Entertainment

ബ്രഹ്മാണ്ഡ ചിത്രം ‘പത്തൊൻപതാം നൂറ്റാണ്ട്’

Cosmic film 'Nineteenth Century'

ഹൈലൈറ്റ്:

  • അഞ്ച് വർഷത്തിലേറെയായി സ്വപ്‌നം കാണുന്ന സിനിമ
  • ഏറെ കാലമായി വിലക്കുകൾ നേരിട്ട വിനയന്റെ സ്വപ്നചിത്രം
  • ചിത്രത്തിൽ മലയാളത്തിലെയും സൗത്തിന്ത്യയിലെയും പ്രമുഖതാരങ്ങൾ അഭിനയിക്കുമെന്നും വിനയൻ

വിനയൻ സംവിധാനം ചെയ്യാനൊരുങ്ങുന്ന പുതിയ ചിത്രമാണ് പത്തൊൻപതാം നൂറ്റാണ്ട്. നായകനെ സസ്പെൻസാക്കി വെച്ചു കൊണ്ട് ബാക്കിയുള്ള അൻപതോളം സഹതാരങ്ങളെ വ്യക്തമാക്കിയ സംവിധായകൻ വിനയൻ്റെ പോസ്റ്റ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ബിഗ് ബഡ്ജറ്റിലൊരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രം ‘പത്തൊൻപതാം നൂറ്റാണ്ട്’ നിർമ്മിക്കുന്നത് ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ്.

ചിത്രത്തിലെ അൻപതിലേറെ നടീനടൻമാരുടെ പേര് പുറത്തു വന്നെങ്കിലും നായക നടന്റെ പേര് സസ്പെൻസായി വച്ചിരിക്കുകയാണ്. ജനുവരി ആദ്യവാരത്തിൽ പത്തൊൻപതാം നൂറ്റാണ്ടിലെ അതിസാഹസികനായ നായക കഥാപാത്രം വേലായുധപ്പണിക്കരെ പ്രേക്ഷകർക്കു പരിചയപ്പെടുത്തിക്കൊണ്ടുള്ള ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്യുമെന്ന് സംവിധായകൻ നേരത്തേ അറിയിച്ചിരുന്നു.

ഇപ്പോഴിതാ ചിത്രത്തെ സംബന്ധിച്ച പുത്തൻ വിശേഷം ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ്. ചിത്രത്തിൻ്റെ ഷൂട്ടിങ് അടുത്തമാസം തുടങ്ങുമെന്ന് സംവിധായകൻ അറിയിച്ചിട്ടുണ്ട്. ഇക്കൊല്ലം അവസാനത്തോടെ ചിത്രം തീയേറ്ററുകളിൽ റിലീസു ചെയ്യാനാണ് നിർമ്മാതാക്കളുടെ തീരുമാനം.

തിരുവിതാംകൂർ കൊട്ടാരത്തിന് സിനിമയിൽ വലിയ പ്രാധാന്യമുണ്ടെന്നും കഴിഞ്ഞ ദിവസം കൊട്ടാരത്തിൽ എത്തി പുയ്യം തിരുനാൾ ഗൗരി പാർവ്വതി ഭായിയുമായും അശ്വതി തിരുനാൾ ഗൗരി ലഷ്മി ഭായിയുമായും ശ്രീ ആദിത്യ വർമ്മയുമായും ഏറെ നേരം സംസാരിച്ചുവെന്നും വിനയൻ വ്യക്തമാക്കിയിരിക്കുകയാണ്. സ്വാതി തിരുനാൾ മഹാരാജാവിൻ്റെ ഛായാചിത്രത്തിന് സമീപത്ത് നിന്ന് പകർത്തിയ ചിത്രം പങ്കുവെച്ചുകൊണ്ടാണ് വിനയൻ ഇക്കാര്യം സുഹൃത്തുക്കളെയും ആരാധകരെയും അറിയിച്ചത്. ചിത്രത്തിനൊപ്പം വിനയൻ കുറിച്ചിരിക്കുന്നത് ഇങ്ങനെയാണ്.

‘പത്തൊൻപതാം നൂറ്റാണ്ട്’ എന്ന ചരിത്രസിനിമയുടെ ആവിഷ്കാരത്തിൽ തിരുവിതാംകൂർ കൊട്ടാരത്തിൻെറ പ്രസക്തി ഏറെയാണ്.
കഴിഞ്ഞ ദിവസം കൊട്ടാരത്തിൽ എത്തി പുയ്യം തിരുനാൾ ഗൗരി പാർവ്വതി ഭായിയുമായും അശ്വതി തിരുനാൾ ഗൗരി ലഷ്മി ഭായിയുമായും ശ്രീ ആദിത്യ വർമ്മയുമായും ഏറെ നേരം സംസാരിച്ചു. സ്നേഹ പൂർവ്വം പെരുമാറിയ ബഹുമാന്യ വ്യക്തിത്വങ്ങളോടുള്ള നന്ദി പ്രകാശിപ്പിക്കുന്നു.

ശ്രീ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന പത്തൊൻപതാം നുറ്റാണ്ട് ഈ ഫെബ്രുവരിയിൽ ചിത്രീകരണം ആരംഭിക്കും. ടെക്നിക്കലായി വളരെ ഏറെ ജോലികൾ ഉള്ള ഈ സിനിമ ഈ വർഷം അവസാനമോ അടുത്ത വർഷം ആദ്യമോ തീയറ്ററുകളിൽ എത്തും.’ വിനയൻ കുറിച്ചു.

തട്ടീം മുട്ടീം ഫെയിം ജയകുമാർ, നസീർ സംക്രാന്തി, കൂട്ടിക്കൽ ജയച്ചന്ദ്രൻ, പത്മകുമാർ, മുൻഷി രഞ്ജിത്, ഹരീഷ് പെൻഗൻ, ഉണ്ണി നായർ, ബിട്ടു തോമസ്, മധു പുന്നപ്ര, മീന, കയാദു, രേണു സുന്ദർ, ദുർഗ കൃഷ്ണ, സുരഭി സന്തോഷ്, ശരണ്യ ആനന്ദ്, അനൂപ് മേനോൻ, ചെമ്പൻ വിനോദ്, സുധീർ കരമന, സുരേഷ് ക്യഷ്ണ, ഇന്ദ്രൻസ്, രാഘവൻ, അലൻസിയർ, ശ്രീജിത് രവി, അശ്വിൻ, ജോണി ആന്റണി, ജാഫർ ഇടുക്കി എന്നിവരാണ് ചിത്രത്തിലെ ചില താരങ്ങൾ.

ഇവരെ കൂടാതെ സെന്തിൽ ക്യഷ്ണ, മണിക്കുട്ടൻ, വിഷ്ണു വിനയ്, സ്പടികം ജോർജ്, സുനിൽ സുഗത, ചേർത്തല ജയൻ, കൃഷ്ണ, ബിജു പപ്പൻ, ബൈജു എഴുപുന്ന, ഗോകുലൻ, വികെ ബൈജു, ആദിനാട് ശശി, മനുരാജ്, രാജ് ജോസ്, പൂജപ്പുര, രാധാക്യഷ്ണൻ, സലിം ബാവ തുടങ്ങി ഒട്ടനവധി താരങ്ങളും പതിനഞ്ചോളം വിദേശ നടൻമാരും ചിത്രത്തിൽ അണിനിരക്കുന്നുണ്ടെന്ന് സംവിധായകൻ നേരത്തേ വ്യക്തമാക്കിയിട്ടുണ്ടായിരുന്നു.

എം. ജയച്ചന്ദ്രനും റഫീഖ് അഹമ്മദും ചേർന്നൊരുക്കുന്ന നാലു ഗാനങ്ങളുടെയും റെക്കോർഡിങ് പൂർത്തിയായി. ഷാജികുമാറാണ് ചിത്രത്തിനായി കാമറ കൈകാര്യം ചെയ്യുന്നത്. അജയൻ ചാലിശ്ശേരിയാണ് കലാസംവിധാനം. വിവേക് ഹർഷനാണ് എഡിറ്റിങ് നിർവ്വഹിക്കുന്നത്. ചമയം : പട്ടണം റഷീദ്, വസ്ത്രാലങ്കാരം: ധന്യാ ബാലക്യഷ്ണൻ, സൗണ്ട് ഡിസൈനിങ്: സതീഷ് എന്നിവർ യഥാക്രമം നിർവഹിക്കുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായി കൃഷ്ണമൂർത്തിയും പ്രൊഡക്ഷൻ കൺട്രോളറായി ബാദുഷയും ചിത്രത്തോടൊപ്പമുണ്ട്.

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button