കൊവിഷീൽഡ് 400 രൂപയ്‌ക്ക് സംസ്ഥാനങ്ങൾക്ക്, സ്വകാര്യ ആശുപത്രികൾക്ക് 600; തീരുമാനവുമായി സീറം ഇൻസ്റ്റിറ്റ്യൂട്ട്
Covshield for Rs 400 for states and Rs 600 for private hospitals; Serum Institute with decision
ന്യൂഡൽഹി: കൊവിഡ്-19 പ്രതിരോധ വാക്‌സിനായ കൊവിഷീൽഡ് സംസ്ഥാന സർക്കാരുകൾക്ക് 400 രൂപയ്‌ക്ക് നൽകുമെന്ന് സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എസ്‌ഐഐ). സ്വകാര്യ ആശുപത്രികൾക്ക് 600 രൂപയ്‌ക്കുമാകും ഒരു ഡോസ് വാക്‌സിൻ നൽകുക.
രാജ്യത്ത് മേയ് ഒന്ന് മുതൽ 18 വയസിന് മുകളിലുള്ള എല്ലാവർക്കും വാക്‌സിൻ നൽകാനുള്ള തീരുമാനം ഉണ്ടായതിന് പിന്നാലെയാണ് എസ്‌ഐഐ നിർണായക തീരുമാനമെടുത്തത്.
മറ്റ് രാജ്യങ്ങളുടെ വാക്‌സിനുകളുമായി താരതമ്യം ചെയ്യുമ്പോൾ കുറഞ്ഞ വിലയ്‌ക്കാണ് കൊവിഷീൽഡ് വിൽക്കുന്നതെന്ന് സീറം ഇന്‍സ്റ്റിറ്റ്യൂട്ട് വ്യക്തമാക്കി. റഷ്യൻ നിർമ്മിത വാക്‌സിനും ചൈനീസ് വാക്‌സിനും 750 രൂപയ്‌ക്കാണ് വിൽക്കുന്നത്. അമേരിക്കൻ നിർമ്മിത വാക്‌സിൻ്റെ വില 1500 രൂപയാണെന്നും വാർത്താക്കുറിപ്പിലൂടെ കമ്പനി വ്യക്തമാക്കി.
ഉത്പാദനത്തിൻ്റെ അമ്പത് ശതമാനം കേന്ദ്ര സർക്കാരിനായി മാറ്റിവെക്കുകയും ബാക്കി സംസ്ഥാനൾക്കും സ്വകാര്യ ആശുപത്രികൾക്കും നൽകുകയും ചെയ്യുമെന്നും സീറം മേധാവി അദാർ പൂനവലെ വ്യക്തമാക്കി.
ജൂലൈ മാസം അവസാനത്തോടെ വൻ തോതിൽ വാക്‌സിൻ നിർമ്മിച്ച് വിപണിയിൽ എത്തിക്കാൻ കഴിയും.
ഉത്പാദനത്തിൻ്റെ പ്രതിമാസ ശേഷിയിൽ 15 മുതൽ 20 ശതമാനം വരെ വർധനയുണ്ടാകും. മെയ് അവസാനത്തോടെ ഉത്പാദനം വേഗത്തിലാകും. ജൂലൈക്ക് ശേഷം 40 ശതമാനമായി ഉയരും. പ്രതിമാസം കൂടിയ തോതിൽ ഡോസുകൾ നൽകാനാകുമെന്നും അദ്ദേഹം പറഞ്ഞു.