ന്യൂഡൽഹി: ബിജെപി വക്താവും ഭാര്യയും കാറപകടത്തിൽ മരിച്ചു. യുവമോർച്ചയുടെ ഡൽഹി വക്താവ് സന്ദീപ് ശുക്ല (45), ഭാര്യ അനിത (42) എന്നിവരാണ് മരിച്ചത്. ഇവരുടെ മൂന്ന് മക്കൾ ഉൾപ്പെടെ അഞ്ച് പേർക്ക് അപകടത്തിൽ പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ആഗ്രാ- ലലഖ്നൗ എക്‌സ്പ്രസ്‌വേയിൽ താതിയ എന്ന പ്രദേശത്താണ് അപകടം ഉണ്ടായത്.
ഞായറാഴ്ച രാവിലെയോടെയാണ് അപകടമുണ്ടായതെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്. അമിത വേഗതയിലെത്തിയ ട്രക്ക് സന്ദീപ് ശുക്ലയും കുടുംബവും സഞ്ചരിച്ചിരുന്ന കാറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട് ഡിവൈഡറിലിടിച്ചതാണ് അപകട കാരണം. സന്ദീപ്, അനിത എന്നിവർക്കൊപ്പം ഇവരുടെ മൂന്ന് ആൺകുട്ടികളും രണ്ട് ബന്ധുക്കളുമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.
അപകടം സംഭവിച്ച ഉടൻ തന്നെ ഇവരെയെല്ലാവരെയും തിർവ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും സന്ദീപും അനിതയും മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിക്കുകയായിരുന്നു. പുലർച്ചെ 4.30 ഓടെയാണ് അപകടമുണ്ടായതെന്ന് താതിയ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ രാജ് കുമാർ പറഞ്ഞു. വിവരമറിഞ്ഞ ഉടൻ തന്നെ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിയിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.
സന്ദീപിന്‍റെ മക്കളായ സിദ്ധാർഥ് (10), അഭിനവ് (6), ആരവ് (3) ബന്ധുക്കളായ അമിത് കുമാർ (19), ആര്യൻ ശർമ (23) എന്നിവർ പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. ബന്ധുവിന്‍റെ വിവാഹ ചടങ്ങിൽ പങ്കെടുക്കാനായി പ്രതാപ് ഘട്ടിലേക്ക് പോകവെയാണ് അപകടം ഉണ്ടായത്.