Kerala

സംസ്ഥാനത്ത് 25 സര്‍ക്കാര്‍ ആശുപത്രികളില്‍ കീമോ തൊറാപ്പി സൗകര്യങ്ങള്‍

Chemotherapy facilities in 25 government hospitals in the state

തിരുവനന്തപുരം: സംസ്ഥാനത്തെ 25 സര്‍ക്കാര്‍ ആശുപത്രികളില്‍ കാന്‍സര്‍ ചികിത്സയ്ക്കുള്ള കീമോ തെറാപ്പി സൗകര്യങ്ങള്‍ ലഭ്യമാണെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. കൊവിഡ് കാലത്ത് രോഗപ്രതിരോധ ശേഷി കുറഞ്ഞ കാന്‍സര്‍ രോഗികള്‍ ചികിത്സയ്ക്ക് വളരെ ദൂരം യാത്ര ചെയ്യാതിരിക്കാന്‍ തൊട്ടടുത്തുള്ള ആശുപത്രികളില്‍ കാന്‍സര്‍ തുടര്‍ ചികിത്സയ്ക്കുള്ള സൗകര്യങ്ങള്‍ ഒരുക്കിയിരുന്നു. ഈ കേന്ദ്രങ്ങളിലെ സ്‌ക്രീനിംഗിലൂടെ 4972 പുതിയ കാന്‍സര്‍ രോഗികളെ കണ്ടെത്തി ചികിത്സ നല്‍കാനായെന്നും മന്ത്രി വ്യക്തമാക്കി.

ഇത്തരം കേന്ദ്രങ്ങള്‍ വിപുലപ്പെടുത്തി കീമോ തെറാപ്പി ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ നല്‍കി വരുന്നു. കൂടുതല്‍ ആശുപത്രികളില്‍ കീമോ തെറാപ്പി സൗകര്യങ്ങള്‍ ഒരുക്കാനാണ് ആരോഗ്യവകുപ്പ് നിലവിൽ ലക്ഷ്യമിടുന്നതെന്നും മന്ത്രി വീണ ജോർജ് പറഞ്ഞു.

തിരുവനന്തപുരം നെടുമങ്ങാട് ജില്ലാ ആശുപത്രി, തിരുവനന്തപുരം ജനറല്‍ ആശുപത്രി, കൊല്ലം ജില്ലാ ആശുപത്രി, പുനലൂര്‍ താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആശുപത്രി, പത്തനംതിട്ട ജനറല്‍ ആശുപത്രി, കോഴഞ്ചേരി ജില്ലാ ആശുപത്രി, ആലപ്പുഴ ജനറല്‍ ആശുപത്രി, മാവേലിക്കര ജില്ലാ ആശുപത്രി, കോട്ടയം പാല ജനറല്‍ ആശുപത്രി, കോട്ടയം ജില്ലാ ആശുപത്രി, ഇടുക്കി തൊടുപുഴ ജില്ലാ ആശുപത്രി, എറണാകുളം ജനറല്‍ ആശുപത്രി, മൂവാറ്റുപുഴ ജില്ലാ ആശുപത്രി, തൃശൂര്‍ വടക്കാഞ്ചേരി താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആശുപത്രി, തൃശൂര്‍ ജനറല്‍ ആശുപത്രി, പാലക്കാട് ജില്ലാ ആശുപത്രി, ഒറ്റപ്പാലം താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആശുപത്രി, മലപ്പുറം തിരൂര്‍ ജില്ലാ ആശുപത്രി, പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രി, നിലമ്പൂര്‍ ജില്ലാ ആശുപത്രി, കോഴിക്കോട് ബീച്ച് ആശുപത്രി, വയനാട് നല്ലൂര്‍നാട് ട്രൈബല്‍ ഹോസ്പിറ്റല്‍, കണ്ണൂര്‍ ജില്ലാ ആശുപത്രി, തലശേരി ജനറല്‍ ആശുപത്രി, കാസര്‍കോട് കാഞ്ഞങ്ങാട് ജനറല്‍ ആശുപത്രി എന്നിവിടങ്ങളിലാണ് കീമോതെറാപ്പി ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ലഭ്യമായത്.

മെഡിക്കല്‍ കോളേജുകള്‍, തിരുവനന്തപുരം ആര്‍സിസി, മലബാര്‍ കാന്‍സര്‍ സെന്‍റര്‍, കൊച്ചിന്‍ കാന്‍സര്‍ സെന്‍റര്‍ എന്നിവയുമായി സഹകരിച്ചാണ് കാന്‍സര്‍ ചികിത്സ ഈ കേന്ദ്രങ്ങളിലൂടെ യാഥാര്‍ത്ഥ്യമാക്കിയത്.

ആദ്യ തവണ മെഡിക്കല്‍ കോളേജുകള്‍, ആര്‍സിസി, മലബാര്‍ കാന്‍സര്‍ സെന്‍റര്‍, കൊച്ചിന്‍ കാന്‍സര്‍ സെന്‍റര്‍ എന്നിവിടങ്ങളിലെ ചികിത്സയ്ക്ക് ശേഷം തുടര്‍ ചികിത്സയ്ക്കായി തൊട്ടടുത്തുള്ള കേന്ദ്രങ്ങളിലെത്തിയാല്‍ മതിയാകും. കാന്‍സര്‍ സ്‌ക്രീനിംഗ്, അനുബന്ധ കാന്‍സര്‍ ചികിത്സാ സേവനങ്ങള്‍, മരുന്നുകള്‍, പാലിയേറ്റീവ് കെയര്‍ സേവനങ്ങള്‍ എന്നിവ തൊട്ടടുത്തുള്ള ഈ ആശുപത്രികളില്‍ നിന്നും ലഭ്യമാകുന്നതാണെന്നും മന്ത്രി വീണ ജോർജ് പറഞ്ഞു.

Source link

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button