ഓൺലൈൻ ഗെയിമുകൾക്കായി നിയമം വരണമെന്ന് ബാലാവകാശ കമ്മീഷൻ
Child Rights Commission calls for legislation for online games
ന്യൂഡൽഹി: പ്രശസ്ത ഓൺലൈൻ ഗെയിമായ പബ്ജിയുടെ നിരോധനം ഉടൻ നീക്കരുതെന്ന് കേന്ദ്രസര്‍ക്കാരിനോട് ദേശീയ ബാലാവകാശ കമ്മീഷൻ്റെ മുന്നറിയിപ്പ്. സമാനമായ ഓൺലൈൻ ഗെയിമുകള്‍ക്കായി നിയമം കൊണ്ടുവരുന്നതു വരെ നിരോധനം തുടരണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.
നിരവധി മാറ്റങ്ങളോടെ പുറത്തിറങ്ങുന്ന പുതിയ പബ്ജി ഗെയിമിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് കേന്ദ്ര ബാലാവകാശ കമ്മീഷൻ്റെ നിര്‍ദേശം. നിരോധനം നീക്കുന്നതിനായി പബ്ജി മൊബൈൽ ഗെയിമിൽ കമ്പനി വരുത്തിയ പല മാറ്റങ്ങളും സ്വീകാര്യമല്ലെന്ന് കേന്ദ്ര ഇലക്ട്രോണിക്സ് ആൻ്റ് ഐടി മന്ത്രാലയം വ്യക്തമാക്കിയിരുന്നു. പബ്ജിയ്ക്കായി പുതിയ കമ്പനി രൂപീകരിക്കാമെന്ന നിര്‍ദേശവും സ്വീകാര്യമല്ലെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.
ആപ്പിനുള്ള നിരോധനം തുടരുമെന്നു തന്നെയാണ് ഐടി മന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുള്ള ഇൻഡിസ്പോര്‍ട്ട് വെബ്സൈറ്റിൻ്റെ റിപ്പോര്‍ട്ടും സൂചിപ്പിക്കുന്നത്. നിരോധനം നീക്കാനുള്ള ഒരുദ്ദേശവുമില്ലെന്നാണ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയത്. നിരോധിക്കപ്പെട്ടതിനു ശേഷം ഒരു സ്ഥാപനത്തിന് പുതിയൊരു കമ്പനിയുണ്ടാക്കിയതിൻ്റെ പേരിൽ തിരിച്ചുവരാൻ കഴിയില്ലെന്നും അദ്ദേഹം വിശദീകരിച്ചു.