ബാങ്കിംഗ് റെഗുലേഷൻ ഭേദഗതി ബില്ല് 2020 പാസാക്കി: നിക്ഷേപകരുടെ താൽപ്പര്യം സംരക്ഷിക്കും
Banking Regulation Amendment Bill 2020 Passed: Protects Investors' Interest
ദില്ലി: ബാങ്കിംഗ് റെഗുലേഷൻ ഭേദഗതി ബില്ല് 2020 രാജ്യസഭ പാസാക്കി. വർഷകാല സമ്മേളനത്തിന്റെ ഒമ്പതാം സെഷനിലാണ് ബില്ല് പാസാക്കിയിട്ടുള്ളത്. കഴിഞ്ഞ ഒന്നര വർഷമായി നിരവധി സഹകരണ ബാങ്കുകൾ സാമ്പത്തിക പ്രതിസന്ധിയിലായതോടെ ഈ ബില്ല് പ്രാധാന്യമർഹിക്കുന്നതാണെന്നാണ് ധനകാര്യമന്ത്രി നിർമലാ സീതാരമൻ ചൂണ്ടിക്കാണിച്ചത്. നിക്ഷേപകരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടിയുള്ളതാണ് പ്രസ്തുത ബില്ലെന്നും മന്ത്രി രാജ്യസഭയിൽ വ്യക്തമാക്കി. സഭ ആരംഭിച്ചതോടെ നിർമലാ സീതാരാമനാണ് ബാങ്കിംഗ് റെഗുലേഷൻ പ്രമേയം അവതരിപ്പിച്ച് ബില്ലിനെക്കുറിച്ചുള്ള ചർച്ചയ്ക്ക് തുടക്കം കുറിച്ചത്.
ഇതിന് പുറമേ അവശ്യവസ്തുുഭേദഗതി ബില്ല് 2020, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ഓഫ് നിയമ ഭേദഗതി, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി ആക്ട് 2014, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി പബ്ലിക് പ്രൈവറ്റ് പാർട്ട്ടണർഷിപ്പ് ഭേദഗതി ആക്ട് എന്നിവയും ഭേദഗതി വരുത്തിയിട്ടുണ്ട്.
രാജ്യത്തെ അഞ്ച് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളദികൾ സ്വകാര്യ- പൊതു പങ്കാളിത്തത്തിന് കീഴിൽ രൂപീകരിക്കാനാണ് നിയമഭേദഗതി. ഇതോടെ സൂറത്ത്, ഭോപ്പാൽ, ഭഗൽപ്പൂർ, അഗർത്തല, റായ്ച്ചൂർ എന്നിവിടങ്ങളിലെ സ്ഥാപനങ്ങളെ ദേശീയ പ്രാധാന്യത്തോടെ ഉയർത്തിക്കൊണ്ടുവരികയും ചെയ്യും.
അതേ സമയം നിർണായക നീക്കങ്ങൾ സഭയിൽ നടക്കുന്നതിനിടെ കോൺഗ്രസ് എംപിയും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ചീഫ് വിപ്പുമായ ജയ്റാം രമേശ് വർഷകാല സമ്മേളനം ബഹിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. എന്തുകൊണ്ടാണ് പ്രതിപക്ഷം വർഷകാലം ബഹിഷ്കരിക്കുന്നത് എന്നതിന് ഏഴ് കാരണങ്ങളും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നുണ്ട്.