ജോസ് കെ മാണിയുടെ മോഹങ്ങള്‍ക്ക് തിരിച്ചടി, ആപ്പ് വച്ച് സിപിഐ; വന്‍ പ്രഖ്യാപനം നാളെ
CPI backtracks on Jose K Mani's ambitions; Big announcement tomorrow
ജോസ് കെ മാണി വിഭാഗത്തിന്റെ സ്റ്റിയറിങ് കമ്മിറ്റി യോഗം വെള്ളിയാഴ്ച ഓണ്‍ലൈനായി ചേരുന്നുണ്ട്. സിപിഎമ്മുമായി ജോസ് കെ മാണിയുണ്ടാക്കിയ ധാരണ ഈ യോഗം ചര്‍ച്ച ചെയ്യും. തദ്ദേശ തിരഞ്ഞെടുപ്പില്‍ തങ്ങള്‍ മല്‍സരിക്കുന്ന വാര്‍ഡുകളുടെ കണക്കുകള്‍ വരെ ജോസ് കെ മാണി വിഭാഗം സിപിഎമ്മിന് പട്ടികയായി കൈമാറിയിട്ടുണ്ടെന്നാണ് വിവരം.എല്‍ഡിഎഫ് പ്രവേശനം സംബന്ധിച്ച് സ്റ്റിയറിങ് കമ്മിറ്റി യോഗം തീരുമാനമെടുക്കും. യോഗ ശേഷം ജോസ് കെ മാണി മാധ്യമങ്ങളെ ഇക്കാര്യം അറിയിക്കുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. സിപിഎമ്മുമായി ധാരണയുണ്ടാക്കിയ സാഹചര്യത്തില്‍ മുന്നണി പ്രവേശനത്തിന് തടസമുണ്ടാകില്ല എന്നിരിക്കെയാണ് സിപിഐ ഉടക്കിട്ട് രംഗത്തുവന്നിരിക്കുന്നത്.
ജോസ് കെ മാണി വിഭാഗത്തെ മുന്നണിയില്‍ എടുക്കുന്നത് കൊണ്ട് പ്രത്യേകിച്ച് നേട്ടമുണ്ടാകില്ല എന്നാണ് സിപിഐയുടെ നിലപാട്. സിപിഐ കോട്ടയം ജില്ലാ നേതൃത്വം ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചു കഴിഞ്ഞു. മുന്നണിക്ക് കാര്യമായ പ്രയോജനം ഉണ്ടാകാന്‍ സാധ്യതയില്ലെന്ന് ജില്ലാ സെക്രട്ടറി സികെ ശശധരന്‍ പറഞ്ഞു. ജോസ് കെ മാണി യുഡിഎഫ് വിടുന്നതില്‍ അദ്ദേഹത്തിനൊപ്പമുള്ളവര്‍ക്ക് തന്നെ അഭിപ്രായ വിത്യാസമുണ്ട്. അണികളിലെ വലിയൊരു വിഭാഗം യുഡിഎഫ് വിടുന്നതിന് എതിരാണ്. അതുകൊണ്ടുതന്നെ ജോസ് കെ മാണി എല്‍ഡിഎഫിലെത്തിയാല്‍ നേട്ടം പ്രതീക്ഷിക്കേണ്ടതില്ല. വലിയ അല്‍ഭുതമൊന്നും സംഭവിക്കുമെന്ന് കരുതുന്നില്ലെന്നും ശശിധരന്‍ പറഞ്ഞു.
ജോസ് കെ മാണിയെ എല്‍ഡിഎഫില്‍ എടുക്കുന്നത് സംബന്ധിച്ച് മുന്നണിയില്‍ ചര്‍ച്ച നടന്നിട്ടില്ലെന്നാണ് സികെ ശശിധരന്‍ പറയുന്നത്. സിപിഐയുടെ സീറ്റ് മറ്റു കക്ഷികള്‍ക്ക് വിട്ടുകൊടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സിപിഐ ഉടക്കിട്ട് നില്‍ക്കുന്ന പശ്ചാത്തലത്തില്‍ ജോസ് കെ മാണിയെ മുന്നണിയിലെടുക്കാന്‍ സിപിഎം തയ്യാറാകുമോ എന്നറിയാന്‍ കാത്തിരിക്കണം. അതേസമയം, സഹകരണം ആവശ്യമില്ലന്നും പറ്റുമെങ്കില്‍ ഘടകകക്ഷിയാകണം എന്നാണ് ജോസ് കെ മാണി വിഭാഗത്തെ സിപിഎം അറിയിച്ചിരിക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ സഹകരണവും നിയമസഭാ തിരഞ്ഞെടുപ്പില്‍ ഘടകകക്ഷിയാകാം എന്ന വിധത്തിലാണ് ജോസ് കെ മാണി വിഭാഗത്തിലെ ആദ്യ ചര്‍ച്ചകള്‍. അത് പറ്റില്ലെന്നും ഘടകകക്ഷിയാകണമെന്നും സിപിഎം അറിയിച്ചുവത്രെ.
2015ല്‍ മല്‍സരിച്ച സീറ്റുകള്‍ തങ്ങള്‍ക്ക് വേണം എന്നാണ് തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജോസ് കെ മാണി വിഭാഗം മുന്നോട്ടുവച്ച ആവശ്യം. എന്നാല്‍ ഇതിന് സിപിഎം പൂര്‍ണ സമ്മതം അറിയിച്ചിട്ടില്ല. 2010ലെ കെഎം മാണി-പിജെ ജോസഫ് ലയനത്തിന് മുമ്പുള്ള സീറ്റ് അടിസ്ഥാനമാക്കി നല്‍കാമെന്നാണ് സിപിഎം നല്‍കിയ മറുപടി. നിയമസഭാ തിരഞ്ഞെടുപ്പിലും ഇതേ മാനദണ്ഡം മതി എന്നാണ് സിപിഎം അറിയിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ 13 സീറ്റ് വേണമെന്ന് ജോസ് കെ മാണി വിഭാഗം ആവശ്യപ്പെട്ടിട്ടുണ്ട്. പത്ത് നല്‍കാമെന്ന് സിപിഎം പ്രതികരിച്ചു. അതേസമയം, പാലാ, കാഞ്ഞിരപ്പള്ളി സീറ്റുകളുടെ കാര്യത്തില്‍ എന്‍സിപിയും സിപിഐയും എതിര്‍പ്പ് പ്രകടിപ്പിച്ചു. ഇതും മുന്നണിയില്‍ പുതിയ തര്‍ക്കങ്ങള്‍ക്ക് തിരികൊളുത്തിയേക്കാം.
രണ്ടില ചിഹ്നത്തിന്റെ കാര്യത്തില്‍ ഹൈക്കോടതി തീരുമാനം അടുത്താഴ്ചയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ചിഹ്നം തങ്ങള്‍ക്ക് തന്നെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ജോസ് കെ മാണിയും കൂട്ടരും. ചിഹ്നം ലഭിച്ചാല്‍ ഔദ്യോഗിക കേരള കോണ്‍ഗ്രസ് എന്ന പ്രതീതി കൈവരും. അതോടെ കൂടുതല്‍ നേതാക്കള്‍ കൂടെ നില്‍ക്കുമെന്നും ജോസ് കെ മാണി വിഭാഗം കരുതുന്നു.
എല്‍ഡിഎഫ് പ്രവേശനം പ്രഖ്യാപിച്ചതിന് പിന്നാലെ ജോസ് കെ മാണി രാജ്യസഭാ അംഗത്വം രാജിവയ്ക്കുമെന്നാണ് സൂചന. സിപിഎം ജോസ് കെ മാണിയെ സ്വീകരിക്കാന്‍ എല്ലാ തരത്തിലും ഒരുങ്ങിക്കഴിഞ്ഞു. പാര്‍ട്ടി ഘടകങ്ങളെ ഇക്കാര്യം സിപിഎം അറിയിച്ചിട്ടുണ്ട്. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ ഘടകങ്ങളോടെ ജോസ് കെ മാണി വിഭാഗത്തെ പരിഗണിച്ചുള്ള സീറ്റ് വിഭജനം നടത്താനാണ് നല്‍കിയ നിര്‍ദേശം. അതേസമയം, ജില്ലാതലത്തില്‍ മാത്രമുള്ള സഹകരണത്തിന് സിപിഐ ഒരിക്കലും യോജിക്കില്ലെന്നാണ് അറിയുന്നത്. മുന്നണിയില്‍ ചര്‍ച്ച ചെയ്ത് ധാരണയിലെത്തണം. ഒറ്റയ്ക്കുള്ള ചര്‍ച്ചകള്‍ അംഗീകരിക്കില്ല. സംസ്ഥാന നേതൃത്വങ്ങള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കട്ടെ എന്ന് ചില നേതാക്കള്‍ പറഞ്ഞെങ്കിലും കോട്ടയം ജില്ലാ കമ്മിറ്റി ശക്തമായ വിയോജിപ്പ് പ്രകടിപ്പിക്കുകയും ചെയ്യുന്നു.