ജയ്പൂര്‍: കൊവിഡ് ബാധിച്ച ബിജെപി നേതാവും എംഎല്‍എയുമായ കിരണ്‍ മഹേശ്വരി (59) മരിച്ചു. രാജസ്ഥാനിലെ രാജസമന്ദ് എംഎല്‍എയാണ് മരിച്ച കിരണ്‍ മഹേശ്വരി. ഗുഡ്ഗാവിലെ ആശുപത്രിയില്‍ വെച്ച് ഞായറാഴ്ച രാത്രിയാണ് മരിച്ചത്.
മൂന്ന് പ്രാവശ്യം രാജ്‌സമന്ദിലെ എംഎല്‍എ ആയിരുന്നു കിരണ്‍ മഹേശ്വരി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മെദന്ദ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
കിരണ്‍ മഹേശ്വരിയുടെ നിര്യാണത്തില്‍ ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്, നിയമസഭാ സ്പീക്കര്‍ സി പി ജോഷി, ബിജെപി സംസ്ഥാന പ്രസിഡന്റ് സതീഷ് പൂനിയ, മറ്റ് നേതാക്കള്‍ എന്നിവര്‍ അനുശോചിച്ചു.
‘ബിജെപി നേതാവും രാജ്‌സമന്ദ് എംഎല്‍എയുമായ കിരണ്‍ മഹേശ്വരി ജിയുടെ അകാല നിര്യാണത്തില്‍ ഖേദമുണ്ട്. ഈ വിഷമഘട്ടത്തില്‍ അവരുടെ കുടുംബാംഗങ്ങളുടെ വിഷമത്തില്‍ പങ്കുചേരുന്നു’, ഗെലോട്ട് ട്വീറ്റ് ചെയ്തു. കോണ്‍ഗ്രസ് എംഎല്‍എ കൈലാഷ് ത്രിവേദി കഴിഞ്ഞദിവസം കൊവിഡ് ബാധിച്ച് മരിച്ചിരുന്നു.