വയനാട് കമ്പമലയിൽ 9 റൗണ്ട് വെടിയൊച്ച; മാവോയിസ്റ്റുകളും പോലീസും തമ്മിൽ ഏറ്റുമുട്ടൽ
Clash between Maoists and Police Gunfire in Wayanad Kambamala Malayalam News
Clash between Maoists and Police Gunfire in Wayanad Kambamala Malayalam News
കൽപ്പറ്റ: വയനാട് തലപ്പുഴ കമ്പമലയിൽ മാവോയിസ്റ്റും പൊലീസും തമ്മിൽ ഏറ്റുമുട്ടൽ. ഒൻപത് റൗണ്ട് വെടിശബ്ദം കേട്ടതായി തോട്ടം തൊഴിലാളികൾ. തേൻപാറ്, ആനക്കുന്ന് ഭാഗത്താണ് വെടിവയ്പ്പുണ്ടായത്. തോട്ടം തൊഴിലാളികളാണ് വെടിയൊച്ച കേട്ടെന്ന വിവരം അറിയിച്ചത്. ഇന്ന് രാവിലെ പത്തരയോടെയാണ് സംഭവം.
കമ്പമലയോട് ചേർന്നുള്ള വനത്തിൽ മാവോയിസ്റ്റുകൾ തങ്ങുന്നതായി വിവരം ലഭിച്ചതിന് പിന്നാലെ തണ്ടർബോൾട്ട് സംഘം നടത്തിയ തെരച്ചിലിനിടെ വെടിവയ്പ്പുണ്ടാകുകയായിരുന്നു എന്നാണ് സൂചന. സംഭവത്തിൽ ആർക്കും പരുക്കേറ്റിട്ടില്ലെന്നാണ് വിവരം. കഴിഞ്ഞ ബുധനാഴ്ച കമ്പമലയിൽ സി.പി. മൊയ്തീന്റെ നേതൃത്വത്തിൽ എത്തിയ നാലംഗ മാവോയിസ്റ്റ് സംഘം വോട്ടിംഗ് ബഹിഷ്കരിക്കണമെന്ന് കമ്പമല നിവാസികളോടെ ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെ തണ്ടർബോൾട്ട് നിരീക്ഷണം ശക്തമാക്കിയിരുന്നു.
ALSO READ: സംസ്ഥാനത്ത് കൊടും ചൂട് തുടരും; പാലക്കാട് ഓറഞ്ച് അലർട്ട് തന്നെ, 2 ജില്ലകളിൽ യെല്ലോ അലർട്ട്
നേരത്തെ, ശ്രീലങ്കൻ അഭയാർഥികളെ പുനരധിവസിപ്പിച്ച കമ്പമലയിലെ ദുരിതങ്ങൾ ഉന്നയിച്ച് മാവോയിസ്റ്റുകൾ വനം വികസന കോർപ്പറേഷൻ ഡിവിഷൻ ഓഫീസ് പട്ടാപ്പകൽ ആക്രമിച്ചിരുന്നു. തുടർന്നും പലവട്ടം സി.പി. മൊയ്തീന്റെ നേതൃത്വത്തിലുള്ള മാവോയിസ്റ്റ് സായുധ സംഘം കമ്പമലയിൽ എത്തി. പോലീസ് ഹെലികോപ്റ്റർ വരെ എത്തിച്ച് തിരച്ചിൽ നടത്തിയിട്ടും മാവോയിസ്റ്റുകളെ കണ്ടെത്താനായിരുന്നില്ല. മാനന്തവാടി ഡിവൈഎസ്പി അടക്കമുള്ള സംഘം മേഖലയിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. ഏറ്റവും കൂടുതൽ മാവോയിസ്റ്റ് ഏറ്റുമുട്ടലും വെടിവെപ്പും ഉണ്ടായ മേഖല കൂടിയാണ് കമ്പമല.
അതേസമയം, ഛത്തീസ്ഗഡില്‍ ഇന്ന് നടന്ന ഏറ്റുമുട്ടലില്‍ 7 മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചു. കൊല്ലപ്പെട്ടവരില്‍ 2 മാവോയിസ്റ്റുകള്‍ സ്ത്രീകളാണെന്നാണ് റിപ്പോര്‍ട്ട്. നാരായണ്‍പൂര്‍ – കങ്കെര്‍ ജില്ലകളുടെ അതിര്‍ത്തി മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. മാവോയിസ്റ്റുകളുടെ ശക്തി കേന്ദ്രമായ ബസ്തര്‍ മേഖലയില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളിലാണ് വന്‍ ഏറ്റുമുട്ടല്‍ നടന്നിരിക്കുന്നത്.
ഡിസ്ട്രിക്റ്റ് റിസര്‍വ് ഗാര്‍ഡും സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സും സംയുക്തമായാണ് ഓപ്പറേഷന്‍ നടത്തിയത്. ഏറ്റുമുട്ടല്‍ നടന്ന പ്രദേശത്ത് നിന്ന് വന്‍ ആയുധ ശേഖരം പിടികൂടിയെന്നും ഏറ്റുമുട്ടല്‍ തുടരുകയാണെന്നും പോലീസ് അറിയിച്ചു. ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകള്‍ ആരൊക്കെയാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല.
<https://zeenews.india.com/malayalam/kerala/clash-between-maoists-and-police-gunfire-in-wayanad-kambamala-194658