Qatar

സി.ഐ.സി മദീന ഖലീഫ സോൺ ഈദ് സൗഹൃദ സംഗമം നടത്തി

CIC Madinat Khalifa zone held Eid friendly gathering

ദോഹ: ബലിപെരുന്നാളിനോട്‌നുബന്ധിച്ച് സി.ഐ.സി മദീന ഖലീഫ സോൺ ഓണ്‍ലൈന്‍ ഈദ് സൗഹൃദ സംഗമം നടത്തി. സോണൽ വൈസ് പ്രസിഡണ്ട് യാസിർ. ഇ അധ്യക്ഷത വഹിച്ച സംഗമത്തില്‍ പ്രമുഖ പണ്ഡിതനും ജമാഅത്തെ ഇസ്ലാമി കേരള സ്റ്റേറ്റ് സെക്രട്ടറിയുമായ ഷെയ്ഖ് മുഹമ്മദ്‌ കാരക്കുന്ന് ബലിപെരുന്നാളിന്‍റെ സന്ദേശം നല്‍കി സംസാരിച്ചു. സമർപ്പണത്തിന്റെയും ത്യാഗത്തിന്റെയും ആൾ രൂപമായിരുന്നു ഇബ്രാഹിം പ്രവാചകനെന്നും, അദ്ദേഹത്തിന്റെ ത്യാഗോജജലമായ ജീവിതം ഓർക്കുന്ന ബലി പെരുന്നാൾ സുദിനത്തിൽ നമുക്ക് ലഭിക്കുന്ന സന്ദേശം വെറുപ്പിന് പകരം സ്നേഹവും, ശത്രുതക്കു പകരം സൗഹൃദവുമാണെന്നും, അക്രമങ്ങളെയും മർദ്ദനങ്ങളെയും സഹനം കൊണ്ടും, ക്ഷമ കൊണ്ടും, വിനയം കൊണ്ടും, വിട്ടു വീഴ്ച കൊണ്ടും, നേരിടാൻ കഴിയണമെന്നും അദ്ധേഹം ഓര്‍മിപ്പിച്ചു.

തുടര്‍ന്ന് സംസാരിച്ച കവിയും എഴുത്തുകാരനുമായ ആലങ്കോട് ലീലാകൃഷ്‌ണൻ ത്യജിക്കാനുള്ള സന്നദ്ധയുണ്ടെങ്കിൽ തന്നെ ലോക ജീവിതം സുഖകരമാകും എന്നുള്ള സന്ദേശമാണ് ദൈവത്തിന്റെ സ്നേഹിതൻ (ഖലീലുല്ല) കൂടിയായ ഇബ്രാഹിം നബിയുടെ ജീവിതം സ്മരിക്കുന്ന ബലി പെരുന്നാൾ നൽകുന്നതന്നെന്നു ഉണര്‍ത്തി. ശേഷം സംസാരിച്ച മലങ്കര ഓര്‍ത്തഡോക്‍സ്‌ ചര്‍ച്ചിന്റെ തിരുവനന്തപുരം ഡയോസിസ് മെത്രോപോലീത്ത ഡോ :ഗബ്രിയേൽ മാർ ഗ്രിഗോറിയോസ്, അബ്രഹാം പ്രവാചകന്റെ ആഴത്തിലുള്ള ദൈവ വിശ്യാസവും, ത്യാഗ സന്നദ്ധതയും, സമർപ്പണവയും നമുക്കും ജീവിതത്തിൽ പകർത്താവുന്നതാണെന്ന് അറിയിച്ചു.

തുടര്‍ന്ന് സി.ഐ.സി കേന്ദ്ര ആക്ടിംഗ് പ്രസിഡണ്ട് ഹബീബ്‌ റഹ്മാൻ കീഴ്‌ശ്ശേരി, കേന്ദ്ര ദഅവ സെക്രട്ടറി അർഷദ് ഇ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. സംഗമത്തോടനുബന്ധിച്ചു റമദാനിൽ നടന്ന ഖുർആൻ പ്രശ്‌നോത്തരിയിൽ ഫുൾ മാർക്ക് നേടിയവര്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്യുകയും, ശേഷം വ്യത്യസ്ഥ കലാ പരിപാടികൾ അരങ്ങേറുകയും ചെയ്തു. സി.ഐ.സി മദീന ഖലീഫ സോൺ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ അബ്ദുല്‍ മജീദ്‌ അറക്കല്‍ സ്വാഗതവും, നൌഷാദ് ചാവക്കാട് നന്ദി പ്രകാശനവും നടത്തി.

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button