അതിര്‍ത്തി തർക്കം രൂക്ഷം; പാക്, ചൈനീസ് രാഷ്ട്രത്തലവന്മാരെ മുഖാമുഖം കാണാൻ പ്രധാനമന്ത്രി
Border dispute escalates; Prime Minister to meet Pakistani and Chinese leaders face to face
ന്യൂഡൽഹി: അയൽരാജ്യങ്ങളുമായുള്ള അതിര്‍ത്തി തര്‍ക്കം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ പാക് പ്രധാനമന്ത്രിയെയും ചൈനീസ് പ്രസിഡന്റിനേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് നേരിൽ കാണാൻ കളമൊരുങ്ങുന്നു. റഷ്യ ആതിഥേയത്വം വഹിക്കുന്ന എസ്‍സിഓ ഉച്ചകോടിയിലാണ് മൂന്ന് നേതാക്കളും പങ്കെടുക്കുന്നത്. കൊവിഡ് 19 സാഹചര്യത്തിൽ ഇത്തവണ വിര്‍ച്വൽ രീതിയിലാണ് ഉച്ചകോടി നടക്കുന്നത്. നവംബര്‍ 10ന് ഇരു രാഷ്ട്രനേതാക്കളുമായും പ്രധാനമന്ത്രി മുഖാമുഖം കാണുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. ഇതിനു പുറമെ ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങുമായി പ്രധാനമന്ത്രി നവംബര്‍ 17ന് സംസാരിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. നേരത്തെ യുറേഷ്യൻ മേഖലയിലെ രാഷ്ട്രത്തലവന്മാരെ നേരിട്ട് വിളിച്ചു കൂട്ടി ഉച്ചകോടി സംഘടിപ്പിക്കാനായിരുന്നു റഷ്യ പദ്ധതിയിട്ടിരുന്നതെങ്കിലും കൊവിഡ് 19 പ്രതിസന്ധി മൂലം പദ്ധതി മാറ്റുകയായിരുന്നു.
തീവ്രവാദം, രാജ്യസുരക്ഷ തുടങ്ങിയ മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന എസ്‍സിഓ ഉച്ചകോടി ഇന്ത്യയെ സംബന്ധിച്ചടത്തോളം നയതന്ത്രപരമായി പ്രധാനപ്പെട്ടതാണ്. മെയ് മാസത്തിൽ രൂക്ഷമായ ലഡാഖ് അതിര്‍ത്തി സംഘര്‍ഷത്തിനു ശേഷം ഇതാദ്യമായാണ് ചൈനീസ് പ്രസിഡന്റും ഇന്ത്യൻ പ്രധാനമന്ത്രിയും തമ്മിൽ നേരിട്ടു സംവദിക്കുന്നത്. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടെ ഇരുരാജ്യങ്ങളും തമ്മിൽ ഏഴു റൗണ്ടോളം ചര്‍ച്ച നടത്തിയെങ്കിലും അതിര്‍ത്തിയിലെ സമ്മര്‍ദ്ദത്തിൽ അയവില്ലാതെ തുടരുന്നതിനിടയിലാണ് രാഷ്ട്രനേതാക്കള്‍ പരസ്പരം കാണുന്നത്.
ഇന്ത്യ – ചൈന പ്രശ്നം പരിഹരിക്കാൻ മധ്യസ്ഥത വഹിക്കാമെന്ന നിലപാടിൽ തുടരുന്ന റഷ്യ എസ്‍സിഓ ഉച്ചകോടി അംഗരാജ്യങ്ങള്‍ തമ്മിലുള്ള പ്രശ്നങ്ങള്‍ ഫലപ്രദമായി പരിഹരിക്കാൻ ഉപയോഗിക്കാമെന്നാണ് വ്യക്തമാക്കുന്നത്. അതേസമയം, അതിര്‍ത്തി കടന്നുള്ള തീവ്രവാദത്തിനെതിരെയും തീവ്രവാദത്തെ സഹായിക്കുന്ന രാജ്യങ്ങള്‍ക്കെതിരെയും ഇന്ത്യ ശക്തമായ നിലപാടെടുക്കുമെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങള്‍ നല്‍കുന്ന വിവരം.