ബ്ലാക്ക് ഫംഗസ് ബാധ കേരളത്തിലും; കൂടുതൽ സാമ്പിളുകൾ പരിശോധനയ്ക്ക്
Black fungus outbreak in Kerala too; More samples for testing
കൊച്ചി: കൊവിഡ് മുക്തരിൽ കണ്ടുവരുന്ന ബ്ലാക്ക് ഫംഗസ് ബാധ കേരളത്തിലും. മഹാരാഷ്ട്രയിലും ഗുജറാത്തിലും കണ്ടുവരുന്ന ഫംഗസ് ബാധ കേരളത്തിൽ അപൂർവ്വമായി ദൃശ്യമായിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് വരുന്നതിന് മുമ്പും ഇത്തരത്തിലുള്ള ഫംഗസ് ബാധ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇക്കാര്യത്തിൽ സംസ്ഥാന മെഡിക്കൽ ബോർഡ് കൂടുതൽ സാമ്പിളുകളെടുത്ത് പരിശോധിച്ചു വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.
മെഡിക്കൽ കോളേജിലെ ഇൻഫെക്ഷൻ ഡിസീസ് ഡിപ്പാർട്ട്മെന്റുകളുടെ സഹായത്തോടെയാണ് പരിശോധന നടത്തുന്നത്. കഴിഞ്ഞ ദിവസം എറണാകുളം ജില്ലയിലെ മുക്കന്നൂരിലുള്ള സ്ത്രീക്ക് ബ്ലാക്ക് ഫംഗസ് ബാധ സ്ഥിരീകരിച്ചിരുന്നു. അങ്കമാലിയിലെ ആശുപത്രിയിൽ വെച്ചാണ് ഇവരുടെ ശസ്ത്രക്രിയ നടന്നത്.
മൂക്കിൽ നിന്നും കറുത്ത നിറത്തിലോ രക്തം കലര്‍ന്നതോ ആയ സ്രവം വരിക, മൂക്ക് അടഞ്ഞതായോ തടസം തോന്നുകയോ ചെയ്യുക, മുഖത്തിന്റെ ഒരു ഭാഗത്ത് വേദന, തരിപ്പ്, വീക്കം എന്നിവ ഉണ്ടാവുക, അണ്ണാക്ക്, മൂക്കിന്റെ പാലം എന്നിവിടങ്ങിൽ കറുപ്പ് കലര്‍ന്ന നിറവ്യത്യാസം, പല്ലുവേദന, പല്ല് കൊഴിയൽ, മങ്ങിയ കാഴ്ച, താടിയെല്ലിന് വേദന, തൊലിപ്പുറത്ത് ക്ഷതം, ശ്വാസമെടുക്കാൻ ബുദ്ധിമുട്ട്, നെഞ്ച് വേദന തുടങ്ങിയവ ബ്ലാക്ക് ഫംഗസിന്റെ ലക്ഷണങ്ങളാണ്.
ഫംഗസ് ബാധയേറ്റാൽ കാഴ്ച നഷ്ടപ്പെടുകയോ മരണം വരെ സംഭവിക്കുകയോ ചെയ്യാം. പ്രതിരോധ ശേഷി കുറഞ്ഞവര്‍, പ്രമേഹരോഗം അനിയന്ത്രിതമായ നിലയിലുള്ളവര്‍, കാൻസര്‍ രോഗികൾ, അവയവമാറ്റം നടത്തിയവര്‍, ഐസിയുവിൽ ദീര്‍ഘനാൾ കഴിഞ്ഞവര്‍ എന്നിവരിലാണ് ഫംഗസ് ഭീഷണിയുള്ളത്.