Kerala

രണ്ട് ദിവസത്തിനുള്ളിൽ 2.5 ലക്ഷം പേർക്ക് കൊവിഡ് പരിശോധന; നിയന്ത്രണങ്ങൾ വിശദീകരിച്ച് സർക്കാർ

Covid test for 2.5 lakh people in two days; Government explaining the restrictions

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ നാളെയും മറ്റന്നാളുമായി രണ്ടര ലക്ഷം പേര്‍ക്ക് കൊവിഡ് പരിശോധന നടത്താൻ സർക്കാർ തീരുമാനിച്ചു. വിപുലമായ പരിശോധനയ്ക്കുള്ള സൗകര്യങ്ങള്‍ എല്ലാ ജില്ലകളിലും ഒരുക്കി. മുഖ്യമന്ത്രി പിണറായി വിജയൻ്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കൊവിഡ് അവലോകന യോഗത്തിലാണ് ഈ തീരുമാനം ഉണ്ടായത്.

കൊവിഡ് പരിശോധനകളുടെ കാര്യത്തിൽ നിശ്ചയിച്ച ടാർജറ്റ് ജില്ലകള്‍ പൂർത്തിയാക്കണം. വ്യാപകമായ കൊവിഡ് പരിശോധന, കർശനമായ നിയന്തണം, ഊർജിതമായ വാക്‌സിനേഷൻ എന്നീ മൂന്നു തലങ്ങളിലൂടെ കൊവിഡ് വ്യാപനം തടയാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. ഇതിനായി എല്ലാ വകുപ്പുകളും സഹകരിച്ച് ഏകോപിതമായി കാര്യങ്ങള്‍ നീക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഉയര്‍ന്ന തോതില്‍ വ്യാപനം നടക്കുന്ന പ്രദശങ്ങളിലും മാര്‍ക്കറ്റുകളിലും മൊബൈല്‍ ആര്‍ടിപിസിആര്‍ ടെസ്റ്റിംഗ് യൂണിറ്റുകള്‍ ഉപയോഗപ്പെടുത്തും.

തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ സജീവമായി പങ്കെടുത്ത എല്ലാവരെയും കൊവിഡ് ടെസ്‌റ്റ് ചെയ്യും. കൊവിഡ് മുന്നണി പ്രവർത്തകർ, കൊവിഡ് വ്യാപനം വളരെ വേഗം നടക്കുന്ന സ്ഥലങ്ങളില്‍ ജീവിക്കുന്നവര്‍, ധാരാളം ആളുകളുമായി സമ്പര്‍ക്കം പുലര്‍ത്തുന്ന പൊതുഗതാഗത മേഖല, ഹോസ്പിറ്റാലിറ്റി, ടൂറിസം മേഖല, ഷോപ്പുകള്‍, ഹോട്ടലുകള്‍, മാര്‍ക്കറ്റുകള്‍, സേവനകേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്നവര്‍, ഡെലിവറി എക്‌സിക്യൂട്ടീവുകള്‍ മുതലായ ഹൈറിസ്‌ക് ആളുകളെ കണ്ടെത്തി ടെസ്റ്റ് ചെയ്യും.

അടുത്ത രണ്ടാഴ്ച ഫലപ്രദമായ നടപടികള്‍ ഉണ്ടാവണം. കണ്ടെന്‍മെന്റ് സോണുകള്‍ നിര്‍ണയിക്കുന്നത് കൊവിഡ് പരിശോധനയ്ക്ക് തടസമാവുന്ന രീതിയിലാവരുത്. പരീക്ഷാ കാലമായതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ യാത്രാസൗകര്യം ഏര്‍പ്പെടുത്തണം.

തിരക്കുള്ള മാളുകള്‍, മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളില്‍ അതീവ ശ്രദ്ധ പുലര്‍ത്തണം. അവിടങ്ങളില്‍ ആളുകള്‍ കൂടുന്നത് നിയന്ത്രിക്കണം. വിവാഹം, ഗൃഹപ്രവേശം ഉള്‍പ്പെടെയുള്ള പൊതുപരിപാടികള്‍ നടത്തുന്നതിന് നേരത്തെ ഉണ്ടായിരുന്നതുപോലെ മൂന്‍കൂര്‍ അനുമതി വാങ്ങണം. ഇൻഡോർ പരിപാടികളിൽ പങ്കെടുക്കാവുന്നവരുടെ എണ്ണം എഴുപത്തിയഞ്ചായും ഔട്ട്ഡോർ പരിപാടികളിൽ നൂറ്റമ്പതായും പരിമിതപ്പെടുത്തി.

എല്ലായിടത്തും ശാരീരിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. ട്യൂഷന്‍ സെന്ററുകള്‍ രോഗവ്യാപനത്തിനിടയാക്കരുത്. അക്കാര്യം അതത് സ്ഥലത്തെ ആരോഗ്യവകുപ്പും മറ്റും ഉറപ്പാക്കണം. ബോധവൽക്കരണത്തിന് ഉതകുന്ന സന്ദേശങ്ങൾ നൽകാൻ മാധ്യമങ്ങൾ സ്വമേധയാ തയ്യാറാവണം. ഉത്സവങ്ങളിലും മതപരമായ ചടങ്ങുകളിലും ആള്‍ക്കാര്‍ കൂടാതെ ശ്രദ്ധിക്കണം. ഇക്കാര്യത്തില്‍ മതനേതാക്കള്‍ സഹകരിക്കുന്നുണ്ട്. ജില്ലാ ഭരണാധികാരികള്‍ അതത് പ്രദേശത്തെ മതനേതാക്കളുമായും വ്യാപാരി വ്യവസായികളെയും വിളിച്ച് സംസാരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button