ന്യൂഡൽഹി: ഇന്ത്യൻ അതിർത്തിയോട് ചേർന്ന് ചൈന മൂന്ന് ഗ്രാമങ്ങൾ നിർമ്മിച്ചതായി റിപ്പോർട്ട്. ഇന്ത്യ, ചൈന, ഭൂട്ടാൻ അതിർത്തികൾ ചേരുന്ന പ്രദേശത്തിന് സമീപത്തുള്ള ബും ലാ പാസിൽ നിന്ന് അഞ്ച് കിലോമീറ്റർ അകലെ ഗ്രാമങ്ങൾ നിർമ്മിച്ചെന്നാണ് റിപ്പോർട്ട്. മൂന്ന് ഗ്രാമങ്ങളിലേക്കും താമസക്കാരെയും എത്തിച്ചെന്ന് ദേശീയ മാധ്യമമായ എൻഡിടിവിയാണ് റിപ്പോർട്ട് ചെയ്തത്.
ഇന്ത്യയും ചൈനയും തമ്മിൽ അതിർത്തി വിഷയത്തിൽ ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിലാണ് പുതിയ നിർമ്മാണ വാർത്തയും പുറത്ത് വരുന്നത്. ആദ്യ ഗ്രാമത്തിന്‍റെ നിർമ്മാണം 2020 ഫെബ്രുവരി 17 ഓടെ പൂർത്തിയായെന്നാണ് റിപ്പോർട്ടിലുള്ളത്. 20 കെട്ടിടങ്ങളാണ് ഇവിടെയുള്ളത്.
രണ്ടാമത്തെ ചിത്രം നവംബർ 28ന് ഉള്ളതാണ്. ഇവിടെ കുറഞ്ഞത് 50 ഓളം കെട്ടിടങ്ങളുണ്ടെന്നാണ് വിവരം. മൂന്നാമത്തെ ഗ്രാമത്തിൽ 10 കെട്ടിടങ്ങളുള്ളതായാണ് ഉപഗ്രഹചിത്രം സൂചിപ്പിക്കുന്നതെന്നും എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. മൂന്ന് പ്രദേശങ്ങളും തമ്മിൽ പരസ്പരം ബന്ധിപ്പിച്ചിട്ടുണ്ട്.
നേരത്തെ ഭൂട്ടാന്‍റെ പ്രദേശം കയ്യേറി ചൈന പുതിയ ഗ്രാമം നിർമ്മിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ ചിത്രങ്ങളെ അടിസ്ഥാനമാക്കിയുള്ള റിപ്പോർട്ട് പുറത്ത് വന്നിരിക്കുന്നത്. കഴിഞ്ഞമാസമായിരുന്നു ഭൂട്ടാൻ മേഖലയിലെ ചൈനയുടെ നിർമ്മാണത്തെക്കുറിച്ചുള്ള റിപ്പോർട്ട് പുറത്ത് വന്നത്. 2017-ൽ ഇന്ത്യയുടെയും ചൈനയുടെയും സൈനികർ ദിവസങ്ങളോളം മുഖാമുഖംനിന്ന ഡോക്‌ലാമിന് ഒമ്പതുകിലോമീറ്റർ അടുത്തുള്ള ചൈനീസ് ഗ്രാമത്തിന്റെ ചിത്രമായിരുന്നു അന്ന് പുറത്ത് വന്നത്.