പ്രതികളെത്തിയത് തിരുവസ്ത്രം ധരിച്ച്; കോടതി മുറിയില്‍ അരങ്ങേറിയത് നാടകീയ രംഗങ്ങള്‍
Defendants arrived in holy clothes; Dramatic scenes unfolded in the courtroom
തിരുവനന്തപുരം: കോടതി മുറിയില്‍ വികാരധീരരായി അഭയ കേസ് പ്രതികള്‍. കോടതിയില്‍ പൊട്ടിക്കരഞ്ഞ് സിസ്റ്റര്‍ സെഫി. എന്നാല്‍, ഭാവവ്യത്യാസമില്ലാതെയാണ് തോമസ് കോട്ടൂര്‍ വിധി കേട്ടത്. തിരുവനന്തപുരം സിബിഐ കോടതിയില്‍ അരങ്ങേറിയത് നാടകീയ രംഗങ്ങള്‍. കോടതി നടപടികളെല്ലാം പൂര്‍ത്തിയായി രാവിലെ 11 മണിയ്ക്കാണ് സിസ്റ്റര്‍ അഭയ കേസില്‍ വിധി പ്രസ്താവിച്ചത്. അഭയയുടെ മരണം കൊലപാതകമാണെന്നും പ്രതികള്‍ കുറ്റക്കാരാണെന്നും കോടതി കണ്ടെത്തി. നാളെ പ്രതികള്‍ക്ക് ശിക്ഷ വിധിക്കും.
നാളെ അഭയ കേസില്‍ ശിക്ഷ പ്രസ്താവിക്കും. ഫാ. കോട്ടൂര്‍ കൊല നടത്തുകയെന്ന ഉദ്ധേശ്യത്തോടെ അതിക്രമിച്ച് കയറിയെന്നും കോടതി കണ്ടെത്തി. തെളിവ് നശിപ്പിച്ചതിന് ഇരുവരും കുറ്റക്കാരാണ് (ഐപിസി 201).
അഭയക്കേസില്‍ അവസാനം നീതികിട്ടിയതില്‍ സന്തോഷമെന്ന് സിസ്റ്റര്‍ അഭയയുടെ സഹോദരന്‍. ‘ഈ കേസ് തെളിയില്ലെന്ന് തന്നെയാണ് ഒരു ഘട്ടം വരെയും വിശ്വസിച്ചിരുന്നത്. ഒടുവില്‍ നീതി കിട്ടി. കേസ് തെളിയില്ലെന്ന് നാട്ടില്‍ പലര്‍ക്കും സംശയം ഉണ്ടായിരുന്നു. ദൈവത്തിന്റെ ഇടപെടല്‍ ഉണ്ടായെന്ന് വിശ്വസിക്കാനാണ് ഇഷ്ടം’, സഹോദരന്‍ ബിജു തോമസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
‘ഒരു മണിക്കൂര്‍ കൊണ്ട് തെളിയിക്കാവുന്ന കേസാണ് 28 വര്‍ഷം കൊണ്ടു നടന്നത്. നീതിയ്ക്ക് വേണ്ടി സഭയ്ക്കകത്തും സമൂഹത്തിലാകെയും ആഗ്രഹിച്ച നിരവധി പേരുണ്ട്. അവരെല്ലാം വിധികേട്ട് സന്തോഷിക്കുമെന്ന് ഉറപ്പാണ്. അവസാന നിമിഷം വരെ പെങ്ങള്‍ക്ക് നീതി കിട്ടുമോ എന്ന ആശങ്ക മനസിലുണ്ടായിരുന്നു. കടന്നു പോയ വര്‍ഷങ്ങളിലെ അനുഭവങ്ങള്‍ അതായിരുന്നു’, ബിജു പറഞ്ഞു.
വിധിയില്‍ സന്തോഷമെന്ന് മുന്‍ സിബിഐ സ്‌പെഷ്യല്‍ ഡയറക്ടര്‍ എം എല്‍ ശര്‍മ്മ പറഞ്ഞു. അഭയ കേസ് ആദ്യം അന്വേഷിച്ച സിബിഐ ഡിവൈഎസ്പി വര്‍ഗീസ് പി തോമസ് മാധ്യമങ്ങള്‍ക്കു മുന്നില്‍ വികാര നിര്‍ഭരനായി.
സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ട് 28 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിധി. ഒരു വര്‍ഷം നീണ്ടു നിന്ന വിചാരണയ്ക്ക് ശേഷമാണ് കോടതി വിധി പ്രസ്താവിച്ചത്. തിരുവനന്തപുരം സിബിഐ കോടതി 11 മണിയ്ക്കാണ് വിധി പറഞ്ഞത്. ഫാ. തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവരാണു കേസിലെ ഒന്നും മൂന്നും പ്രതികള്‍. രണ്ടാം പ്രതിയായിരുന്ന ഫാ. ജോസ് പൂതൃക്കയിലിനെ കോടതി വിട്ടയച്ചിരുന്നു. നാലാം പ്രതി എഎസ്ഐ വി വി അഗസ്റ്റിന്‍ മരണപ്പെട്ടതോടെ ഇയാളെ കുറ്റപത്രത്തില്‍ നിന്ന് ഒഴിവാക്കിയിരുന്നു.
1992 മാര്‍ച്ച് 27 നാണ് കോട്ടയം പയസ്സ് ടെന്‍ത് കോണ്‍വെന്റിലെ അന്തേവാസിയായ സിസ്റ്റര്‍ അഭയയുടെ മൃതദേഹം കോണ്‍വെന്റിലെ കിണറ്റില്‍ കാണപ്പെട്ടത്. ആദ്യം ലോക്കല്‍ പോലീസും പിന്നീട് ക്രൈംബ്രാഞ്ചും കേസ് അന്വേഷിച്ചെങ്കിലും ആത്മഹത്യ എന്ന നിഗമനത്തില്‍ എത്തുകയായിരുന്നു. സിബിഐ അന്വേഷണം തുടങ്ങി 15 വര്‍ഷത്തിന് ശേഷമാണ് ഇത് കൊലപാതകമാണെന്ന് കണ്ടെത്തിയത്.
2008 നവംബര്‍ 19ന് ഫാദര്‍ തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സെഫി, ഫാദര്‍ പൂതൃക്കയില്‍ എന്നിവരെ കേസില്‍ പ്രതി ചേര്‍ത്ത് സിബിഐ അറസ്റ്റ് ചെയ്തു. പ്രതികള്‍ ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെട്ടത് അഭയ കാണാനിയായതിനെ തുടര്‍ന്ന് അഭയയെ തലയ്ക്ക് അടിച്ച് കൊലപപ്പെടുത്തിയെന്നാണ് സിബിഐ കുറ്റപത്രം. പ്രോസിക്യൂഷന്‍ വിസ്തരിച്ച 49 സാക്ഷികളില്‍ 8 പേര്‍ കൂറുമാറുകയായിരുന്നു. ഈ മാസം 10 നാണ് വിചാരണ നടപടികള്‍ അവസാനിച്ചത്.