Kerala

ഫോട്ടോ പുറത്തു വിട്ടത് ഇഷ്ടപ്പെട്ടില്ല; വിവാഹ രജിസ്ട്രേഷനും വൈകി; അരുൺ ലക്ഷ്യമിട്ടത് സ്വത്തോ?

Didn't like the photo being released; Marriage registration delayed; Is Arun targeting property?

തിരുവനന്തപുരം: കാരക്കോണത്ത് മധ്യവയസ്കയായ സ്ത്രീ ഷോക്കേറ്റു മരിച്ച സംഭവത്തിൽ ഭര്‍ത്താവ് കുറ്റം സമ്മതിച്ചതിനു പിന്നാലെ കൂടുതൽ വിവരങ്ങള്‍ പുറത്ത്. ഇരുവരും തമ്മിൽ തര്‍ക്കങ്ങള്‍ പതിവായിരുന്നെന്നും തയ്യാറെടുപ്പുകള്‍ നടത്തിയാണ് അരുൺ ശാഖാകുമാരിയെ (51) കൊലപ്പെടുത്തിയതെന്നുമാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. ശാഖയുടെ മരണത്തിൽ ഭര്‍ത്താവായ അരുണിനെ (28) പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

ശനിയാഴ്ച രാവിലെയാണ് ശാഖയെ കാരക്കോണം ത്രേസ്യാപുരത്തുള്ള വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ശാഖ ഷോക്കേറ്റു മരിച്ചതാണെന്നയിരുന്നു ഭര്‍ത്താവ് അരുണിൻ്റെ വിശദീകരണം. എന്നാൽ മൃതദേഹം കിടന്നിരുന്നിടത്ത് ചോരപ്പാടുകള്‍ കണ്ടത് അടക്കമുള്ള അടയാളങ്ങളാണ് നാട്ടുകാരിൽ സംശയം ജനിപ്പിച്ചത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. വീട്ടിലെ അലങ്കാരങ്ങള്‍ക്കായി സ്ഥാപിച്ച വയറിങിൽ നിന്ന് ഷോക്കേറ്റെന്നായിരുന്നു അരുൺ പറഞ്ഞിരുന്നത്. എന്നാൽ പോലീസ് കസ്റ്റഡിയിലെടുത്ത അരുണിനെ മണിക്കൂറുകളോളം ചോദ്യം ചെയ്തതോടെയാണ് കൊലപാതകവിവരം പുറത്തു വന്നത്.

ഇരുവരുടെയും പ്രണയവിവാഹമായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. രണ്ട് മാസം മുൻപ് മതാചാരങ്ങള്‍ പ്രകാരം ഒരു പള്ളിയിൽ വെച്ചായിരുന്നു ഇവരുടെ വിവാഹം. തുടര്‍ന്ന് ശാഖയുടെ വീട്ടിലായിരുന്നു ദമ്പതികള്‍ ഒരുമിച്ച താമസിച്ചിരുന്നത്. ശാഖയുടെ കിടപ്പുരോഗിയായ അമ്മയും വീട്ടിലുണ്ടായിരുന്നു. ഇവരെ നോക്കാനായി വീട്ടിലുണ്ടായിരുന്ന ഹോം നേഴ്സ് രേഷ്മയാണ് അരുണിനെതിരെ മൊഴി നല്‍കിയത്.

ഏറെക്കാലത്തെ പരിചയത്തിനു ശേഷമാണ് ഇരുവരും വിവാഹം ചെയ്തതെന്നാണ് നാട്ടുകാർ പറയുന്നത്. എന്നാൽ അരുണിനെക്കുറിച്ച് ശാഖയുടെ ബന്ധുക്കൾക്ക് ആർക്കും വലിയ അറിവില്ല. വിവാഹം നടന്ന വിവരം അരുൺ രഹസ്യമായി സൂക്ഷിക്കാൻ ശ്രമിച്ചിരുന്നുവെന്നും നാട്ടുകാർ പറഞ്ഞു. വലിയ സ്വത്തുള്ള കുടുംബമായിരുന്നു ശാഖയുടേത്. എന്നാൽ അരുണിൻ്റെ ഭാഗത്തു നിന്ന് വിവാഹത്തിനെത്തിയത് അഞ്ചു പേർ മാത്രമായിരുന്നു.

അരുണും ശാഖയും തമ്മിൽ തര്‍ക്കങ്ങള്‍ പതിവായിരുന്നുവെന്ന് രേഷ്മ പറഞ്ഞു. വിവാഹചിത്രം പുറത്തു വന്നപ്പോള്‍ ശാഖയോട് അരുൺ ദേഷ്യപ്പെട്ടതായി രേഷ്മ പറഞ്ഞു. ചിത്രം സോഷ്യൽ മീഡിയ വഴി പുറത്തു വന്നപ്പോൾ സുഹൃത്തുക്കൾ പലരും അപമാനിച്ചതായും രേഷ്മ പറഞ്ഞു. വിവാഹം ഇതുവരെ നിയമപരമായി രജിസ്റ്റര്‍ ചെയ്യാത്തതിലും ഇരുവരും തമ്മിൽ തര്‍ക്കമുണ്ടായിരുന്നു. വിവാഹം രജിസ്റ്റർ ചെയ്യണമെന്ന് ശാഖ ആവശ്യപ്പെട്ടെങ്കിലും വേണ്ടെന്നായിരുന്നു അരുണിൻ്റെ നിലപാട്. വിവാഹമോചനം വേണമെന്ന് അരുൺ ആവശ്യപ്പെട്ടെങ്കിലും ശാഖ തയ്യാറായില്ല. ഇതിനു ശേഷമായിരുന്നു കൊലപാതകശ്രമങ്ങൾ. മുൻപും ശാഖയെ അരുൺ ഷോക്കടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നതായി രേഷ്മ പറഞ്ഞെന്ന് മാതൃഭൂമി ഡോട് കോം റിപ്പോര്‍ട്ട് ചെയ്തു. ഇലക്ട്രിക് മീറ്ററിൽ നിന്ന് കണക്ഷനെടുത്ത് ഷോക്കടിപ്പിക്കാനായിരുന്നു ശ്രമം. വൈദ്യുത കേബിളുകള്‍ ശാഖയുടെ കിടപ്പുമുറിയിൽ എത്തിച്ചെങ്കിലും ഇത് കണ്ടു പേടിച്ച ശാഖ ഉടൻ തന്നെ കണക്ഷൻ ഓഫ് ചെയ്തു രക്ഷപെടുകയായിരുന്നുവെന്നാണ് രേഷ്മ പറയുന്നത്.

കഴിഞ്ഞ മൂന്ന് മാസമായി ഈ വീട്ടിലെ താമസക്കാരിയാണ് ഹോം നേഴ്സ് രേഷ്മയും. ഭര്‍ത്താവിനായി ശാഖ വൃതമെടുത്തിരുന്നതായി രേഷ്മ ഓൺലൈൻ മാധ്യമത്തോടു പറഞ്ഞു.

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button