നതെന്ന് എൻഐഎ പരിശോധിക്കുകയും ചെയ്യും. സ്വർണ്ണക്കടത്തിന് വേണ്ടി സ്വപ്ന സുരേഷിനെ ഏതെങ്കിലും കസ്റ്റംസ് ഉദ്യോഗസ്ഥർ വഴിവിട്ട് സഹായിച്ചിട്ടുണ്ടോ എന്നും കേന്ദ്ര ഏജൻസി അന്വേഷിക്കും. പ്രോട്ടോക്കോൾ ഓഫീസിലെ ജീവനക്കാർക്കൊപ്പമുള്ള സ്വപ്നയുടെ ഫോട്ടോയെക്കുറിച്ചുള്ള സത്യാവസ്ഥയും ഇതിനൊപ്പം അന്വേഷണ സംഘം ചോദിച്ചറിഞ്ഞിട്ടുണ്ട്.
സ്വർണ്ണക്കടത്ത് കേസിൽ 20 ലധികം പേരാണ് ഇതിനകം പിടിയിലായിട്ടുള്ളത്. പ്രതികളായ ഫൈസൽ ഫരീദ്, റബിൻസ് എന്നിവരെ നാട്ടിൽ തിരിച്ചെത്തിച്ച് അന്വേഷണം വേഗത്തിലാക്കാനാണ് എൻഐഎ നീക്കം. ഇതിൽ ഫൈസൽ ഫരീദിനെ കഴിഞ്ഞ മാസം ദുബായ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതികളെ തിരിച്ചെത്തിക്കുന്നതിനായി ദുബായിലേക്ക് പോകാൻ എൻഐഎ സംഘം വിദേശകാര്യ മന്ത്രാലയത്തിൽ നിന്ന് അനുമതി തേടിയതിന് പിന്നാലെ ദുബായിലെത്തിയിരുന്നു. ചെയ്തിരുന്നു. കേസിൽ മുഖ്യപ്രതികളിൽ ഒരാളായ ഫൈസൽ ഫരീദ് അവസാനത്തെ രണ്ട് തവണ സ്വന്തം മേൽവിലാസത്തിൽ നിന്ന് തന്നെയാണ് കേരളത്തിലേക്ക് സ്വർണ്ണം അയച്ചിട്ടുള്ളതെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.