India

ഛത്തീസ്ഗഡിലെ ആശുപത്രിയിൽ തീപിടുത്തം: 5 കൊവിഡ് രോഗികള്‍ വെന്തുമരിച്ചു

Chhattisgarh hospital fire kills 5 Covid patients

റായ്പൂര്‍: ഛത്തീസ്ഗഡ് തലസ്ഥാനമായ റായ്പൂരിലെ ആശുപത്രിയിലുണ്ടായ തീപിടുത്തത്തിൽ അഞ്ച് മരണം. ശനിയാഴ്ച വൈകിട്ടാണ് നഗരത്തിൽ പ്രവര്‍ത്തിക്കുന്ന രാജധാനി എന്ന സ്വകാര്യ ആശുപത്രിയിൽ തീപിടുത്തമുണ്ടായത്. അപകടത്തെ തുടര്‍ന്ന് ആശുപത്രിയിലുണ്ടായിരുന്ന രോഗികളെ മറ്റ് ആശുപത്രികളിലേയ്ക്ക് മാറ്റി.

ദുരന്തത്തിൽ അഞ്ച് പേര്‍ക്ക് ജീവൻ നഷ്ടമായെന്നും മറ്റു രോഗികളെ സമീപത്തെ മറ്റ് ആശുപത്രികളിലേയ്ക്ക് മാറ്റിയെന്നും അഡീഷണൽ എസ് പി തര്‍കേശ്വര്‍ പട്ടേൽ അറിയിച്ചു. തീപിടുത്തത്തെപ്പറ്റി അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞതായി വാര്‍ത്താ ഏജൻസിയായ എഎൻഐ റിപ്പോര്‍ട്ട് ചെയ്തു.

അപകടമുണ്ടായ ആശുപത്രിയിൽ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിൻ്റെ ചിത്രങ്ങളും വാര്‍ത്താ ഏജൻസി പുറത്തു വിട്ടിട്ടുണ്ട്. തീപിടിച്ച ഐസിയു മുറികളും സ്ട്രെച്ചറിൽ കൊണ്ടുവരുന്ന രോഗികളെ കയറ്റാനായി നിര്‍ത്തിയിട്ടിരിക്കുന്ന ആംബുലൻസുകളുമാണ് ചിത്രങ്ങളിലുള്ളത്.

കൊവിഡ് രോഗികളെ ഉള്‍പ്പെടെ ചികിത്സിക്കുന്ന സ്വകാര്യ ആശുപത്രിയുടെ ഐസിയുവിലാണ് തീപടര്‍ന്നതെന്നാണ് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട്. കൊല്ലപ്പെട്ടവരിൽ അഞ്ച് പേരും കൊവിഡ് രോഗികളാണെന്നും 29 കൊവിഡ് രോഗികളെ മറ്റ് ആശുപത്രികളിലേയ്ക്ക് മാറ്റിയെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.

രമേഷ് സഹു എന്നയാള്‍ പൊള്ളലേറ്റും ഈശ്വര്‍ റാവു, വന്ദന ഗജ്മാല, ഭാഗ്യ ശ്രീ, ദേവിക സോങ്കര്‍ എന്നിവര്‍ പുക ശ്വസിച്ചുമാണ് മരിച്ചതെന്നാണ് പോലീസ് പറയുന്നത്. സംഭവത്തിൽ ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗൽ അനുശോചനം അറയിച്ചു. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 4 ലക്ഷം രൂപ വീതം ധനസഹായവും പ്രഖ്യാപിച്ചിട്ടുണ്ട്.

സംഭവത്തെപ്പറ്റി അന്വേഷിക്കുമെന്നും ജില്ലയിലെ എല്ലാ കൊവിഡ് ആശുപത്രികളിലും അഗ്നിസുരക്ഷാ മാര്‍ഗങ്ങള്‍ പരിശോധിക്കുമെന്നും റായ്പൂര്‍ കളക്ടര്‍ ഡോ. ഭാരതി ദാസൻ അറിയിച്ചു.

രണ്ട് നിലകളുള്ള ആശുപത്രിയുടെ മുകള്‍നിലയിലാണ് ആദ്യം തീ പടര്‍ന്നത്. ഈ സമയത്ത് ആശുപത്രിയിൽ 34 രോഗികളാണ് ഉണ്ടായിരുന്നത്. ഇതിൽ 9 പേര്‍ ഐസിയുവിലായിരുന്നു. ഐസിയുവിൽ നിന്ന് തീ പടരുന്നതു കണ്ട സൂപ്പര്‍വൈസര്‍ അധികൃതരെ വിവരമറിയിക്കുകയായിരുന്നു.

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button