അതിര്‍ത്തി തർക്കം വീണ്ടും; ചൈനയുടെ കടന്നുകയറ്റ ശ്രമം പരാജയപ്പെടുത്തി ഇന്ത്യ
Border dispute resumes; India thwarts Chinese incursion
ദില്ലി: ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ വീണ്ടും സംഘര്‍ഷങ്ങള്‍ രൂക്ഷമാകുന്നു. പാങോംങ് തടകാമുള്‍പ്പടെ നാലിടങ്ങളില്‍ ചൈനീസ് സൈന്യം പ്രകോപനം തുടരുകയാണെന്നാണ് വിവരം. ഇതിനിടെ, ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് കടന്നുകയറാന്‍ ശ്രമിച്ച ചൈനീസ് സൈന്യത്തിന്റെ ശ്രമം ഇന്ത്യന്‍ സൈന്യം പരാജയപ്പെടുത്തിയെന്ന് റിപ്പോര്‍ട്ട്. ലഡാക്കിലെ ഇന്ത്യ-ചൈന നിയന്ത്രണ രേഖയിലെ ചുമാര്‍ സെക്ടറിലാണ് ചൈനയുടെ കടന്നു കയറ്റം.
കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളിലുണ്ടായ മൂന്നാമത്തെ ശ്രമമാണ് ചൈനീസ് സൈന്യത്തിന്റെ ഭാഗത്ത് നിന്നുണ്ടായത്. ചൈനീസ് സൈന്യത്തിന്റെ ഏഴ് മുതല്‍ എട്ട് വരെ ഭാരമുള്ള വാഹനങ്ങള്‍ അവരുടെ ചെപ്പുസി ക്യാമ്പില്‍ നിന്ന് യഥാര്‍ത്ഥ നിയന്ത്രണ രേഖയുടെ (എല്‍എസി) ഇന്ത്യന്‍ ഭാഗത്തേക്ക് പുറപ്പെട്ടതായും ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.
എന്നാല്‍ ചൈനീസ് സൈന്യത്തിന്റെ കടന്നുകയറ്റം ഏതുവിധേനയും ചെറുക്കുന്നതിന് ഇന്ത്യ ഇവിടെ ടാങ്കുകളും സൈന്യത്തെയും വിന്യസിച്ചു. ഇതേ തുടര്‍ന്ന് ചൈനീസ് സൈന്യം തങ്ങളുടെ നീക്കത്തില്‍ നിന്നും മടങ്ങിപ്പോയെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, നിരന്തരം നടന്ന സൈനിക ചര്‍ച്ചയിലും നയതന്ത്ര ചര്‍ച്ചയിലും രൂപപ്പെടുത്തിയ ധാരണകള്‍ പാലിക്കാന്‍ ചൈനീസ് സൈന്യം തയ്യാറാകുന്നില്ല. ഇതിനിടെ ചൈനീസ് സൈന്യത്തിന്റെ കടന്നുകയറ്റം ഏതുവിധേനയും ചെറുക്കുന്നതിന് ഇന്ത്യ സുരക്ഷ സേനകള്‍ക്ക് നിര്‍ദ്ദേശം നല്‍കി.
അതേസമയം, അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമാകുമ്പോള്‍ ഇന്ത്യയുടെ വാദങ്ങള്‍ തള്ളി ചൈന രംഗത്തെത്തി. കഴിഞ്ഞ70 വര്‍ഷത്തിനിടെ ഒരു രാജ്യത്തിന്റെയും ഭൂപ്രദേശത്ത് അതിക്രമിച്ച് കയറിയിട്ടില്ലെന്നാണ് ചൈനയുടെ വാദം. ലഡാക്കില്‍ ഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കം സംബന്ധിച്ച സംഘര്‍ഷങ്ങള്‍ക്ക് വീണ്ടും ഇന്ത്യയെ കുറ്റപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് ചൈന. സംഘര്‍ഷത്തിന് അയവുവവരുത്തുന്നതിനായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോള്‍ ചൈന പ്രകോപനം സൃഷ്ടിക്കുന്നതിന് പുറമേയാണ് ഇത്തരം പ്രസ്താവനകളും പുറത്തുവരുന്നത്. ചൈനീസ് വിദേശകാര്യ വക്താവാണ് പുതിയ അവകാശവാദവുമായി രംഗത്തെത്തിയിട്ടുള്ളത്.