Kerala

സംസ്ഥാനത്ത് കൊവിഡ് വാക്‌സിൻ ഈ മാസം മുതൽ

Covid vaccine in the state from this month

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ്-19 വാക്‌സിൻ ഈ മാസം തന്നെ കിട്ടിത്തുടങ്ങുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആരോഗ്യ പ്രവർത്തകർക്കാകും ആദ്യം വാക്‌സിൻ നൽകുക. വാക്‌സിൻ സ്വീകരിക്കാൻ എല്ലാ ആരോഗ്യപ്രവർത്തകരും തയ്യാറാകണമെന്നും മുഖ്യമന്ത്രി കൊവിഡ് അവലോകന യോഗത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു.

വാക്‌സിൻ വിതരണത്തിന് രാജ്യം തയ്യാറായി കഴിഞ്ഞിരുന്നു. ഏത് വാക്‌സിനാണ് അനുമതി നൽകുകയെന്ന കാര്യത്തിൽ ഔദ്യോഗിക പ്രസ്‌താവന കേന്ദ്ര സർക്കാർ നൽകിയിട്ടില്ല. അസ്ട്രസെനെക്കയും ഓക്സ്ഫോർഡ് സർവകലാശാലയും വികസിപ്പിച്ചെടുത്ത ഓക്‌സ്‌ഫഡ് വാക്‌സിന് ഡിസിജിഐ അനുമതി നൽകിയതായി വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്‌തിരുന്നു.

ഇന്ത്യയിൽ കൊവിഷീൽഡ് വാക്‌സിന് വിദഗ്‌ധ സമിതി അനുമതി നൽകിയേക്കുമെന്ന് റിപ്പോർട്ട് മുൻപ് പുറത്തുവന്നിരുന്നു. അടിയന്തര ഉപയോഗത്തിന് കൊവിഷീൽഡിനെ വിദഗ്‌ധ സമിതി ശുപാർശ ചെയ്യുമെന്നാണ് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്‌തിരുന്നത്.

അതേസമയം, സർക്കാർ കേരളത്തിൽ കൂടുതൽ ഇളവുകൾ നൽകുകയാണ്. സംസ്ഥാനത്തെ സിനിമാ തിയേറ്ററുകള്‍ ജനുവരി അഞ്ച് ചൊവ്വാഴ്ച മുതല്‍ തുറന്നു പ്രവര്‍ത്തിക്കും. ഒരു വര്‍ഷമായി അടച്ചിട്ട സിനിമാ തീയറ്ററുകൾ ജനുവരി അഞ്ച് മുതൽ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട ഉത്സവങ്ങളും കലാപരിപാടികളും നിയന്ത്രണങ്ങൾ പാലിച്ച് ജനുവരി അഞ്ച് മുതൽ ആരംഭിക്കാം. എക്‌സിബിഷൻ ഹാളുകൾ നിയന്ത്രണങ്ങളോടെ അനുവദിക്കും. സ്‌പോട്‌സ് പരിശീലനങ്ങൾ അനുവദിക്കും. എസ്‌സി, എസ്‌ടി വിദ്യാർഥികൾക്കായുള്ള ഹോസ്‌റ്റലുകൾ നിയന്ത്രണങ്ങളോടെ തുറന്ന് പ്രവർത്തിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button