കൊവിഡ് വ്യാപനം; ഇന്ത്യയിൽ നിന്നുള്ള യാത്രികർക്ക് നിയന്ത്രണങ്ങളുമായി അമേരിക്ക
Covid diffusion; US imposes restrictions on travelers from India
വാഷിങ്ടൺ: കൊവിഡ് രണ്ടാം തരംഗം രൂക്ഷമായ ഇന്ത്യയിൽ നിന്നുള്ള യാത്രികർക്ക് നിയന്ത്രണങ്ങളേർപ്പെടുത്തി അമേരിക്ക. നിയന്ത്രണങ്ങൾ ചൊവ്വാഴ്ച മുതൽ പ്രാബല്യത്തിൽ വരുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. ജനിതക വ്യതിയാനം സംഭവിച്ച കൊവിഡ് കേസുകളുടെ വ്യാപന പശ്ചാത്തലത്തിലാണ് തീരുമാനമെന്നാണ് അമേരിക്ക വ്യക്തമാക്കുന്നത്.
14 ദിവസത്തിലധികം ഇന്ത്യയിൽ കഴിഞ്ഞ വിദേശ പൗരന്മാർക്ക് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അമേരിക്കയിലേക്ക് യാത്ര ചെയ്യാൻ കഴിയില്ല. അമേരിക്കൻ പൗരന്മാർക്കും ഗ്രീൻ കാർഡ് ഉള്ളവർക്കും, അമേരിക്കൻ പൗരന്മാരുടെ അടുത്ത ബന്ധുക്കൾക്കും മനുഷ്യാവകാശ പ്രവർത്തകർക്കും യാത്രാവിലക്ക് ബാധകമാകില്ലെന്നാണ് റിപ്പോർട്ട്.
യാത്രാവിലക്കുമായി ബന്ധപ്പെട്ട ഉത്തരവിൽ അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ ഒപ്പുവെച്ചു. സെന്‍റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്‍റെ നിർദേശപ്രകാരമാണ് ഇത്തരമൊരു തീരുമാനമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെൻ പെസ്കി അറിയിച്ചു. അടിയന്തര സാഹചര്യങ്ങളിൽ പ്രത്യേക ഇളവുകൾ അനുവദിച്ചേക്കും. യാത്രാവിലക്ക് ബാധകമല്ലാത്തവർക്ക് അമേരിക്കയിൽ പ്രവേശിക്കണമെങ്കിൽ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധവുമാണ്.
കൊവിഡ് പശ്ചാത്തലത്തില്‍ പൗരൻമാരോട് എത്രയും വേഗം ഇന്ത്യ വിടാൻ അമേരിക്ക ഉപദേശിച്ചതായി കഴിഞ്ഞദിവസം റിപ്പോർട്ടുകളുണ്ടായിരുന്നു. ആശുപത്രികളിലെ സൗകര്യക്കുറവ് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. ഇന്ത്യയിൽ നിന്നുള്ള വിമാന സർവ്വീസ് തുടരുകയാണെന്നും സുരക്ഷിതസമയത്ത് ഇന്ത്യ വിടണമെന്നുമായിരുന്നു അറിയിപ്പിൽ പറഞ്ഞത്. ഇതിന് പിന്നാലെയാണ് ഇന്ത്യയിൽ നിന്നുള്ള യാത്രികർക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.