ഷൊർണൂരിൽ ചെങ്കൊടിയുറപ്പിച്ച സഖാവ് പദ്മനാഭൻ നായർ പാപ്പുള്ളി
Comrade Padmanabhan Nair Papulli who raised the red flag in Shornur
ഷൊർണൂരിൽ ചെങ്കൊടിയുറപ്പിച്ച സഖാവ് പദ്മനാഭൻ നായർ പാപ്പുള്ളി
റിപ്പോർട്ട്
പ്രസാദ് കെ ഷൊർണൂർ
നമ്മുടെ സംസ്ഥാനത്തെ റവന്യൂ രേഖകളിൽ ചിറമണ്ണൂർ എന്ന പേരിൽ നാമകരണം ചെയ്തിട്ടുള്ള പ്രദേശത്തിന്റെ പരിണാമമാണ് ഇന്നത്തെ ഷൊർണൂർ. സഹൃപുത്രിയായ നിളാനദിയുടെ തീരം ചേർന്ന് കിടക്കുന്ന ഷൊർണൂരിന്റെ ചരിത്രം നാടുവാഴി സമ്പ്രദായത്തിൽ ഉണ്ടായിരുന്ന, പറയിപ്പെറ്റ പന്തിരുകുലത്തിലെ കാരക്കൽ മാതാവിന്റെ വംശജരായ കവളപ്പാറ സ്വരൂപത്തിലെ പൂർവികരാണ്. ഇന്ത്യൻ റെയിൽവേയുടെ ഭൂപടത്തിൽ എറ്റവും വലിയ ജംഗ്ഷനുകളിൽ ഒന്നായ ഷൊർണൂരിലാണ് ആദ്യത്തെ തൊഴിലാളി സമരം നടക്കുന്നത്. ഏഷ്യയിൽ ആദ്യമായ് ബാലറ്റ് പേപ്പറിലൂടെ അധികാരത്തിൽ എത്തിയ മന്ത്രിസഭയെ നയിച്ച, ഏലംകുളം മനക്കൽ ശങ്കരൻ നമ്പൂതിരിപ്പാട് പത്രാധിപരായ പ്രഭാതത്തിന്റെ ആസ്ഥാനമായിരുന്നു ഷൊർണൂർ.
വിപ്ലവം ഒരു പുരാവസ്തു വായി മാറിയിരിക്കുന്ന ക്യുബയും, ക്യാപിറ്റലിസത്തിന് വഴിമാറിയിരിക്കുന്ന കമ്മ്യൂണിസമുള്ള ചൈനക്കും, ഒരു മാതൃകയാണ് ഇന്നും ജനകീയത നിലനിർത്തുന്ന കേരളത്തിലെ കമ്മ്യൂണിസം. തിരുവിതാംകൂർ, കൊച്ചി, മലബാർ എന്നിങ്ങനെ മൂന്നായി വിഭജിക്കപ്പെട്ട് ഭരിച്ചിരുന്ന നാടുവാഴി സമ്പ്രദായത്തെ കീഴ്പ്പെടുത്തിയ, ബ്രിട്ടീഷ് അധിനിവേഷത്തിൽ ജനാധിപത്യത്തിനു വേണ്ടിയുള്ള രാഷ്ട്രീയ സമ്പ്രദായം രൂപം കൊണ്ടത് ബ്രിട്ടീഷ് മലബാറിലാണ്. അക്ഷരങ്ങളെ സ്നേഹിക്കുകയും അവയെ സമരത്തിന്റെ പടവാളാക്കാൻ ആഹ്വാനം ചെയ്യുകയും ചെയ്ത മാതൃഭൂമി ദിനപത്രത്തിന്റെ സ്ഥാപകൻ കെ.പി. കേശവമേനോന്‍, 1915 ൽ ഇംഗ്ലണ്ടില്‍ നിന്നും ബാരിസ്റ്റര്‍ പഠനത്തിനുശേഷം കോഴിക്കോട് എത്തിയതോടെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തനം മലബാറില്‍ ശക്തമാകുന്നത്.
ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ നേതൃത്വത്തിലുള്ള സ്വാതന്ത്ര സമരത്തിന് തീക്ഷണത പോരെന്ന കാഴ്ച്ചപാടിൽ, 1934 ൽ മലബാറിലെ കോൺഗ്രസ്സിൽ വലതുപക്ഷം ഇടതുപക്ഷം എന്നിങ്ങനെ ചേരിതിരിവുണ്ടായി. വിപ്ലവത്തിലൂടെ മാത്രമേ ബ്രിട്ടീഷുകാരെ തുരത്തി ഇന്ത്യക്ക് സ്വാതന്ത്ര്യം നേടുവാൻ കഴിയൂ എന്ന വാദമുഖങ്ങൾ ഉയർത്തിയ, ഇടതുപക്ഷ ചേരിയിലെ ഒരുപറ്റം യുവാക്കളാണ് ഓൾ ഇന്ത്യ കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടിയുടെ കേരള ഘടകമായി മാറിയത്. 1939 ലെ ഡിസംബർ മാസത്തിൽ കണ്ണുർ ജില്ലയിലെ പിണറായി ഗ്രാമത്തിലെ പാറപ്പുറത്ത് വളരെ രഹസ്യമായി ചേർന്ന സമ്മേളനത്തിലൂടെ രൂപീകരിച്ച, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ കേരള സംസ്ഥാന ഘടകത്തിലൂടെ അന്നത്തെ കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടിയിലെ കേരളത്തിൽ നിന്നുമുള്ളവരെല്ലാം കമ്മ്യൂണിസ്റ്റുകാരായി മാറിയത് രാഷ്ട്രീയ ചരിത്രം.
ഇന്ത്യയിലെ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ ജൈത്രയാത്ര പല രൂപത്തിലും ഭാവത്തിലും പിളർന്നും ലയിച്ചും, രാജ്യത്തെ ഭരണത്തിൽ സ്വാധീനമുള്ള പങ്കാളിത്തം വഹിക്കുമ്പോൾ കേരളത്തിലും പുതിയ സോഷ്യലിസ്റ്റകൾ ജന്മം കൊണ്ടു. അതിൽ ഒരാളാണ് മലബാറിലെ രാഷ്ട്രീയ ഭൂമികയിൽ നിറഞ്ഞ് നിൽക്കുന്ന വള്ളുവനാട്ടിലെ ചരിത്രമുറങ്ങുന്ന പട്ടണമായ, ഷൊർണൂരിന്റെ അധികാര സ്ഥാനം വഹിക്കന്ന പാപ്പുള്ളി കുടുംബത്തിൽ പിറന്ന പദ്മനാഭൻ നായർ. ബ്രിട്ടീഷ് ഭരണകാലത്ത് തന്നെ ഇംഗ്ലീഷ് വിദ്യാഭ്യാസം സിദ്ധിച്ചിരുന്ന പാപ്പുള്ളിയിലെ കാരണവന്മാർക്ക് അധികാരി ( വില്ലേജ് ) പദവി ലഭിച്ചിരുന്നു. പാപ്പുള്ളി തറവാട്ടിലെ അവസാനത്തെ പരമ്പരാഗത അധികാരി 1970 കളിൽ ഉണ്ടായിരുന്ന പാപ്പുള്ളി അപ്പുണ്ണി നായരായിരുന്നു.
1930 ൽ മീനമാസത്തിലെ ചിത്ര നാളിൽ ജനിച്ച പൊട്ടോഴി താഴത്തേതിൽ കുഞ്ഞൻ നായർ പാപ്പുള്ളി മാധവി അമ്മ ദമ്പതികളുടെ ഒമ്പത് മക്കളിൽ അഞ്ചാമനാണ് പദ്മനാഭൻ. ഷൊർണൂർ പട്ടണത്തിലുള്ള അവിനാശി എഴുത്തശ്ശൻ സ്ഥാപിച്ച ഇന്നത്തെ എയിഡഡ് അപ്പർ പ്രൈമറി സ്കൂളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസവും, ഇന്നത്തെ കെ. വി. ആർ. ഹൈസ്കൂളിൽ നിന്ന് തുടർ വിദ്യാഭ്യാസവും മാത്രം കൈമുതലായുള്ള പദ്മനാഭന്റെ ഉപജീവന മാർഗ്ഗം തറവാട്ട് സ്വത്തായ കൃഷി തന്നെയായിരുന്നു മുഖ്യം. സ്വതന്ത്ര ഭാരതത്തിലെ ഇന്ത്യൻ റെയിൽവേയുടെ എറ്റവും വലിയ ജംഗ്ഷനുകളിൽ ഒന്നായ, ഷൊർണൂരിലെ എക്കറോളം വ്യാപിച്ച് കിടക്കുന്ന നാനാ ഭാഷക്കാർ താമസിച്ചിരുന്ന കോർട്ടേഴുസുകളിലെ, മാലിന്യ നിർമ്മാർജനത്തിനും മറ്റു അറ്റകുറ്റപണികൾക്കുമായി ഉപയോഗിച്ചിരുന്ന കാളവണ്ടികൾക്ക്, കാളകളെ കരാർ അടിസ്ഥാനത്തിൽ നൽകിയിരുന്നത് പാപ്പുള്ളി പദ്മനാഭൻ നായരായിരുന്നു.
വള്ളുവനാട്ടിലെ പ്രശസ്തമായ കവളപ്പാറ സ്വരൂപത്തിന്റെ പരദേവതയായ ആരിയങ്കാവ് പൂരത്തിന് നൂറ്റാണ്ടുകളായി എഴുന്നള്ളിച്ച് വരുന്ന, നെടുങ്ങോട്ടൂർ ദേശകുതിരയുടെ നേതൃത്വം വഹിച്ചു കൊണ്ടാണ് പൊതുപ്രവർത്തന രംഗത്ത് സജീവമാകുന്നത്. ഷൊർണൂർ കടപ്പെട്ടിരിക്കുന്ന കോഴിശേരി മനയിലെ ശങ്കരൻ നമ്പൂതിരിപാടാണ് പഞ്ചായത്ത് തിരഞ്ഞെടുപ്പ് രംഗത്തേക്ക് പദ്മനാഭൻ നായരെ കൊണ്ട് വരുന്നത്. ആധുനിക ഷൊർണൂരിന്റെ ശിൽപി എന്ന വിശേഷണം ചരിത്രത്തിൽ അവശേഷിപ്പിച്ച് കടന്ന് പോയ കോൺഗ്രസ്സ് നേതാവ്, ഒന്നര ദശാബ്ദത്തോളം കാലം ഷൊർണൂർ പഞ്ചായത്ത് പ്രസിഡന്റ് പദവി വഹിച്ച കോഴിപുറത്ത് നാരായണ മേനോൻ എന്ന കെ. പി. എൻ. മേനോന്റെ കൂടെ ഭരണപക്ഷത്തും പ്രതിപക്ഷത്തും ഉണ്ടായിരുന്ന ജനപ്രതിനിധിയായിരുന്നു പാപ്പുള്ളി പദ്മനാഭൻ നായർ.
1964 ൽ ഷൊർണൂർ – കാരക്കാട് പഞ്ചായത്തുകൾ ലയിച്ച മുതൽ, നീണ്ട പതിനാല് വർഷം കോൺഗ്രസ്സ് ഭരിച്ച ഷൊർണൂർ പഞ്ചായത്ത്, 1980 മുതൽ കമ്മ്യൂണിസ്റ്റ് ഭരിക്കുന്ന നഗരസഭയായി മാറിയ ചരിത്രത്തിനൊപ്പം ശ്രദ്ധിച്ചാൽ തെളിയുന്ന വസ്തുതയാണ്, പഞ്ചായത്ത് ഭരണ സമിതിയിലും പ്രതിപക്ഷത്തും ഉണ്ടായിരുന്ന പാപ്പുള്ളി പദ്മനാഭൻ നായർ നഗരസഭ ഭരണ സമിതിയിലും ഉണ്ടായിരുന്നു എന്ന രാഷ്ട്രീയം. ഒരു പക്ഷേ പദ്മനാഭൻ നായർ കമ്മ്യൂണിസ്റ്റായി മാറിയില്ലായിരുന്നു എങ്കിൽ, ഷൊർണൂർ നഗരസഭയുടെ ഭരണത്തിലേക്ക് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് കടന്ന് വരുവാൻ, കഴിയുമായിരുന്നില്ല എന്നത് വിസ്മരിക്കുന്ന ചരിത്ര വസ്തുതയാണ്. ഷൊർണൂർ നിവാസിയും 1970 – 1977 കാലഘട്ടത്തെ ഒറ്റപ്പാലം നിയമസഭ സാമാജികനുമായ പി. പി. കൃഷ്ണന്റെ രാഷ്ട്രീയ ഇടപെടലാണ് പദ്മനാഭൻ നായരെ കമ്മ്യൂണിസ്റ്റ് പാളയത്തിൽ എത്തിച്ചത്.
കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സ്സ്റ്റിന്റെ ഷൊർണൂർ ലോക്കൽ സെക്രട്ടറി, ഒറ്റപ്പാലം ഏരിയ കമ്മിറ്റി അംഗം, സി. ഐ. ട്ടി. യു. വിലെ ചുമട്ട് തൊഴിലാളി സംഘത്തിന്റെ ഒറ്റപ്പാലം താലൂക്ക് പ്രസിഡന്റ്, തുടങ്ങിയ പദവികൾക്കൊപ്പം ചളവറ പഞ്ചായത്തിന്റെ ചുമതല കൂടി വഹിച്ചിട്ടുണ്ട് പാപ്പുള്ളി പദ്മനാഭൻ നായർ. നെടുങ്ങോട്ടൂരിൽ നിന്നും നിളയുടെ തീരത്തെ മുണ്ടമുകയിലേക്ക് ഗതാഗത യോഗ്യമായ പാത നിർമ്മിക്കുന്നതും, നെടുങ്ങോട്ടൂരിലുള്ള റെയിൽവേ ലെവൽ ക്രോസിൽ ഗേറ്റ്മാനെ കൊണ്ട് വരുന്നതും പദ്മനാഭൻ നായരുടെ കാലത്തെ സേവനങ്ങളിലെ മികവുറ്റതാണ്. 1974 ൽ നടന്ന ഐതിഹാസികമായ റെയിൽവേ സമരത്തെ സഹായിച്ചതിന്റെ പേരിൽ, MISA മൈന്റെനൻസ് ഓഫ് ഇന്റെർണൻ സെക്യൂരിറ്റി ആക്ട് പ്രകാരം അറസ്റ്റ് ചെയ്യപ്പെട്ട്, മെയ് 5 മുതൽ 28 വരെ വിയ്യൂർ ജയിലിൽ കരുതൽ തടങ്കലിൽ കഴിഞ്ഞിട്ടുണ്ട് പദ്മനാഭൻ നായർ.
1980 മുതൽ 1992 വരെ ഷൊർണൂർ നഗരസഭയിൽ കൗൺസിലറായിരുന്ന പദ്മനാഭൻ നായർക്ക്, 1985 ൽ പാർട്ടിയിലുള്ള പ്രദേശത്തെ മുതിർന്ന നേതാവിന്റെ ജാതി രാഷ്ട്രീയ കുതന്ത്രങ്ങളാൽ അർഹതപ്പെട്ട ചെയർമാൻ പദവി നഷ്ടപെടുകയും, തുടർന്നുണ്ടായ സംഭവ വികാസങ്ങളിൽ പാർട്ടി നടപടി സ്വീകരിച്ചതും ഒരദ്ധ്യായമാണ്. ജനസേവനത്തിനായി ജീവിതം ഉഴിഞ്ഞ് വെച്ച പാപ്പുള്ളി പദ്മനാഭൻ നായർ മങ്ങാട്ട് കോൽപുറത്ത് കമലാക്ഷി അമ്മ ദമ്പതികൾക്ക്, ജയപ്രകാശ്, ഹരിദാസ്, അംബിക എന്നിങ്ങനെ മൂന്ന് മക്കളാണുള്ളത്. കാലത്തെ തോൽപ്പിക്കുവാൻ ശ്രമിച്ചവർക്ക് കാലം നൽകുന്ന മറുപടിക്ക് ഉദാത്ത മാതൃകയാണ്, ഷൊർണൂർ നഗരസഭ ചെയർമാൻ സ്ഥാനത്ത് ഇന്നിരിക്കുന്ന പദ്മനാഭൻ നായരുടെ മൂത്ത പുത്രൻ എം. കെ. ജയപ്രകാശ്.
ഷൊർണൂർ നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായിരുന്ന പദ്മനാഭൻ നായർ ബ്രിട്ടീഷ് കാലത്ത് ഷൊർണൂരിൽ തുടങ്ങിയ, പ്രഭാതം പബ്ലിക് ലൈബ്രററിയുടെ അമരത്ത് മരണം വരെ കർമ്മനിരതനായിരുന്നു. 2014 ആഗസ്റ്റ് ഒന്നിലെ കർക്കിടക പേമാരിയിൽ വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന്, തൃശൂരിലെ ജൂബിലി മിഷൻ ഹോസ്പിറ്റലിൽ വെച്ച് ആ കർമ്മയോഗി യാത്രയായി. അഞ്ച് പതിറ്റാണ്ട് കാലത്തെ രാഷ്ട്രീയ പ്രവർത്തനത്തിലൂടെ വ്യക്തിപരമായി ഒന്നും സംമ്പാദിക്കാതെ, തറവാട്ട് സ്വത്തായ കൃഷി ഭൂമി പലതും നഷ്ടപ്പെട്ട പദ്മനാഭൻ നായരുടെ ജീവിതം, ത്യാഗപൂർണ്ണമായ നിസ്വാർഥ സേവനത്തിന്റെ ഒതു കമ്യൂണിസ്റ്റിന് മാതൃകയാക്കാവുന്ന തുറന്ന പുസ്തകമാണെന്ന്, തിരിച്ചറിയുന്നവർ മനസറിഞ്ഞ് വിളിച്ചു പോകും ‘ ലാൽ സലാം സഖാവേ… ‘
റിപ്പോർട്ട്
പ്രസാദ് കെ ഷൊർണൂർ