തുപ്പാക്കി, കത്തി, സര്‍ക്കാര്‍ എന്നീ ഹിറ്റ് സിനിമകള്‍ക്ക് ശേഷം ദളപതി വിജയ്-മുരുഗദോസ് ടീം വീണ്ടും ഒന്നിക്കുന്ന സിനിമയ്ക്കായുള്ള പ്രതീക്ഷയിലായിരുന്നു താരത്തിന്‍റെ ആരാധകര്‍. എന്നാൽ തുപ്പാക്കി 2 ചില അഭിപ്രായ ഭിന്നതകളെ തുടര്‍ന്ന് ഉപേക്ഷിച്ചുവെന്നും വിജയ് തിരക്കഥയില്‍ തൃപ്തനല്ലാത്തതിനാല്‍ മാറിയതാണെന്നുമൊക്കെ തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇപ്പോഴിതാ വിജയ്‍യുടെ 65-ാം ചിത്രത്തെ സംബന്ധിച്ച പ്രഖ്യാപനം വന്നിരിക്കുകയാണ്.
സൺ പിക്ചേഴ്സിൽ നിന്നാണ് പുതിയ പ്രഖ്യാപനം. ദളപതി വിജയ്‌യുടെ 65–ാം സിനിമ നെല്‍സണ്‍ ദിലീപ് കുമാറാണ് സംവിധാനം ചെയ്യുന്നത്. നയന്‍താര നായികയായ ‘കൊലമാവ് കോകില’ എന്ന സിനിമയിലൂടെ കോളിവുഡില്‍ അരങ്ങേറിയ നെൽസൺ ശിവകാര്‍ത്തികേയനെ നായകനാക്കി ഒരുക്കുന്ന ‘ഡോക്ടറി’ന് ശേഷം സംവിധാനം ചെയ്യുന്ന ചിത്രമാണിത്. കലാനിധി മാരൻ, വിജയ്, നെൽസൺ എന്നിവർ ഒരുമിച്ചുള്ള സിനിമയുടെ അനൗൺസ്മെന്‍റ് വീഡിയോ പുറത്തിറങ്ങിയിരിക്കുകയാണ്.
ദളപതി 65 ഒരു ഗ്യാങ്സ്റ്റർ സിനിമയാണെന്നാണ് സൂചന. സിനിമയുടേതായി ഇറങ്ങിയിരിക്കുന്ന ടൈറ്റിൽ ആനിമേഷൻ അത്തരത്തിലുള്ളതാണ്. അനിരുദ്ധാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ‘മാസ്റ്റര്‍’ ആണ് വിജയ്‌യുടേതായി പുറത്തിറങ്ങാനിരിക്കുന്ന പുതിയ സിനിമ.