മൂല്യങ്ങൾ മുറുകെ പിടിച്ചാൽ ബിസിനസ്സ് സംരംഭങ്ങൾ വിജയിക്കും: പിസി മുസ്തഫ
Business ventures succeed if values are upheld: PC Mustafa
ദോഹ: മൂല്യങ്ങളിൽ വിട്ടുവീഴ്ചയില്ലാതെ നവീന ആശയങ്ങൾ ഉപയോഗപ്പെടുത്തി ഉപഭോക്താക്കളുടെ ആവശ്യങ്ങൾ നിറവേറ്റാൻ കഴിയുമ്പോഴാണ് ബിസിനസ്സ് സംരംഭങ്ങൾ വിജയിക്കുകയെന്ന് ബാംഗ്ലൂർ ആസ്ഥാനമായ ഐഡി ഫ്രഷ് സിഇഒ പിസി മുസ്തഫ അഭിപ്രായപ്പെട്ടു.
സിഐസി വക്‌റ സോൺ സംഘടിപ്പിച്ച ‘കോവിഡ് 19 പ്രവാസം, അതിജീവനം’ ടോക് സീരീസിൽ അഞ്ചാമത്തെ സെഷനായ ‘ഹലാൽ നിക്ഷേപം: അവസരങ്ങൾ, സാദ്ധ്യതകൾ” എന്ന പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൃത്യമായ ഉല്പ്പന്നം തെരഞ്ഞെടുത്ത് പ്രോസസിങ്ങിലെ സുതാര്യത ഉറപ്പു വരുത്തി രാജ്യത്തെ നിയമങ്ങൾ പാലിച്ചു കൊണ്ടായിരിക്കണം ബിസിനസ്സ് മുന്നോട്ടു പോകേണ്ടത്. വളരെ പ്രയാസകരമാണെങ്കിലും പലിശ ഉൾപ്പെടുന്ന ഇടപാടുകളിൽ നിന്ന് വിട്ടു നിൽക്കുകയും ലഭിക്കുന്ന വരുമാനത്തിൽ നിന്നും സകാത്ത് അഥവാ അർഹരുടെ അവകാശങ്ങൾ നൽകുകയും ചെയ്യുമ്പോഴാണ് ബിസിനസ്സ് കൂടുതൽ വികാസനോന്മുഖവും സമൂഹത്തെ ശക്തിപ്പെടുത്തുന്നതുമാകുന്നതെന്നും തന്റെ ബിസിനസ്സ് അനുഭവങ്ങൾ വിവരിച്ചുകൊണ്ട് അദ്ദേഹം ചൂണ്ടിക്കാട്ടി.
പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തിയ കൊച്ചി കേന്ദ്രമായ ‘കൻസ് വെൽത്ത്’ സിഇഒ സനൂപ് സിദ്ധീഖ് മ്യൂച്വൽ ഫണ്ട് , സ്റ്റോക്ക് മാർക്കറ്റ് തുടങ്ങിയ രംഗങ്ങളിലെ എത്തിക്കൽ നിക്ഷേപാവസരങ്ങളെ പരിചയപ്പെടുത്തി. സാധാരണക്കാരായ പ്രവാസികൾക്കും തുടക്കക്കാർക്കും മ്യൂച്ചൽ ഫണ്ട് നിക്ഷേപം കൂടുതൽഅനുയോജ്യ മായിരിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ടാറ്റ എത്തിക്കൽ ഫണ്ടിനെ പരിചയപ്പെടുത്തിക്കൊണ്ട് ‘ടാറ്റ മ്യൂച്വൽ ഫണ്ട്’ കേരള ഹെഡ്ഡ് ധനേഷ് കുമാർ സംസാരിച്ചു. സിഐസി വക്‌റ സോൺ പ്രസിഡന്റ് മുസ്തഫ കാവിൽകുത്ത് ആമുഖ ഭാഷണം നടത്തി. പ്രോഗ്രാം കൺവീനർ ഉമ്മർ സാദിഖ് മോഡറേറ്ററായിരുന്നു. സൂം – എഫ് ബി ലൈവുകളിലായി നടന്ന പരിപാടിയിലും ചോദ്യോത്തര സെഷനനിലും ആയിരത്തിലധികം പേർ പങ്കെടുത്തു.