റിപ്പോർട്ട്
പ്രസാദ് കെ ഷൊർണൂർ
മലയാളി മറക്കുന്ന മഹാത്മാക്കളിൽ പ്രഥമ സ്ഥാനത്ത് വരുന്ന ഒരു വ്യക്തിത്വമാണ് സർ ചേറ്റൂർ ശങ്കരൻ നായർ. സത്യം തുറന്ന് പറയുകയും ശരിയെ,ന്ന് ഉത്തമ ബോധ്യമുള്ള നിലപാടുകളിൽ ഉറച്ച് നിൽക്കുകയും ചെയ്യുന്ന, ഒട്ടനവധി മഹാൻമാർ ചരിത്രത്തിന്റെ വിസ്മൃതിയിൽ നിദ്രയിലാണ്ട് കിടപ്പുണ്ട്. നമ്മുടെ ഇന്നത്തെ കാലഘട്ടത്തിൽ കാണുവാൻ സാധിക്കാത്ത വിരളമായ, മുഖസ്തുതി പാടാതെ ആരെയും പ്രീണിപ്പിക്കാതെ മനസാക്ഷി പണയം വെക്കാതെ, രാജ്യസ്നേഹം മുഖമുദയായി ദീർഘവീക്ഷണത്തോടെ എടുത്ത അന്ത്യമ തീരുമാനങ്ങളുടെ അനന്തര ഫലമാണ്, ചരിത്രം എഴുതിയവർ ചേറ്റൂർ ശങ്കരൻ നായരെ തമസ്ക്കരിക്കുവാൻ കാരണം.
ഒന്നര നൂറ്റാണ്ടുകൾക്ക് മുമ്പ് ബ്രിട്ടീഷ് ഇന്ത്യയുടെ വടക്കൻ പ്രദേശങ്ങൾ, മംഗൾ പാണ്ഡേയുടെയും, ഝാൻസി റാണി ലക്ഷ്മീബായ്യുടെയും, താന്തിയോ തോപ്പിയുടെയും, റാവു സാഹിബിന്റെയും നേതൃത്വത്തിലുള്ള ഒന്നാം സ്വാതന്ത്ര്യസമരത്തിന്റെ തീച്ചൂളയിൽ എരിയുമ്പോൾ, ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ അധീനതയിലുള്ള മദ്രാസ് പ്രവിഷ്യയിൽ, ഇന്നത്തെ പാലക്കാട് ജില്ലയിലെ മങ്കരയിലുള്ള ചേറ്റൂർ തറവാട്ടിൽ, 1857 ജൂലായ് 11-ന് മന്മയിൽ രാമുണ്ണിപ്പണിക്കർക്കും ചേറ്റൂർ പാർവ്വതിയമ്മക്കും ഒരു ആൺ കുഞ്ഞ് ജനിച്ചു, അതാണ് ഇന്ത്യന്‍ രാഷ്ട്രീയ – നയതന്ത്ര ശ്രേണിയില്‍ ശോഭ പരത്തി നീണ്ടു പോകുന്ന, അതിവിപുലമായ ശൃംഖലയിലെ ആദ്യ കണ്ണിയായ സര്‍ ചേറ്റൂര്‍ ശങ്കരന്‍ നായർ.
ജന്മനാട്ടിൽ നിന്നും സംസ്കൃതവും, കളരിയും പരിശീലിച്ച ശങ്കരൻ നായർ കോഴിക്കോടും മദ്രാസിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കി. മദ്രാസ് പ്രസിഡൻസി കോളേജിൽ നിന്നും ബിരുദവും, മദ്രാസ് ലോ കോളേജിൽ നിന്ന് നിയമ ബിരുദവും കരസ്ഥമാക്കിയ ചേറ്റൂർ ശങ്കരൻ നായർ, 1880 ൽ തന്റെ ഇരുപത്തി മൂന്നാമത്തെ വയസിൽ മദ്രാസ് ഹൈക്കോടതിയിൽ അഭിഭാഷകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. ഭാരതത്തിൽ തഹസിൽദാരുടെ പദവിക്ക് മുകളിൽ ഒരു ഭാരതീയൻ എത്തിയിട്ടില്ലാത്ത കാലത്താണ്, 1899 ൽ മദിരാശി പ്രൊവിൻസിന്റെ അഡ്വക്കേറ്റ് ജനറലായതും, പിന്നീട് 1908 ൽ പ്രസിഡൻസി ഹൈക്കോടതിയുടെ മുഖ്യ ന്യായാധിപനായി മാറിയതും.
മാതൃരാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി ബ്രിട്ടീഷ് ഭരണകൂടത്തിനുള്ളിലെ ഉയർന്ന പദവികൾ വഹിക്കുമ്പോൾ തന്നെ അക്ഷീണം പ്രയത്നിച്ച ഒരു ദേശീയ നേതാവായിരുന്നു ശങ്കരൻ നായർ. മദ്രാസ് സർക്കാരിന്റെ വിദേശമദ്യ നയങ്ങൾ മൂലം ദാരിദ്ര്യത്തിലായ മലബാറിലെ തൊട്ടുകൂടാത്തവരായ കള്ളു ചെത്ത് തൊഴിലാളികളെ സംഘടിപ്പിച്ച്, 1894 ൽ അയ്യായിരത്തോളം പേർ പങ്കെടുത്ത ഐതിഹാസികമായ സമരം നയിച്ചാണ് പൊതുപ്രവർത്തന രംഗത്തേക്ക് കടന്ന് വരുന്നത്. ഒരു പക്ഷേ മലയാളി കണ്ട ആദ്യത്തെ തൊഴിലാളി സംഘടനാ പ്രവർത്തനം ഇതായിരിക്കാം, എന്നാൽ അന്ന് ചേറ്റൂർ ശങ്കരൻ നായർ മദ്രാസ് നിയമസഭയിൽ ഒരു അംഗമായിരുന്നു എന്നത് മറ്റൊരു ചരിത്ര വസ്തുതയാണ്.
മലയാളിക്ക് അഭിമാനിക്കാവുന്ന നേട്ടങ്ങൾ കൈവരിച്ച ചേറ്റൂർ ശങ്കരൻ നായരെ കാലം വിസ്മരിക്കുമ്പോഴും, ചരിത്രത്തിന്റെ ശേഷിപ്പുകളിൽ മായാതെ കിടപ്പുണ്ട് അദ്ദേഹത്തിന്റെ കർമ്മപഥങ്ങൾ. മദ്രാസ് സർക്കാറിന്റെ മരുമക്കത്തായം പിന്തുടരുന്ന മലബാറിലെ ജനവിഭാഗങ്ങളിലെ, വിവാഹങ്ങൾക്കുള്ള മലബാർ മാര്യേജ് ആക്റ്റ് എന്ന നിയമ നിർമാണത്തിന് 1896 ൽ മുൻകൈയെടുത്തത് ശങ്കരൻ നായരായിരുന്നു. മദ്രാസ് സർക്കാരിന്റെ മലബാർ അന്വേഷണ കമ്മിറ്റിയംഗം, ഇൻഡ്യൻ യൂണിവേഴ്സിറ്റി കമ്മീഷൻ അംഗം, സൈമൺ കമ്മീഷനുമായി സഹകരിക്കാനുള്ള ഇൻഡ്യൻ സെൻട്രൽ കമ്മിറ്റിയുടെ അദ്ധ്യക്ഷൻ, തുടങ്ങിയ നിലകളിൽ അദ്ദേഹം പ്രവർത്തിച്ചു.
സൂര്യൻ അസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിന് എതിരെ പോരാട്ടം നടത്തിയ ചേറ്റൂർ ശങ്കരൻ നായർ, 1897 ൽ അമരാവതിയിൽ ചേർന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ സമ്മേളനത്തിൽ അദ്ധ്യക്ഷനായി. അന്നോളം വടക്കേ ഇന്ത്യക്കാർ മാത്രം അടക്കിവാണ ആ ദേശീയ സംഘടനയുടെ അദ്ധ്യക്ഷ പദവിയിൽ, സ്വന്തം വ്യക്തിപ്രഭാവം കൊണ്ട് മാത്രം ചെറുപ്രായത്തിൽ തന്നെ എത്തിയ എക മലയാളിയാണ് ചേറ്റൂർ ശങ്കരൻ നായർ. ബ്രിട്ടീഷ് ഇന്ത്യയിലെ വൈസ്രോയി മന്ത്രിസഭയിലെത്തിയ ആദ്യ മലയാളിയായ ചേറ്റുർ ശങ്കരൻ നായരെ, 1904-ൽ കമാൻഡർ ഓഫ് ഇൻഡ്യൻ എമ്പയർ എന്ന ബഹുമതിയും, 1912-ൽ സർ പദവിയും നൽകി ആദരിച്ചിരുന്നു ബ്രിട്ടീഷ് സർക്കാർ.
വിദേശ മേധാവിത്വത്തെ വിമർശിക്കുകയും സൈമൺ കമ്മിഷന് മുമ്പിൽ ഭാരതത്തിന് പുത്രികാരാജ്യ പദവി വേണമെന്ന് ആവശ്യപ്പെടുകയും ചെയ്ത സർ ചേറ്റൂർ ശങ്കരൻ നായർ, 1919 ലെ ജാലിയൻ വാലാബാഗ് കൂട്ടക്കൊലയെ തുടർന്ന് വൈസ്രോയിയുടെ എക്സിക്യൂട്ടിവ് കൌൺസിലിൽ നിന്നു രാജി വച്ചു. ജാലിയൻ വാലാബാഗ് സംഭവത്തിന്റെ ഉത്തരവാദിയായ ക്രൂരമായ മാർഷൽ നിയമങ്ങൾ നടപ്പാക്കിയ, ലഫ്റ്റനന്റ് ഗവർണർ സർ മൈക്കിൾ ഫ്രാൻസിസ് ഒ. ഡയറിനെതിരെ ഇംഗ്ലണ്ടിൽ ചെന്ന് കേസ് വാദിച്ചു ആ ദേശസ്നേഹി. ഇക്കാലത്തും ചേറ്റൂർ ശങ്കരൻ നായരുടെ സെക്രട്ടറിമാരായും, പരിചാരകരായും പ്രവർത്തിച്ചിരുന്നത് ബ്രിട്ടീഷുകാർ തന്നെയായിരുന്നു എന്നത് അദ്ദേഹത്തിന്റെ മഹാത്മ്യം തെളിയിക്കുന്നു.
ഗാന്ധി യുഗത്തിന്റെ പ്രാരംഭത്തിൽ കോൺഗ്രസ്സിൽ നിന്നും അകന്ന ചേറ്റുർ ശങ്കരൻ നായർ, പുത്രികാ രാജ്യപദവി സംബന്ധിച്ച് വൈസ്രോയിയുടെ പ്രഖ്യാപനം വന്നതോടെ സജീവ രാഷ്ട്രീയത്തിൽ നിന്നും വിശ്രമ ജീവിതത്തിലേക്ക് പ്രവേശിച്ചു ശങ്കരൻ നായർ. ഭരണഘടന അധിഷ്ഠിത മാർഗങ്ങളിൽ നിലയുറപ്പിച്ച ആ നയതന്ത്രഞ്ജൻ, ഗാന്ധിജി വിഭാവനം ചെയ്ത നിസഹകരണ പ്രസ്ഥാനങ്ങളുടെ സമരങ്ങളെയും, സ്വാതന്ത്ര സമരങ്ങളിലേക്ക് ഖിലാഫത്ത് സമരങ്ങളെ ബന്ധിപ്പിച്ചതിനെയും, ശക്തമായി വിമർശിച്ചിട്ടുണ്ട് ” ഗാന്ധി ആൻഡ് അനാർക്കി ” എന്ന പേരിൽ എഴുതിയ ഗ്രന്ഥത്തിൽ. ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ വിഭജിക്കണമെന്ന ആശയമാദ്യം മുന്നോട്ട് വച്ചത് ശങ്കരന്‍ നായരായിരുന്നു.
ഇതിഹാസ തുല്യമായ എഴുപത്തിയേഴ് വർഷത്തെ പകരക്കാരനില്ലാത്ത സംഭവബഹുലമായ ശങ്കരൻ നായരുടെ ജീവിത യാത്രയിൽ, 1932 ൽ മദ്രാസ് സര്‍വകലാശാല അദ്ദേഹത്തെ ഡോക്ടറേറ്റ് നല്‍കി ആദരിച്ചു. 1934 ഏപ്രിൽ 24 ന് വാർദ്ധക്യ സഹജമായ അസുഖത്താൽ മദ്രാസിൽ വെച്ച് അന്തരിച്ച ആ പുണ്യാത്മാവ്, ജന്മനാട്ടിലെ നിളാനദിയുടെ തീരത്തെ ഒരു സ്മാരക ശിലക്കടിയിൽ അന്ത്യവിശ്രമത്തിലാണ്. ഇന്നത്തെ തലമുറ അറിയാതെ പോയ നീതിയുടെ ആൾരൂപമായ ചരിത്ര പുരുഷൻ സർ ചേറ്റൂർ ശങ്കരൻ നായരുടെ ജീവിതം സിനിമയാകുന്നു. ചേറ്റൂര്‍ ശങ്കരന്‍ നായരുടെ കൊച്ചുമകന്‍ രഘു പാലാട്ട് -ഭാര്യ പുഷ്പ പാലാട്ട് എന്നിവര്‍ ചേര്‍ന്നെഴുതിയ, 2019 ഒക്ടോബര്‍ 19 ന് കൊച്ചിയില്‍ പ്രകാശനം ചെയ്ത “ദ കേസ് ദാറ്റ് ഷൂക്ക് ദ എംപയര്‍’ എന്ന പുസ്തകത്തിൽ നിന്നാണ് തിരക്കഥ.
ബോളിവുഡ് ചലച്ചിത്ര സംവിധായകനും, നിർമ്മാതാവും, ടെലിവിഷൻ അവതാരകനുമായ കരൺ ജോഹർന്റെ ഉടമസ്ഥതയിലുള്ള, ബോളിവുഡിലെ ഏറ്റവും വലിയ ചലച്ചിത്ര നിർമ്മാണ കമ്പനിയായ ധർമ്മ പ്രൊഡക്ഷൻസിന്‍റെ ബാനറിലാണ് ഈ ചിത്രം ഒരുങ്ങുക. കരണ്‍ സിങ് ത്യാഗി സംവിധാനം ചെയ്യുന്ന ചിത്രത്തിന് ദി അണ്‍ടോള്‍ഡ് സ്‌റ്റോറി ഓഫ് സി ശങ്കരന്‍ നായര്‍ എന്നാണ് പേരിട്ടിട്ടുള്ളത്. സിനിമയുടെ ചിത്രീകരണം കേരളം, തമിഴ്‌നാട്, പഞ്ചാബ് എന്നിവിടങ്ങളിലായി ഉടൻ ആരംഭിക്കുമെന്നും, അഭിനേതാക്കളെയും മറ്റു സാങ്കേതിക വിദഗ്ധരെയും കുറിച്ചുള്ള വിശദാംശങ്ങൾ വൈകാതെ അറിയിക്കുമെന്നാണ് കരണ്‍ ജോഹര്‍ ഒരിക്കൽ സോഷ്യൽ മീഡിയായിലൂടെ അറിയിച്ചിട്ടുള്ളത്.
ഒറ്റപ്പാലം ആസ്ഥാനമായി പ്രവർത്തിക്കുന്ന ചേറ്റൂർ ശങ്കരൻ നായർ ഫൗണ്ടേഷന്റെ ശ്രമഫലമായി, 2001 ജൂലായ് 6 ന് തപാൽ വകുപ്പ് പുറത്തിറക്കിയ സ്മാരക സ്‌റ്റാമ്പാണ് അവഗണനയുടെ ചരിത്രത്തിലെ ഏക അപവാദം. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് എന്ന കാലഹരണം നേരിടുന്ന ദേശീയ പ്രസ്ഥാനത്തിലെ, അധികാരത്തിന്റെ അപ്പ കഷണത്തിന് വേണ്ടി നിഴൽ യുദ്ധം നടത്തുന്ന ഇന്നത്തെ തലമുറക്ക്, ഈ അഭ്രകാവ്യം ഉയിർത്തെഴുന്നേൽപ്പിനുള്ള ഒരു പാഠപുസ്തകമാകുമെന്ന് പ്രത്യാശിക്കാം.
റിപ്പോർട്ട്
പ്രസാദ് കെ ഷൊർണൂർ