തിരുവനന്തപുരം: കൊവിഡ്-19 യാത്ര നിയന്ത്രണങ്ങൾ തുടരുന്നതിനിടെ തിരുവനന്തപുരം – ന്യൂഡൽഹി രാജധാനി സ്‌പെഷൽ ട്രെയിൻ സമയക്രമത്തിൽ മാറ്റം. വ്യാഴാഴ്‌ച(12-11-2020) മുതൽ തിരുവനന്തപുരത്ത് നിന്നും രാത്രി 7.15നും എറണാകുളം ജംഗ്‌ഷനിൽ നിന്നും രാത്രി 10.35നും പുറപ്പെടും. സമയക്രമം മാറ്റിയതിനുള്ള കാരണം എന്താണെന്ന് അധികൃതർ വ്യക്തമാക്കിയിട്ടില്ല.
സമയക്രമത്തിൽ മാറ്റം വന്നതിനൊപ്പം കൊല്ലം, ആലപ്പുഴ, തൃശൂർ, ഷൊർണൂർ, കോഴിക്കോട്, കണ്ണൂർ സ്‌റ്റേഷനുകളിൽ ട്രയിനിന് സ്‌റ്റോപ്പ് ഉണ്ടാകും.
നിലവിൽ രാജധാനി സ്‌പെഷൽ ട്രെയിൻ തിരുവനന്തപുരത്ത് നിന്ന് രാത്രി 7.45ന് പുറപ്പെട്ട് രാത്രി 11.10ന് എറണാകുളത്ത് എത്തി രാത്രി 11.15ന് പുറപ്പെടുന്നതാണ് പതിവ് സമയക്രമം.കൊവിഡ് നിയന്ത്രണങ്ങൾ തുടരുന്നതിനാൽ രാജ്യത്ത് ട്രെയിൻ സർവീസുകൾ പൂർണമായി ആരംഭിച്ചിട്ടില്ല. കൊവിഡ് കേസുകൾ കൂടുതലുള്ള സംസ്ഥാനങ്ങളുടെ എതിർപ്പാണ് ഇതിന് കാരണം. പ്രത്യേക സർവീസുകളും സ്‌പെഷൽ സർവീസുകളും മാത്രമാണ് നിലവിൽ തുടരുന്നത്.