കൊവിഡ് വ്യാപനം: നാല് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ചർച്ച നടത്തി
Covid expansion: The Prime Minister held talks with the Chief Ministers of the four states

ന്യൂഡല്‍ഹി: കൊവിഡ് രണ്ടാം തരംഗത്തിനെതിരെ രാജ്യം പോരാടുന്നതിനിടെ നാല് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ടെലിഫോണിലൂടെയാണ് നാല് സംസ്ഥാനങ്ങളിലെ കൊവിഡ് സാഹചര്യം പ്രധാനമന്ത്രി വിലയിരുത്തിയത്. ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ്, പുതുച്ചേരി മുഖ്യമന്ത്രിമാരുമായാണ് പ്രധാനമന്ത്രി സംസാരിച്ചത്.
നേരത്തെ പല സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും മുഖ്യമന്ത്രിമാരുമായി ഫോണിലൂടെ ബന്ധപ്പെട്ട് പ്രധാനമന്ത്രി കൊവിഡ് -19 സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. ഇതിന്‍റെ ഭാഗമായാണ് നാല് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായും സംസാരിച്ചത്.
കൊവിഡ് സാഹചര്യത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വിശദമായ ചര്‍ച്ച നടത്തിയെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ട്വിറ്ററിൽ കുറിച്ചു. കിടക്കകളുടെ ലഭ്യത, ഓക്‌സിജന്‍ വിതരണം, സൗജന്യ പ്രതിരോധ കുത്തിവയ്പ്പ്, മെച്ചപ്പെട്ട ചികിത്സ എന്നിവയെക്കുറിച്ച് പ്രധാനമന്ത്രി സംസാരിച്ചു. വാക്‌സിന്‍ പാഴാക്കല്‍ എങ്ങനെ തടയാം എന്നതിനെക്കുറിച്ചും പ്രധാനമന്ത്രി നിര്‍ദ്ദേശങ്ങള്‍ നല്‍കിയെന്നും യുപി മുഖ്യമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു.
സംസ്ഥാനത്ത് കൊവിഡ് പരിശോധന വര്‍ധിപ്പിച്ചിട്ടുണ്ടെന്നും പോസിറ്റിവിറ്റി നിരക്ക് ക്രമമായി കുറയുന്നുണ്ടെന്നും ഗ്രാമപ്രദേശങ്ങളില്‍ ശ്രദ്ധ ചെലുത്തുന്നുണ്ടെന്നും ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗേല്‍ പ്രധാനമന്ത്രിയെ അറിയിച്ചു. സംസ്ഥാനത്തിന് കൂടുതൽ വാക്‌സിനുകള്‍ നല്‍കണമെന്നും പ്രധാനമന്ത്രിയോട് അദ്ദേഹം അഭ്യര്‍ഥിച്ചു.
അതേസമയം കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 3,11,170 പുതിയ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 2,46,84,077 ആയി ഉയർന്നു. 4,077 കൊവിഡ് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. ഇതോടെ ആകെ മരണസംഖ്യ 2,70,284 ആയി ഉയർന്നു.