പങ്കു വെക്കലിന്റെ പാഠങ്ങൾ പകർന്ന് കൾച്ചറൽ ഫോറം ഈദ് വിരുന്ന്
ദോഹ: ആഘോഷങ്ങളിൽ പ്രയാസപ്പെടുന്നവരെ ചേർത്തു പിടിക്കുക എന്ന സന്ദേശമുയർത്തി ബലി പെരുന്നാൾ ദിവസം കൾച്ചറൽ ഫോറം വനിതാ കൂട്ടായ്മ നടുമുറ്റവും കൾച്ചറൽ ഫോറം കമ്മ്യൂണിറ്റി സർവീസ് വിങ്ങും ടീം വെൽഫെയറും ചേർന്നു നടത്തിയ ഈദ് വിരുന്ന് ശ്രദ്ധേയമായി.
കൾച്ചറൽ ഫോറം സംസ്ഥാന സമിതി അംഗങ്ങളായ ആബിദ സുബൈർ, സജ്‌ന സാക്കി, റുബീന മുഹമ്മദ് കുഞ്ഞി, വിവിധ ഏരിയ കൺവീനർമാരായ സനിയ, ഇലൈഹി സബീല, ഹുമൈറ, സമീന, നജ്‌ല, നുഫൈസ, സകീന, കദീജാബി, ഫാത്തിമ സുഹ്‌റ എന്നിവരുടെ നേതൃത്വത്തിലാണ് ആയിരത്തോളം ഭക്ഷണ പൊതികൾ നടുമുറ്റം വനിതകൾ വ്യത്യസ്ത ഏരിയകളിൽ നിന്നായി തയ്യാറാക്കിയത്.
ഇൻഡസ്ട്രിയൽ ഏരിയ സ്ട്രീറ്റ് 41 ക്യാപിറ്റൽ ടാക്സി, സ്ട്രീറ്റ് 38 പനോരമ, സ്ട്രീറ്റ് 20 വോൾഗാസ്, അബൂനഖ്ല എന്നിവിടങ്ങളിലെ വിവിധ ക്യാമ്പുകളിലായി ജോലിയും ശമ്പള പ്രതിസന്ധിയും അനുഭവിക്കുന്ന ആയിരത്തോളം ആളുകൾക്കാണ് ഈദ് വിരുന്നൊരുക്കിയത്.
കൾച്ചറൽ ഫോറം ജനറൽ സെക്രട്ടറി മജീദ് അലി, കൾച്ചറൽ ഫോറം സ്റ്റേറ്റ് കമ്മിറ്റി അംഗവും കോവിഡ് റിലീഫ് സെൽ കൺവീനറുമായ റഷീദ് അലി, ടീം വെൽഫെയർ ക്യാപ്റ്റൻ നിസ്താർ, ടീം വെൽഫെയർ വൈസ് ക്യാപ്റ്റന്മാരായ സഞ്ജയ് ചെറിയാൻ,സിദ്ധീഖ് കമ്മ്യൂണിറ്റി സർവീസ് എക്സിക്യൂട്ടീവ് അംഗം ഡോ. നൗഷാദ്, സൈനുദ്ദീൻ നാദാപുരം എന്നിവർ വിതരണത്തിന് നേതൃത്വം നൽകി. കൾച്ചറൽ ഫോറം ആക്ടിങ് പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി തൊഴിലാളികളോട് ഈദ് വിരുന്നിന്റെ സന്ദേശം കൈമാറി.