നാലാംഘട്ട കോവിഡ് നിയന്ത്രണ ഇളവുകളുടെ ആദ്യ ഭാഗം സെപ്റ്റംബർ 1 മുതൽ
The first batch of the fourth phase of Covid control exemptions is from September 1st
ദോഹ: ഖത്തറിൽ കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി നടപ്പിലാക്കിയ നിയന്ത്രണങ്ങൾ ക്രമേണ എടുത്തു മാറ്റുന്നതിന്റെ നാലാംഘട്ടം രണ്ടു പ്രാവശ്യമായി നടപ്പാക്കുമെന്ന് ക്രൈസിസ് മാനേജ്‌മെന്റ് സുപ്രിം കമ്മിറ്റി അറിയിച്ചു. കോവിഡ് വ്യാപനം തടയുന്നതിൽ മുഖ്യ പങ്കു വഹിച്ച രാജ്യത്തെ എല്ലാ ജനങ്ങളോടും സുപ്രീം കമ്മിറ്റി നന്ദിയറിയിച്ചു. നിയന്ത്രണ ഇളവുകളുടെ ആദ്യഘട്ടം സെപ്തംബര് 1 മുതൽ ആരംഭിക്കും. സാഹചര്യങ്ങൾ കണക്കിലെടുത്ത് സെപ്റ്റംബർ മൂന്നാം വാരം മുതൽ നിയന്ത്രണങ്ങൾ കൂട്ടുകയാണോ കുറക്കുകയാണോ വേണ്ടതെന്ന കാര്യത്തിൽ തീരുമാനമെടുക്കുമെന്നും സുപ്രിംകമ്മിറ്റി അറിയിപ്പിൽ പറയുന്നു.
സപ്തംബര്‍ 1 മുതലുള്ള ആദ്യ ഘട്ടത്തില്‍ ഇളവ് നല്‍കുന്ന മേഖലകള്‍ ഇനിപറയുന്നവയാണ്.
1. എല്ലാ പള്ളികളും ജുമുഅ പ്രാര്‍ഥന ഉള്‍പ്പെടെ എല്ലാ ദിവസങ്ങളിലും തുറക്കും. എന്നാല്‍ ടോയ്‌ലറ്റുകളും ശുചിമുറികളും അടഞ്ഞു തന്നെ കിടക്കും.
2. സര്‍ക്കാര്‍, സ്വകാര്യ ഓഫിസുകളിലെ ഹാജര്‍ നില 80 ശതമാനം എന്നത് തുടരും
3. ഒത്തൂകൂടലുകൾ കെട്ടിടങ്ങൾക്കകത്ത് പരമാവധി 15 പേർക്കും തുറസായ പ്രദേശങ്ങളിൽ 30 പേർക്കും പങ്കെടുക്കാം
4. വിവാഹ ചടങ്ങുകളിൽ കെട്ടിടങ്ങൾക്കകത്ത് പരമാവധി 40 പേര്‍ക്കും തുറസായ പ്രദേശങ്ങളിൽ 80 പേര്‍ക്കും പങ്കെടുക്കാം. ഇഹ്തിറാസ് ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ നിർബന്ധമായും പാലിക്കണം. 2 മീറ്റർ സാമൂഹിക അകലം പാലിക്കണം. തീൻ മേശകളിൽ ഇരിപ്പിടങ്ങൾ 5ൽ കൂടരുത്. ഹസ്ത ദാനങ്ങളും മറ്റു ശാരീരിക സ്പർശനങ്ങളും ഒഴിവാക്കണം
5. വീടുകളിലാണ് പാര്‍ട്ടി നടത്തുന്നതെങ്കിൽ അതാതു വ്യക്തികളും വെഡ്ഡിങ് ഹാളുകളില്‍ അല്ലെങ്കിൽ മറ്റു വേദികളിലാണെങ്കിൽ ബന്ധപ്പെട്ട മാനേജര്‍ർ പങ്കെടുത്തവരുടെ പേര് വിവരങ്ങൾ കൃത്യമായി സൂക്ഷിച്ചിരിക്കണം.
6. സിനിമാ തിയേറ്ററുകള്‍ 15 ശതമാനം എന്ന ശേഷിയില്‍ തുറക്കാം.എന്നാൽ പ്രവേശനം 18 വയസ്സിന് മുകളില്‍ പ്രായമുള്ളവർക്ക് മാത്രമായിരിക്കും.
7. കളിമൈതാനങ്ങളും വിനോദ കേന്ദ്രങ്ങളും അടഞ്ഞു തന്നെ കിടക്കും.
8. പ്രാദേശിക എക്‌സിബിഷനുകള്‍ 30 ശതമാനം എന്ന നിരക്കിൽ നടത്തുവാൻ സാധിക്കും
9. മെട്രോ, പൊതു ഗതാഗത സേവനങ്ങള്‍ എന്നിവ 30 ശതമാനം ശേഷിയിൽ പ്രവർത്തനം പുനരാംഭിക്കും.
10. ഖത്തര്‍ യാത്ര നിയന്ത്രണ പോളിസി നിലവിലുള്ളത് തുടരും. പൊതുജനാരോഗ്യ മന്ത്രാലയം കോവിഡ് റിസ്ക് കുറഞ്ഞ രാജ്യങ്ങളുടെ പട്ടിക കൃത്യ സമയങ്ങളില്‍ പുതുക്കും
11. ഡ്രൈവിങ് സ്‌കൂളുകള്‍ 50 ശതമാനം ശേഷിയില്‍ പ്രവൃത്തിക്കും
12. കായിക മല്‍സരങ്ങളില്‍ ഇൻഡോർ വേദികളിൽ 20 ശതമാനവും മൈതാനങ്ങളിൽ 30 ശതമാനവും കാണികളെ അനുവദിക്കും
13. സ്വകാര്യ ഹെല്‍ത്ത് ക്ലിനിക്കുകള്‍ക്ക് പൂര്‍ണ ശേഷിയില്‍ തന്നെ പ്രവര്‍ത്തിക്കാൻ സാധിക്കും.
14. മാളുകള്‍ സാധാരണ പ്രവത്തന സമയങ്ങളിൽ 50 ശതമാനം ശേഷിയില്‍ പ്രവര്‍ത്തിക്കാം. ഭക്ഷണ ശാലകൾ 30 ശതമാനം ശേഷിയില്‍ പ്രവർത്തിപ്പിക്കാം. മാളുകളിൽ കുട്ടികള്‍ക്കും പ്രവേശനം അനുവദിക്കും.
15. റസ്റ്റോറന്റുകളിൽ വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ നിബന്ധനകൾക്ക് വിധേയമായി 30 ശതമാനം ശേഷിയിൽ പ്രവർത്തനം അനുവദിക്കും.
16. സൂക്കുകള്‍ക്ക് 75 ശതമാനം ശേഷിയില്‍ പ്രവര്‍ത്തിക്കാം. ഹോള്‍സെയില്‍ മാര്‍ക്കറ്റുകളുടെ പ്രവർത്തന ശേഷി 50 ശതമാനമായി വര്‍ധിപ്പിച്ചു.
17. മ്യൂസിയങ്ങളും പബ്ലിക് ലൈബ്രറികളും പൂര്‍ണ ശേഷിയില്‍ സാധാരണ സമയത്ത് പ്രവര്‍ത്തിക്കും. മുന്‍കരുതലുകള്‍ കൃത്യമായി പാലിക്കണം
18. ഹെല്‍ത്ത് ക്ലബ്ബുകള്‍, ജിമ്മുകള്‍, സ്വിമ്മിങ് പൂളുകള്‍ എന്നിവ 50 ശതമാനം ശേഷിയില്‍ പ്രവൃത്തിക്കും. മസ്സാജ്, സോന സര്‍വീസുകള്‍ ഇന്‍ഡോര്‍ സ്വിമ്മിങ് പൂളുകൾ എന്നിവ 30 ശതമാനം ശേഷിയിൽ പ്രവൃത്തിക്കും
19. വീടുകളില്‍ ചെന്നുള്ള ബ്യൂട്ടി, ബാര്‍ബര്‍, മസ്സാജ്, ഫിറ്റ്‌നസ് ട്രെയ്‌നിങ് സേവനങ്ങള്‍ക്ക് വിലക്ക് തുടരും
20. സ്വകാര്യ വിദ്യാഭ്യാസ, പരിശീലന കേന്ദ്രങ്ങള്‍ക്ക് 50 ശതമാനം ശേഷിയില്‍ തുറന്ന് പ്രവര്‍ത്തിക്കാം.
21. ഹോസ്പിറ്റാലിറ്റി, ക്ലീനിങ് സേവനങ്ങള്‍ക്ക് 30 ശതമാനം ശേഷിയില്‍ പ്രവർത്തന മേഖലകളിലും വീടുകളില്‍ ചെന്നും സേവനം നല്‍കാം
ജനങ്ങളുടെ സഹകരണത്തിന്റെയും വൈറസ് വ്യാപനത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും നിയന്ത്രണങ്ങളിൽ മാറ്റംവരുത്തുകയെന്ന് ക്രൈസിസ് മാനേജ്‌മെന്റ് സുപ്രിം കമ്മിറ്റി അറിയിച്ചു.