Kerala

ബസ് സ്റ്റാന്റുകളിലെ മദ്യശാലകൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ക്രൈസ്തവ മദ്യവർജന സമിതി

Christian Liquor Committee says legal action will be taken against bars at bus stands

കൊച്ചി: ബസ്റ്റാന്റ് വഴി മദ്യം വിൽക്കാനുള്ള തീരുമാനം സർക്കാർ ഔദ്യോഗികമായി പ്രഖ്യാപിച്ചാൽ നിയമ നടപടിയടക്കം സ്വീകരിക്കുമെന്ന് കേരള സംയുക്ത ക്രൈസ്തവ മദ്യവർജ്ജന സമിതി. ഉത്തരവാദിത്വപ്പെട്ട സ്ഥാനത്തിരിക്കുന്ന ഗതാഗത വകുപ്പ് മന്ത്രി ഇത്തരത്തിൽ ഒരു കാര്യം പറയുന്നത് പ്രതിഷേധാർഹമാണെന്നും സമിതി പറഞ്ഞു.

സമിതിയുടെ പ്രതിഷേധം സർക്കാരിനെ അറിയിക്കും. ലഹരി വ്യാപകമാക്കാനുള്ള ശ്രമമാണ് സംസ്ഥാനത്ത് നടക്കുന്നതെന്ന് സമിതി ആരോപിച്ചു. സമിതിയുടെ സംസ്ഥാന പ്രസിഡന്റും പാലാ രൂപതയുടെ സഹായ മെത്രാനുമായ മാർ ജേക്കബ് മുരിക്കൻ, സിഎസ്ഐ മധ്യകേരള മഹായിടവക ബിഷപ്പ് ഡോ മലിയിൽ സാബു കോശി ചെറിയാൻ അടക്കമുള്ളവർ പങ്കെടുത്തു.

മദ്യ കടകൾ കെഎസ്ആർടിസി സ്റ്റാന്റിൽ ആരംഭിക്കാനുള്ള മന്ത്രി ആന്റണി രാജുവിന്റെ ആഗ്രഹം വ്യാമോഹമാണെന്നായിരുന്നു കെസിബിസി മദ്യവിരുദ്ധ സിമിതിയുടെ പ്രതികരണം. മദ്യത്തിന്റെ ഉപഭോഗം കുറയ്ക്കാൻ ഒരു ഭാഗത്തു നിന്നും ശ്രമിക്കുമ്പോൾ മദ്യവിതരണം സുഗമമാക്കാനുള്ള നീക്കം സർക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നത് ശരിയല്ല. മന്ത്രിയുടെ നീക്കം കണ്ടാൽ ചങ്ങലയ്ക്ക് ഭ്രാന്ത് പിടിച്ചോയെന്ന് തോന്നുമെന്നും മദ്യവിരുദ്ധ സമിതി വ്യക്തമാക്കി.

എന്നാൽ, കെഎസ്ആർടിസി ഡിപ്പോകളിൽ ബിവറേജ് ഔട്ട്ലറ്റുകൾ സ്ഥാപിക്കുന്നതിനെ പിന്തുണച്ച് ഗണേഷ് കുമാർ എംഎൽഎ രംഗത്തെത്തിയിരുന്നു. കൊട്ടാരക്കാര പ്രൈവറ്റ് ബസ്റ്റാന്റിന് അകത്താണ് ബിവറേജ് ഔട്ട്ലറ്റ് ഇരിക്കുന്നത്. എയർപോർട്ടിൽ മദ്യശാലകളില്ലേ? കെഎസ്ആർടിസി ബസ്റ്റാന്റിൽ മദ്യശാലകൾ ഇരുന്നാൽ അതിന്റെ വാടക കെഎസ്ആർടിസിക്ക് ലഭിക്കും. പ്രൈറ്റുകാർക്ക് കിട്ടുന്നതിൽ ആർക്കും ഒരു പരാതിയുമില്ല- കെ ബി ഗണേഷ്കുമാർ പറഞ്ഞു.

“കെഎസ്ആർടിസിക്ക് ഓടാൻ പോലും നിവർത്തിയില്ല. ടിക്കറ്റ് വരുമാനമല്ലാതെ മറ്റെന്തെങ്കിലും വരുമാനം കണ്ടെത്താൻ ശ്രമിക്കുമ്പോൾ അതിനെതിരെ വിമർശനം ഉന്നയിക്കുന്നത് ശരിയല്ല. കൊട്ടാരക്കര പ്രൈവറ്റ് ബസ്റ്റാന്റിലാണ് ബിവറേജ് ഔട്ട്ലറ്റ് ഇരിക്കുന്നത്. അതിനു തൊട്ടപ്പുറത്താണ് കെഎസ്ആർടിസി ബസ് സ്റ്റാന്റ്. രണ്ടും ബന്ധപ്പെട്ടാണ് കിടക്കുന്നത്. അവിടേക്ക് നടന്നു കയറാം. അവിടെ ഈ പറയുന്ന ആപത്തൊന്നും സംഭവിച്ചിട്ടില്ല. എന്തിനേയും എതിർക്കുന്ന ചില ആളുകളുണ്ട്. എയർപോർട്ടിൽ മദ്യശാലകളില്ലേ? കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ബാർ ഉണ്ടല്ലോ? ഗൾഫ് രാജ്യങ്ങളിലെ അബുദാബി, ദുബായ് എന്നിവിടങ്ങളിലെ ചെറിയ ഹോട്ടലുകളിലും റസ്റ്റോറന്റുകളിൽ വരെ മദ്യശാലകളുണ്ട്. അവിടെയാരും മദ്യപിച്ച് വണ്ടി ഓടിക്കുന്നില്ലല്ലോ? അവരാരും നാട്ടിലെ സ്ത്രീകളെ ഉപദ്രവിക്കുന്നില്ല, കമന്റടിക്കുന്നില്ല.” ഗണേഷ്കുമാർ പറഞ്ഞു.

അതേസമയം, കെഎസ്ആർടിസി ഡിപ്പോകളിലെ ഒഴിഞ്ഞു കിടക്കുന്ന മുറികൾ വാടകയ്ക്ക് നൽകുമെന്ന് എല്ലാ വകുപ്പുകളേയും അറിയിച്ചിരുന്നു. ബെവ്കോയേയും അത്തരത്തിൽ അറിയിച്ചിരുന്നു. കെഎസ്ആർടിസി വാടക കെട്ടിടത്തിൽ ബെവ്കോ തുടങ്ങാനുള്ള സന്നദ്ധത ബെവ്കോ അറിയിച്ചിട്ടുണ്ട്. മദ്യവിൽപ്പന യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കില്ല. കെഎസ്ആർടിസിയുടെ ടിക്കറ്റ് ഇതര വരുമാനം വർദ്ധിപ്പിക്കുന്നതിനാണ് നീക്കമെന്നും മന്ത്രി ആന്റണി രാജു പറഞ്ഞു. കെ എസ് ആര്‍ ടി സി ഡിപ്പോകളില്‍ ബെവ്കോ, വില്‍പ്പനശാലകള്‍ മാത്രമാണ് തുറക്കുന്നത്. ഇരുന്ന് മദ്യപിക്കാനുള്ള സൗകര്യം ഒരുക്കുന്നില്ല. അതിനാല്‍ മറ്റ് യാത്രക്കാര്‍ക്ക് ബുദ്ധുമുട്ടുണ്ടാകില്ലെന്ന് മന്ത്രി വ്യക്തമാക്കിയിരുന്നു.

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button