India

അന്താരാഷ്ട്ര വിമാന സർവീസുകളുടെ വിലക്ക് വീണ്ടും നീട്ടി; സെപ്റ്റംബർ 30വരെയാണ് വിലക്ക്

Ban on international flights extended again; The ban lasts until September 30

ന്യൂഡൽഹി: പ്രതിദിന കൊവിഡ്-19 കേസുകൾ കുറഞ്ഞെങ്കിലും രാജ്യത്തിനകത്തേക്കും പുറത്തേക്കുമുള്ള അന്താരാഷ്ട്ര വിമാന സർവീസുകളുടെ വിലക്ക് കേന്ദ്ര സർക്കാർ നീട്ടി. സെപ്റ്റംബർ 30വരെയാണ് വിലക്ക് നീട്ടിയിരിക്കുന്നത്. കൊവിഡിൻ്റെ മൂന്നാം തരംഗസാധ്യതകൾ മുന്നിൽ കണ്ടാണ് ഡിജിസിഎയുടെ നിർണായക തീരുമാനം.

കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഏർപ്പെടുത്തിയിരുന്ന വിലക്ക് ഓഗസ്റ്റ് 31ന് അവസാനിക്കാനിരിക്കെയാണ് സെപ്റ്റംബർ വരെ വിലക്ക് നീട്ടിയത്. അന്തരാഷ്ട്ര കാർഗോ വിമാനങ്ങളെയും ഡിജിസിഎ അംഗീകാരമുള്ള ചില വിമാന സർവീസുകളെയും വിലക്കിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കൊവിഡ് കേസുകളുടെ എണ്ണവും സാഹചര്യവും പരിഗണിച്ച് പിന്നീട് കൂടുതൽ തീരുമാനങ്ങൾ കൈക്കൊള്ളുമെന്ന് അധികൃതർ വ്യക്തമാക്കി.

കൊവിഡ് നിയന്ത്രണങ്ങൾ നിലവിൽ വന്നതോടെ കഴിഞ്ഞ വർഷം മാർച്ച് 23നാണ് അന്താരാഷ്ട്ര വിമാന സർവീസുകൾക്ക് വിലക്ക് നിലവിൽ വന്നത്. വിലക്ക് നിലവിൽ വന്നതോടെ വിവിധ രാജ്യങ്ങളിൽ ആളുകൾ കുടുങ്ങി കിടക്കുന്ന സാഹചര്യം ഉണ്ടായതോടെ ഇന്ത്യൻ വ്യോമയാന മന്ത്രാലയം 28 രാജ്യങ്ങളുമായി എയർ ബബിൾ ഉടമ്പടിയിൽ ഏർപ്പെട്ടിരുന്നു. ഈ മാർഗത്തിലൂടെ ആയിരക്കണക്കിന് യാത്രക്കാരാണ് സഞ്ചരിച്ചത്.

രാജ്യത്ത് കൊവിഡ് കേസുകൾ കുറവ് സംഭവിച്ച സാഹചര്യത്തിൽ ആഭ്യന്തര യാത്രകൾക്കുള്ള കൊവിഡ് മാർഗനിർദേശങ്ങൾ കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം പുതുക്കിയിരുന്നു. വിമാനം, റോഡ്, ജലഗതാഗതം എന്നീ യാത്ര സംവിധാനങ്ങളെ ഉൾക്കൊള്ളിച്ചാണ് പുതിയ മാർഗനിർദേശം പുറത്തിറക്കിയത്.

കൊവിഡ് പ്രതിരോധ വാക്സിൻ്റെ രണ്ട് ഡോസ് സ്വീകരിച്ചവർക്ക് രോഗലക്ഷണങ്ങൾ ഇല്ലെങ്കിൽ ആഭ്യന്തര യാത്ര നടത്താൻ കഴിയും. രണ്ട് ഡോസും സ്വീകരിച്ച് 15 ദിവസത്തിന് ശേഷം മാത്രമാണ് യാത്ര ചെയ്യാൻ അനുമതിയുള്ളത്. ഇവർക്ക് ആർടി പിസിആർ, ആൻ്റിജൻ പരിശോധനകൾ ആവശ്യമില്ല. വിമാന യാത്രയിൽ പിപിഇ കിറ്റ് ധരിക്കേണ്ടതില്ലെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ നിർദേശത്തിൽ വ്യക്തമാക്കുന്നുണ്ട്. നിലവിൽ മൂന്ന് സീറ്റുകളുടെ നിരയിൽ നടുവിൽ ഇരിക്കുന്ന യാത്രക്കാരൻ പിപിഇ കിറ്റ് ധരിക്കണമെന്ന നിർദേശം നൽകിയിരുന്നു.

ആഭ്യന്തര യാത്രകള്‍ക്ക് വിവിധ സംസ്ഥാനങ്ങള്‍ വിവിധ മാനദണ്ഡങ്ങള്‍ നിശ്ചയിച്ചതിൻ്റെ പശ്ചാത്തലത്തിലാണ് കേന്ദ്രത്തിൻ്റെ പുതിയ നിർദേശങ്ങൾ ഉണ്ടായിരിക്കുന്നത്. കൊവിഡ് കേസുകൾ കുറയുന്ന പശ്ചാത്തലത്തിൽ ആഭ്യന്തര യാത്രകൾക്ക് വിലക്ക് ഏർപ്പെടുത്താൻ പാടില്ലെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇന്ന് രാവിലെ പുറത്തുവിട്ട കണക്കുകൾ പ്രകാരം 45,083 പുതിയ കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്ത് സ്ഥിരീകരിച്ച ആകെ കൊവിഡ് കേസുകളുടെ എണ്ണം 3.26 കോടി ആയി ഉയർന്നു. രാജ്യത്ത് ഇന്നലെ 17,55,327 പരിശോധന നടത്തിയിരിക്കുന്നത്. 51 കോടി പരിശോധനയാണ് ഇതുവരെ രാജ്യത്ത് നടത്തിയിരിക്കുന്നത്. പുതിയതായി 460 കൊവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയതതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണസംഖ്യ 4,37,830 ആയി ഉയർന്നു.

Source link

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button