Crime News Malayalam News
കാട്ടാക്കട: ടിപ്പർ ഉടമയെ ബൈക്ക് തടഞ്ഞ് ആക്രമിച്ച കേസിൽ മൂന്ന് പേർ കൂടി പിടിയിൽ. മാറനല്ലൂർ വെളിയംകോട് മേലാരിയോട് ഉണ്ടുവെട്ടി ക്ഷേത്രത്തിന് സമീപം ചിറത്തലയ്ക്കൽ റോഡരികത്ത് വീട്ടിൽ ലാലു എന്ന അനീഷ് ലാൽ, ഊരൂട്ടമ്പലം വെള്ളൂർക്കോണം സ്വദേശി വിഷ്ണുദത്തൻ, വിതുര ആനപ്പാറ സ്വദേശി രഞ്ജിത്ത് കാണി എന്നിവരെയാണ് ഇൻസ്‌പെക്ടർ എൻ.ഗിരീഷിൻറെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
കേസിലെ ഒന്നാം പ്രതി മാറനല്ലൂർ കൂവളശ്ശേരി നവോദയ സ്വദേശി ശ്രീക്കുട്ടൻ എന്നും ടൂൾ കുട്ടൻ എന്നും വിളിക്കുന്ന എസ്.മിഥുൻ, ഊരൂട്ടമ്പലം വെള്ളൂർക്കോണം അജിതാ ഭവനിൽ ബ്രഹ്മദത്തൻ എന്നിവർ കഴിഞ്ഞ ദിവസം പിടിയിലായി. ചൊവ്വാഴ്ച വൈകുന്നേരം 4.30- ഓടെ കൊറ്റമ്പള്ളി പേരൂർക്കോണത്ത് വച്ച് പ്രതികൾ ഉൾപ്പെടുന്ന സംഘം ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന ഉത്തമൻനായരെ വഴിയിൽ തടഞ്ഞ് മർദിക്കുകയും വെട്ടി പരിക്കേൽപ്പിക്കുകയുമായിരുന്നു.
ഉത്തമൻറെ മുൻ ഡ്രൈവറായിരുന്നു പ്രതിയായ മിഥുൻ. ഇവർ തമ്മിൽ പണം ഇടപാടിനെ ചൊല്ലി തർക്കം ഉണ്ടായിരുന്നു. ഇതിൻറെ വൈരാഗ്യത്തിലാണ് പ്രതികൾ ചേർന്ന് ഉത്തമനെ ആക്രമിച്ചതെന്നാണ് പോലീസ് പറയുന്നത്. അറസ്റ്റു ചെയ്ത പ്രതികളെ കാട്ടാക്കട കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിട്ടുണ്ട്.
<https://zeenews.india.com/malayalam/crime-news/three-more-arrested-in-the-case-of-slashing-the-tipper-owner-in-kattakada-193455