Health

എന്താണ് ചിക്കൻ പോക്സ്? എങ്ങനെ പകരും..?

Chickenpox

Malayalam News

ചൂട് കൂടി വരികയാണ്. ഇതിനൊപ്പം തന്നെ പല തരത്തിലുള്ള വേനൽക്കാല രോഗങ്ങളും തലപൊക്കി തുടങ്ങി. അത്തരത്തിൽ ഒന്നാണ് ചിക്കൻ പോക്സ്. മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പകരുന്ന രോഗമാണിത്. വേരിസെല്ലാ സോസ്റ്റര്‍ എന്ന വൈറസ് മൂലമുളള പകര്‍ച്ചവ്യാധിയാണ് ചിക്കന്‍ പോക്‌സ്. ആർക്ക് വേണമെങ്കിലും പിടിപെടാൻ സാധ്യത കൂടുതലാണ്.

രോഗപ്പകര്‍ച്ച

ചിക്കന്‍ പോക്‌സ്,  രോഗമുളളവരുമായി അടുത്ത സമ്പര്‍ക്കത്തിലൂടെയും കുമിളകളിലെ സ്രവങ്ങളിലൂടെയും ചുമ, തുമ്മല്‍ എന്നിവയിലൂടെയുള്ള കണങ്ങള്‍  വഴിയും ചിക്കന്‍ പോക്‌സ് പകരാം. പ്രാരംഭ ലക്ഷണമായി ശരീരത്തിലുണ്ടാകുന്ന കുമിളകള്‍ പൊന്തി തുടങ്ങി അവ ഉണങ്ങുന്നതു വരെ രോഗം പകരാം. 10 മുതല്‍ 21 ദിവസം വരെയാണ് ഇതിൻെ രോഗ ലക്ഷണങ്ങൾ.

രോഗ ലക്ഷണങ്ങള്‍

മുഖം, ഉദരഭാഗം, നെഞ്ച്, പുറം, കൈകാലുകള്‍ എന്നിവിടങ്ങളില്‍ തടിപ്പുകളായി ആരംഭിച്ച് പിന്നീട് വെള്ളം കെട്ടിനില്‍ക്കുന്ന കുമിളകള്‍ വന്ന് നാലു മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ അവ പൊട്ടുകയോ ഉണങ്ങുകയോ ചെയ്യും. പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന, ശരീരത്തില്‍ കുമിളകള്‍ എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍.

കൂടുതല്‍ ശ്രദ്ധിക്കേണ്ടത്

4 ദിവസത്തില്‍ കൂടുതലുളള പനി, കഠിനമായ പനി, കുമിളകളില്‍ കഠിനമായ വേദന/ പഴുപ്പ്, അമിതമായ ഉറക്കം, ആശയകുഴപ്പം, സംഭ്രമാവസ്ഥ, നടക്കാനുള്ള ബുദ്ധിമുട്ട്, കഴുത്ത് വേദന, അടിക്കടിയുളള ഛര്‍ദ്ദില്‍, ശ്വാസംമുട്ട്, കഠിനമായ ചുമ, കഠിനമായ വയറുവേദന, രക്തസ്രാവം എന്നീ രോഗ ലക്ഷണങ്ങള്‍ കാണുന്നെങ്കില്‍ വളരെ ശ്രദ്ധിക്കണം. ഇവ ചിക്കന്‍ പോക്‌സിന്റെ സങ്കീര്‍ണതകളായ ന്യുമോണിയ, മസ്തിഷ്‌കജ്വരം, കരള്‍ വീക്കം,  തുടങ്ങിയവയുടെ ലക്ഷണങ്ങളായതിനാല്‍ എത്രയും വേഗം ചികിത്സ തേടേണം.

രോഗം വന്നാല്‍ ശ്രദ്ധിക്കേണ്ടവ

വായു സഞ്ചാരമുളള മുറിയില്‍ പരിപൂര്‍ണമായി വിശ്രമിക്കുക. ധാരാളം വെളളം കുടിക്കുക. പഴവര്‍ഗങ്ങള്‍ കഴിക്കുക. മറ്റുളളവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക. ചൊറിച്ചിലുള്ള ഭാഗത്ത് കലാമിന്‍ ലോഷന്‍ പുരട്ടുക. ശരീരം മൃദുവായ നനഞ്ഞ തുണി കൊണ്ട് ഇടയ്ക്കിടെ ഒപ്പിയെടുക്കുക.

ചൊറിച്ചില്‍ കുറയ്ക്കുന്നതിനും ആശ്വാസത്തിനും സാധാരണ വെള്ളത്തിലെ കുളി സഹായിക്കും. കൈകളിലെ നഖം വെട്ടി വൃത്തിയായി സൂക്ഷിക്കുക. കുമിളയില്‍ ചൊറിഞ്ഞാല്‍ കൈകള്‍ സോപ്പും വെളളവും ഉപയോഗിച്ച് കഴുകുക. സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ നിര്‍ത്തരുത്. ചിക്കന്‍ പോക്‌സ് വന്നിട്ടില്ലാത്തവര്‍ക്ക് ചിക്കന്‍ പോക്‌സ്‌ രോഗികളുമായി സമ്പര്‍ക്കം വന്ന് 72 മണിക്കൂറിനുള്ളില്‍ വാക്‌സിന്‍ എടുത്താല്‍ രോഗത്തെ പ്രതിരോധിക്കാവുന്നതാണ്.

Malayalam NewsLatest update

Source link

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button