നദികളിൽ മൃതദേഹം ഒഴുകുകയാണ്; നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി
Dead bodies are flowing in the rivers; Rahul Gandhi slams Narendra Modi

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി. നദികളിൽ മൃതദേഹം കുന്നുകൂടുമ്പോഴും സർക്കാർ സെൻട്രൽ വിസ്ത പദ്ധതിയുമായി മുന്നോട്ടു പോകുകയാണെന്ന് രാഹുൽ പറഞ്ഞു.
ഗംഗയിൽ കൊവിഡ് രോഗികളുടെ മൃതദേഹം ഒഴുകി നടക്കുന്നുവെന്ന വാർത്ത പുറത്തുവന്നതിനു പിന്നാലെയാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം. “ആശുപത്രിയിൽ ക്യൂ നീണ്ടുപോകുകയാണ്, നദിയിൽ മൃതദേഹങ്ങൾ ഒഴുകി നടക്കുന്നു. സുരക്ഷിതമായി ജീവിക്കാനുള്ള അവകാശത്തെ കാർന്നെടുക്കുകയാണ്. പ്രധാനമന്ത്രീ, സെൻട്രൽ വിസ്ത ഒഴികെയുള്ളതൊന്നും കാണാൻ സാധിക്കാത്ത നിങ്ങളുടെ പിങ്ക് കണ്ണട എടുത്തുമാറ്റൂ.” എന്നാണ് രാഹുലിന്റെ പ്രതികരണം.
ബിഹാറിലെ ബക്സറിൽ പാതി കരിഞ്ഞ കൊവിഡ് രോഗികളുടെ മൃതദേഹങ്ങൾ ഒഴുകിയെത്തിയിരുന്നു. ഉത്തർപ്രദേശിൽ നിന്നും ഒഴുകിയെത്തിയ മൃതദേഹങ്ങളാണ് ഇവയെന്നാണ് സംശയിക്കുന്നത്.
രാജ്യത്തിനു വേണ്ടത് ഓക്സിജനാണെന്നും പ്രധാനമന്ത്രിക്ക് താമസിക്കാനുള്ള വസതിയല്ലെന്നും രാഹുൽ വിമർശനം ഉന്നയിച്ചിരുന്നു. സെൻട്രൽ വിസ്ത പദ്ധതി പാഴ്ചെലവാണെന്നും അദ്ദേഹം പറഞ്ഞു.