പഴയ കേസിൻറെ രേഖ ചോദിച്ച് പ്രതി; കോടതിയിൽ പോലീസുകാരനെ വെട്ടി, ജഡ്ജിൻറെ ചേംബറിലേക്ക് തള്ളക്കയറാൻ ശ്രമം
Changanassery Court Issue

Malayalam News
ചങ്ങനാശ്ശേരി: തൻറെ കേസിൻറെ രേഖകൾ തേടി കോടതിയിൽ എത്തിയയാൾ ജഡ്ജിയുടെ ചേംബറിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചു. തടയാൻ ശ്രമിച്ച പോലീസുകാരനെ വെട്ടിപ്പരിക്കേൽപ്പിച്ച പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ചങ്ങനാശ്ശേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലായിരുന്നു സംഭവം. സംഭവത്തിൽ കാരപ്പുഴ മാന്താറ്റ് രമേശനെ (65) പോലീസ് അറസ്റ്റ് ചെയ്തു.
ബുധനാഴ്ച താൻ പ്രതിയായ ഒരു കേസിലെ രേഖകൾ തേടിയാണ് രമേശൻ കോടതിയിലെത്തിയത്. കോടതിയുടെ രാവിലത്തെ സിറ്റിങ് അവസാനിച്ചപ്പോൾ ഡ്യൂട്ടിയിലുണ്ടായിരുന്ന ബെഞ്ച് ക്ലാർക്കും രമേശനും തമ്മിൽ വാക്കുതർക്കമുണ്ടായി. ഇതിനിടയിൽ ചേംബറിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചെങ്കിലും ഇയാളെ കോടതിയുടെ പുറത്താക്കി.
വൈകീട്ട് കൈയിൽ കത്തിയുമായി എത്തിയ രമേശൻ വീണ്ടും ചേംബറിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചു. ഇതിനിടയിൽ തടയാനെത്തിയ ചിങ്ങവനം പോലീസ് സ്റ്റേഷനിലെ പോലീസുകാരൻ ജയനെ വെട്ടുകയായിരുന്നു. ജയൻ കോടതി ഡ്യൂട്ടിയിലായിരുന്നു. കോടതിയിലുണ്ടായിരുന്ന മറ്റു പോലീസുകാർ ചേർന്ന് ബലംപ്രയോഗിച്ചാണ് രമേശനെ കോടതിയിൽ നിന്നും മാറ്റിയത്. സംഭവത്തിൽ ചങ്ങനാശ്ശേരി പോലീസ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.