വോട്ടെണ്ണൽ സ്ഥാനാര്‍ഥിക്ക് കൊവിഡ് നെഗറ്റിവ് റിപ്പോര്‍ട്ട് നിര്‍ബന്ധം: തെര. കമ്മീഷൻ
Covid Negative Report Mandatory for Counting Candidate: Election Commission
ന്യൂഡൽഹി: രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം വരാനിരിക്കെ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. ഞായറാഴ്ച വോട്ടെണ്ണൽ കേന്ദ്രങ്ങളില്‍ പ്രവേശിക്കുന്നതിനാണ് കൊവിഡ് നെഗറ്റീവ് റിപ്പോര്‍ട്ട് വേണമെന്നാണ് കമ്മീഷൻ നിര്‍ദ്ദേശിച്ചിരിക്കുന്നത്.
കൊവിഡ് നെഗറ്റീവ് റിപ്പോര്‍ട്ട് ഇല്ലാത്ത പക്ഷം രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചതായുള്ള സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണെന്നും റിപ്പോര്‍ട്ടുണ്ട്.
പഞ്ചിമ ബംഗാൾ, തമിഴ്‌നാട്, കേരളം, അസം, പുതുച്ചേരി എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് ഫലമാണ് ഞായറാഴ്ച വരുന്നത്. അടുത്തിടെ, തെരഞ്ഞെടുപ്പ് ഫലങ്ങളിൽ വിജയാഘോഷങ്ങൾ പാടില്ലെന്ന് തെരഞ്ഞെടുപ്പ് സമിതി വ്യക്തമാക്കിയിരുന്നു.
അതിന് പുറമെ, ഇന്ന് പുറത്തിറക്കിയ പുതിയ ഉത്തരവിൽ, മെയ് 2 (ഞായറാഴ്ച) വോട്ടെണ്ണൽ കേന്ദ്രങ്ങൾക്ക് പുറത്ത് പൊതുജനസംഗമം നടത്തുന്നത് തെരഞ്ഞെടുപ്പ് കമ്മീഷൻ നിരോധിച്ചു. 48 മണിക്കൂറിൽ കൂടുതൽ പഴക്കമില്ലാത്ത നെഗറ്റീവ് ആർടി-പിസിആർ പരിശോധനയ്ക്ക് ശേഷം മാത്രമേ സ്ഥാനാർത്ഥികളെയും അവരുടെ ഏജന്റുകളെയും അനുവദിക്കൂ എന്നും പുതിയ ഉത്തരവിൽ വ്യക്തമാക്കുന്നത്.
വോട്ടെണ്ണൽ ദിവസത്തിന് മൂന്ന് ദിവസം മുൻപ് ലിസ്റ്റ് നൽകേണ്ടതാണെന്നും കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ട്. പശ്ചിമ ബംഗാളിൽ അവസാനഘട്ട തെരഞ്ഞെടുപ്പ് നാളെയാണ് നടക്കുന്നത്. രാജ്യത്ത് കൊവിഡ് കേസുകള്‍ ശക്തമായി ഉയര്‍ന്ന് വരികയാണ്. കൊവിഡിന്റെ പശ്ചാത്തലത്തിൽ മാസ്കുകള്‍ സാമൂഹിക അകലം എന്നീ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പാലിച്ചായിരിക്കും തെരഞ്ഞെടുപ്പ്.
രാജ്യത്ത് ഇന്ന് 24 മണിക്കൂറിനിടെ 3,60,960 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞദിവസം 2,61,162 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം 14,78,27,367 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 3293 മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്