
ഇടുക്കി: ചിന്നക്കനാലിൽ വീണ്ടും ചക്കകൊമ്പൻ ഇറങ്ങി. കഴിഞ്ഞ ദിവസം രാത്രിയിൽ സിങ്കുകണ്ടത്ത് എത്തിയ ആന പുലർച്ചെ വരെ ജനവാസ മേഖലയിൽ തുടർന്നു. മൂന്നാറിലെ പോലെ ചിന്നക്കനാലിലും സ്പെഷ്യൽ ആർ ആർ ടി ടീമിനെ നിയോഗിക്കണമെന്ന് നാട്ടുകാർ പറഞ്ഞു.
കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെയാണ് ചക്കക്കൊമ്പൻ സിങ്കുകണ്ടത്ത് ഇറങ്ങിയത്. മേഖലയിലെ കൃഷിയിടങ്ങൾക്ക് കാട്ടാന നാശം വിതച്ചു. സിങ്കുകണ്ടത്ത് സ്ഥാപിച്ചിരുന്ന വേസ്റ്റ് ബിന്നുകളും ആന തകർത്തു. കഴിഞ്ഞ രണ്ട് മാസത്തിലധികമായി സമീപ മേഖലയായ ബി എൽ റാമിൽ കാട്ടാന കൂട്ടങ്ങൾ പതിവായി നാശം വിതച്ചിരുന്നു. മൂന്നാറിൽ പടയപ്പയെ സ്ഥിരമായി നിരീക്ഷിയ്ക്കാൻ വനം വകുപ്പ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. സമാന രീതിയിൽ ചിന്നക്കനാലിലും നിരീക്ഷണം നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
അതേസമയം, വന്യമൃഗ ശല്യം രൂക്ഷമായ മൂന്നാറിൽ ഓട്ടോ ടാക്സി ഡ്രൈവർമാർ രാഷ്ട്രീയ പ്രതിനിധികൾ എന്നിവർക്കായി വനം വകുപ്പ് ഏകദിന സെമിനാർ സംഘടിപ്പിച്ചു. പ്രശ്നങ്ങൾ എങ്ങിനെ പരിഹരിക്കണമെന്ന ആശയങ്ങൾ ഡ്രൈവർമാക്കും രാഷ്ട്രീയ പ്രതിനിധികൾക്കും പകർന്നു കൊടുക്കുന്നതോടൊപ്പം അവരുടെ പ്രശ്നങ്ങൾ മനസിലാക്കി പരിഹാരം കണ്ടെത്തുകയാണ് സെമിനാർ കൊണ്ട് വനംവകുപ്പ് ലക്ഷ്യമിടുന്നത്.
എസ്റ്റേറ്റ് മേഖലകൾ പലതും കാടിനോട് ചേർന്നിരിക്കുന്നതിനാൽ വന്യമൃഗ ശല്യം പല മേഖലകളിലും അതിരൂക്ഷമാണ്. കഴിഞ്ഞ ദിവസങ്ങളിൽ പടപ്പയെന്ന കാട്ടാനയും മറ്റ് ആനകളും കൂട്ടമായും ഒറ്റതിരിഞ്ഞും ജനവാസ മേഖലയിൽ എത്തുന്നത് പതിവായി. ഇതോടെ തൊഴിലാളികൾക്ക് പകൽ നേരങ്ങളിൽ പോലും പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയുണ്ടായി. മാത്രമല്ല എസ്റ്റേറ്റ് ഭാഗങ്ങളിലേക്ക് സമാന്തര സർവീസ് നടത്തുന്ന ചില ജീപ്പ് ഡ്രൈവർമാർ ആനയെ ശല്യപ്പെടുത്തുന്ന അവസ്ഥയും ഉണ്ടായി. ഇത്തരം സാഹചര്യത്തിലാണ് മൂന്നാറിലെ ഓട്ടോ ടാക്സി ഡ്രൈവർമാർ രാഷ്ട്രീയ പ്രതിനിധികൾ എന്നിവരെ ഉൾപ്പെടുത്തി ഏകദിന സെമിനാർ വനം വകുപ്പ് സംഘടിപ്പിച്ചത്. മൂന്നാർ റേഞ്ച് ഓഫീസർ ബിജുവിന്റ നേതൃത്വത്തിലായിരുന്നു സെമിനാർ.
എല്ലാ കാലത്തും മൂന്നാറിലെ തോട്ടം മേഖലയിൽ വന്യമൃഗങ്ങൾ എത്തുന്നത് പതിവാണ്. എന്നാൽ അക്രമണം നടത്തുന്ന വന്യമൃഗങ്ങളെ വനത്തിലേക്ക് തുരത്താൻ അന്ന് വനപാലകർക്ക് കഴിഞ്ഞിരുന്നു. ഇന്നാകട്ടെ ജനവാസ മേഖലയിൽ ആനയടക്കമുള്ള വന്യമൃഗങ്ങൾ മാസങ്ങളോളം നിലയുറപ്പിക്കുകയാണ്. ഇതിന് പരിഹാരം കാണാൻ വനപാലകർക്ക് കഴിയുന്നില്ല.