കൊവിഡ് വാക്‌സിൻ എത്തുന്നു; ഡൽഹി, ഹൈദരാബാദ് വിമാനത്താവളങ്ങൾ സജ്ജം
Covid vaccine arrives; Delhi and Hyderabad airports are ready
ന്യൂഡൽഹി: കൊവിഡ്-19 വാക്‌സിൻ 2021 ആദ്യത്തോടെ ലഭ്യമാകുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്ന സാഹചര്യത്തിൽ വിമാനത്താവളങ്ങൾ ഒരുങ്ങുന്നു. വാക്‌സിൻ സൂക്ഷിക്കാൻ കഴിയുന്ന ശീതീകരിച്ച കണ്ടെയ്‌നറുകൾ ഡൽഹി, ഹൈദരാബാദ് വിമാനത്താവളങ്ങളിൽ സജ്ജമാക്കും.
വാക്‌സിൻ രാജ്യത്ത് എത്തിയാൽ ശീതീകരിച്ച് സൂക്ഷിക്കാനാണ് രണ്ട് വിമാനത്താവളങ്ങളിലും ആധുനിക തരത്തിലുള്ള സംവിധാനങ്ങൾ തയ്യാറെടുക്കുന്നത്. ഇതിനായി പ്രതേക സ്ഥലങ്ങളും വൈകാതെ കണ്ടെത്തും. താപനില മൈനസ് 20 ഡിഗ്രി സെല്‍ഷ്യസ് വരെ ക്രമീകരിക്കാവുന്ന കൂള്‍ ചേംബറുകള്‍, വാക്‌സിന്‍ അടക്കമുള്ളവ സുരക്ഷിതമായി വിമാനങ്ങളില്‍നിന്ന് കാര്‍ഗോ ടെര്‍മിനലുകളിലേക്ക് എത്തിക്കുന്നതിനുള്ള പ്രത്യേക ട്രോളികള്‍ എന്നിവ രണ്ടിടത്തുമുണ്ട്.
അതേസമയം, കൊവിഡ് വാക്‌സിന് അംഗീകാരം നൽകണമെന്നാവശ്യപ്പെട്ട് പുനെ സിറം ഇൻസ്റ്റിറ്റ്യൂട്ടും ഫൈസർ ഇന്ത്യയും സമർപ്പിച്ച അപേക്ഷകളിൽ രണ്ടാഴ്‌ചയ്‌ക്കുള്ളിൽ തീരുമാനമുണ്ടാകും. കൊവിഡ് മഹാമാരിയുടെ സാഹചര്യം പരിഗണിച്ചും ജനനന്മ കണക്കിലെടുത്തും വാക്സിൻ അടിയന്തരമായി ഉപയോഗിക്കാൻ അനുവദിക്കണമെന്നാണ് കമ്പനി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. ഭാരത് ബയോടെകിന്‍റെ കൊവാക്സിനും അടിയന്തര ഉപയോഗത്തിന് അനുമതി തേടി അപേക്ഷ സമർപ്പിച്ചിരിക്കുകയാണ്.
കൊവിഡ് വാക്‌സിൻ്റെ മൂന്ന് കോടി ഡോസുകൾ സൂക്ഷിക്കാനുള്ള ശീതീകരിച്ച സൗകര്യങ്ങൾ രാജ്യത്തുണ്ടെന്നാണ് കേന്ദ്ര സർക്കാർ വ്യക്തമാക്കുന്നത്. മനുഷ്യ സ്‌പർശമേൽക്കാതെ വാക്‌സിൻ സൂക്ഷിക്കാനും കൈകാര്യം ചെയ്യാനുമാണ് സർക്കാർ ശ്രമം.
രാജ്യത്ത് കൊവിഡ് വാക്‌സിൻ ഏതാനും ആഴ്ചകള്‍ക്കുള്ളിൽ വിതരണത്തിന് തയ്യാറാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിരുന്നു. സർക്കാർ – സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന ഒരു കോടിയോളം വരുന്ന ആരോഗ്യ പ്രവർത്തകർക്ക് കൊവിഡ് വാക്‌സിൻ ആദ്യം നൽകുക. അടുത്ത ഘട്ടത്തിൽ രണ്ട് കോടിയോളം വരുന്ന കൊവിഡ് മുന്നണിപ്പോരാളികൾക്ക് വാക്‌സിൻ നൽകും. ഡോക്‌ടർമാർ, നഴ്‌സുമാർ, പോലീസ് ഉദ്യോഗസ്ഥർ, സായുധ സേനാംഗങ്ങൾ, മുനിപ്പൽ തൊഴിലാളികൾ എന്നിവർക്കാകും ആദ്യഘട്ടത്തിൽ വാക്‌സിൻ ലഭിക്കുക.