ദോഹ: ശരിയായ രീതിയില്‍ കൊവിഡ് പ്രതിരോധ നടപടികള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് ഖത്തറിലെ അല്‍ ഹസം മാളിലെ സുഗന്ധദ്രവ്യങ്ങളുടെ പ്രദര്‍ശനം പൊതുജനാരോഗ്യ മന്ത്രാലയം രണ്ട് ദിവസത്തേക്ക് നിര്‍ത്തിവച്ചു. എക്സിബിഷന്‍ ഹാളില്‍ അനുവദിച്ച പരിധിയില്‍ കൂടുതല്‍ ആളുകള്‍ ഒത്തുചേര്‍ന്നതും എക്സിബിഷനില്‍ പങ്കെടുത്തവരാവട്ടെ, സാമൂഹിക അകലം പാലിക്കുകയോ മാസ്‌ക് ധരിക്കുകയോ ചെയ്യാതിരുന്നതുമാണ് നടപടിക്ക് കാരണമെന്ന് അധികൃതര്‍ അറിയിച്ചു. അതോടൊപ്പം കൊവിഡ് പെരുമാറ്റച്ചട്ടങ്ങള്‍ പാലിച്ചു കൊണ്ടല്ല പ്രദര്‍ശന ഹാളിലേക്കുള്ള പ്രവേശന കവാടം സജ്ജീകരിച്ചിരിക്കുന്നതെന്നും മന്ത്രാലം കുറ്റപ്പെടുത്തി.
കൊവിഡ് പ്രതിരോധ നടപടികള്‍ പൂര്‍ണമായും പാലിക്കുന്ന രീതിയില്‍ ആവശ്യമായ സംവിധാനങ്ങള്‍ സംഘാടകര്‍ ഒരുക്കിയാല്‍ മാത്രമേ രണ്ട് ദിവസത്തിനു ശേഷം എക്സിബിഷന്‍ പുനരാരംഭിക്കാന്‍ അനുവദിക്കൂ. രാജ്യത്ത് ഇതിനകം അനുമതി നല്‍കപ്പെട്ടിട്ടുള്ള എക്‌സിബിഷനുകളിലും പരിപാടികളിലും കൊവിഡ് പെരുമാറ്റച്ചട്ടങ്ങള്‍ കൃത്യമായി പാലിക്കപ്പെടുന്നുവെന്ന് സംഘാടകര്‍ ഉറപ്പുവരുത്തണമെന്നും അല്ലാത്ത പക്ഷം അവ നടത്താന്‍ അനുവദിക്കില്ലെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
അതിനിടെ, ക്വാറന്റൈന്‍ വ്യവസ്ഥകള്‍ ലംഘിച്ച ആറു പേരെ കൂടി ഞായറാഴ്ച ഖത്തര്‍ പോലിസ് അറസ്റ്റ് ചെയ്തു. അറബ് സ്വദേശികളാണ് അറസ്റ്റിലായവരെല്ലാം. ഇവര്‍ക്കെതിരേ വിവിധ വകുപ്പുകള്‍ പ്രകാരം നടപടിയെടുക്കുമെന്നും പോലിസ് അറിയിച്ചു. കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ശക്തമായ നടപടികളാണ് ഖത്തര്‍ അധികൃതര്‍ കൈക്കൊണ്ടുവരുന്നത്. പൊതു സ്ഥലങ്ങളില്‍ മാസ്‌ക്ക് ധരിക്കാത്തതിന് നൂറുകണക്കിനാളുകള്‍ക്കെതിരേയാണ് ഓരോ ദിവസവും ഖത്തര്‍ പോലിസ് കേസെടുക്കുന്നത്.
ഞായറാഴ്ച 171 പുതിയ കൊവിഡ് കോസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 125 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗബാധ. 46 പേര്‍ രാജ്യത്തിന് പുറത്തുനിന്നെത്തിയവരാണ്. ഇന്നലെ 211 പേര്‍ രോഗമുക്തി നേടുകയുമുണ്ടായി. ഇതിനകം 138,648 പേര്‍ക്ക് ഖത്തറില്‍ കൊവിഡ് ബാധിതരായി. 2,549 പേരാണ് നിലവില്‍ ചികില്‍സയിലുള്ളത്. 237 പേര്‍ കൊവിഡ് മൂലം മരിച്ചു.